ഒമാനെയും യു.എ.ഇയെയും തമ്മിൽ ബന്ധിക്കുന്ന റെയിൽ പദ്ധതി വൈകാതെ നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്കുകളുടെയും യാത്രക്കാരുടെയും സുഗമമായ ഒഴുക്കിന് വഴി തുറക്കുന്ന പാത ഇനി ‘ഹഫീത് റെയിൽ’ എന്നാണ് അറിയപ്പെടുക. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റെയിൽവേ കടന്നുപോകുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് പേര് നൽകപ്പെട്ടിരിക്കുന്നത്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു.
മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബുദാബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗതയിൽ വരെ സഞ്ചരിക്കും. പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബുദാബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും.
പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്രാ രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 282,000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. ഒമാന്റെ വടക്കൻ തീരത്തുള്ള നഗരമായ സുഹാറും തല സ്ഥാനമായ മസ്‌കറ്റും തമ്മിൽ 192 കി.മീറ്റർ ദൈർഘ്യമാണുള്ളത്.
റെയിൽപാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ യു.എ.ഇയിൽ നിർമാണം പൂർത്തിയായ ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഹഫീത് പാത രൂപപ്പെടുക.