ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് പ്രയോജനപ്പെടുത്തണമെന്ന് ഷാർജ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എമിറേറ്റുകളിലെ പൊലീസ് അറിയിച്ചു. വാഹനങ്ങൾ പിടിച്ചെടുത്തതിനും ബ്ലാക്ക് പോയിന്‍റുകൾക്കുമുളള പിഴകൾക്കും ഈ ഇളവ് ബാധകമാണ്.
ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയോ പൊലീസ് മൊബൈല്‍ ആപ്പ് വഴിയോ പിഴ അടക്കാവുന്നതാണ്. യുഎഇയുടെ 53-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ഗുരുതരമായ നിയമലംഘനങ്ങൾക്കും കാലാവധി കഴിഞ്ഞതിന് ശേഷമുള്ള പിഴയടയ്ക്കലുകൾക്കും ഇളവ് ബാധകമല്ല. ഓരോ എമിറേറ്റിലും ഇളവിനുള്ള സമയ പരിധി വ്യത്യസ്തമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
ഒരോ എമിറേറ്റിലും ഇളവിനുള്ള സമയ പരിധി:
അജ്മാന്‍: ഒക്ടോബർ 31 വരെ ലഭിച്ച പിഴകളിൽ 50% ഇളവ് ലഭ്യമാണ്. നവംബർ 4 മുതൽ ഡിസംബർ 15 വരെ പിഴ ഇളവോടുകൂടി അടക്കാവുന്നതാണ്.
റാസല്‍ ഖൈമ: ഡിസംബർ 1 ന് മുമ്പ് ലഭിച്ച പിഴകളിൽ ഇളവ് ബാധകം. ഡിസംബർ 2 മുതൽ ഡിസംബർ 31 വരെ പിഴ ഇളവോടെ അടക്കാം.
ഉമ്മുല്‍ ഖുവൈന്‍: ഡിസംബർ 1 ന് മുമ്പ് ലഭിച്ച പിഴകൾക്ക് ഇളവ് ബാധകം. ഡിസംബർ 1 മുതൽ ജനുവരി 5 വരെ ഈ ഇളവിന് സാധ്യത.
ഫുജൈറ: ഡിസംബർ 1ന് മുമ്പ് ലഭിച്ച പിഴകളിൽ 50% ഇളവ് ലഭ്യമാണ്. ഡിസംബർ 2 മുതൽ ജനുവരി 23 വരെ ഇളവോടുകൂടി പിഴ അടയ്ക്കാവുന്നതാണ്.
ഇളവിനുള്ള സമയപരിധി കഴിഞ്ഞാൽ പിഴയുടെ മുഴുവന്‍ തുക അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.