കരള്‍ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ്. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യ പരിരക്ഷയില്‍ പ്രധാന പങ്ക് വഹിക്കുന്ന ധാരാളം കര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. അതിനാല്‍ കരളിൻ്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ‘ഹെപ്പറ്റൈറ്റിസ്’ അഥവാ മഞ്ഞപ്പിത്തം എന്ന് അറിയപ്പെടുന്നത് .
രക്തത്തിലെ ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. കരള്‍ കോശങ്ങളുടെ നശീകരണം സംഭവിക്കാന്‍ ചില പ്രത്യേകതരം വൈറസുകള്‍ കാരണമാകുന്നു. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയും ആണ് ഇവ ശരീരത്തിൽ എത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം.
ഹെപ്പറ്റൈറ്റിസ് -എ, ഈ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നു പിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍ കൂടിയും രക്തത്തിലെ ഘടകങ്ങളില്‍ കൂടിയുമാണ്. ദീര്‍ഘകാല കരള്‍ രോഗമുണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവര്‍ സീറോസിസും കരളിലെ അര്‍ബുദ ബാധയുമുണ്ടാകുന്നു.
മഞ്ഞപ്പിത്തത്തിന്‍റെ (Jaundice) ലക്ഷണങ്ങള്‍
ചർമ്മത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, പനി, വിശപ്പില്ലായ്‌മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട് എന്നിവയാണ് മഞ്ഞപ്പിത്തത്തിൻ്റെ മുഖ്യലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.
ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കേണ്ടി വരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചില മുൻകരുതലുകൾ എന്തൊക്കെയാണെന്ന് മനസിലാക്കണം..
ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങി കുടിക്കാതിരിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക.
ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.
ഉയർന്ന അളവിൽ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവിൽ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. തൊലിയോടു കൂടിയ ധാന്യങ്ങളും കഴിക്കാം.
ഓട്‌സിലെ ബീറ്റാഗ്ലൂക്കൺ കരളിൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിനൊപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കും.
തക്കാളി, പപ്പായ, തണ്ണിമത്തൻ, മധുരനാരങ്ങ, കാരറ്റ് എന്നിവയിൽ ലൈകോപീൻ, ബീറ്റാകരോട്ടിൻ എന്നിവ കൂടിയ അളവിലുണ്ട്. ഇവ കരളിൻ്റെ സംരക്ഷണം ഉറപ്പാക്കുന്നു.
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്‌ധ ഡോക്ടറുടെ സേവനം തേടണം. അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.