ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ എക്മോ മെഷീൻ എത്തിച്ചു. ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനങ്ങൾ താൽക്കാലികമായി ഏറ്റെടുത്ത് ഒരാളുടെ ജീവന് പിന്തുണയേകുന്ന സംവിധാനമാണിത്.
ഗുരുതരമായതും ജീവൻ അപകട പെടുത്തുന്നതുമായ അവസ്ഥകളുള്ള രോഗികളെ സഹായിക്കുന്നതിന് ഈ യന്ത്രം ഉപയോഗിക്കുന്നു. കടുത്ത ഹൃദയപരാജയം സംഭവിച്ചവരിൽ ഓക്‌സിജൻ അടങ്ങിയ രക്തം ശരീരത്തിലേക്ക് പമ്പുചെയ്‌ത് എക്‌മോ ഹൃദയത്തെ പിന്തുണയ്ക്കുന്നു. 60.5 ലക്ഷം രൂപയാണ് ഈ സംവിധാനത്തിൻ്റെ വില. യന്ത്രം ശനിയാഴ്‌ച കാത്ത് ലാബിൽ ക്രമീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ് (ഐഎബിപി) ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഈ യന്ത്രം ഉപയോഗിച്ച് ശരീരത്തിലേക്ക് കൂടുതൽ രക്തം പമ്പുചെയ്യാനാകും. ഹൃദയത്തിൻ്റെ വിശ്രമഘട്ടത്തിലും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തയോട്ടം മെച്ചപ്പെടുത്തുന്നതും ഈ യന്ത്രത്തിൻ്റെ സഹായത്താലാണ്. പരിശീലനം പൂർത്തിയാക്കിയ വിദഗ്‌ധ ഡോക്‌ടർമാരും നഴ്‌സുമാരും സേവനത്തിന് സന്നദ്ധരായുണ്ട്.
രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ഡിസംബർ ഒന്നിനാണ് എറണാകുളം ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് ലഭിച്ചത്.