മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധി എഴുതി, അവയവദാന ശസ്ത്രക്രിയക്കിടെ രോഗി അപ്രതീക്ഷിതമായി ഉണർന്നു. സംഭവത്തിൽ, യു.എസ്. ആരോഗ്യപ്രോട്ടോക്കോളുകൾക്കെതിരെ ആശങ്കകൾ ഉയരുന്നിരിക്കുകയാണ്. കെൻറക്കിയിലെ ബാപ്റ്റിസ്റ്റ് ഹെൽത്ത് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയിരുന്ന 36 കാരനായ ആന്റണി തോമസ് “ടിജെ” ഹൂവർ ആണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ച ശേഷം ജീവിതത്തിലേക്ക് തിരികെ വന്നത്.
ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൂവറിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്‍തിരുന്നു. ഹൂവറിന്റെ ആഗ്രഹപ്രകാരം അവയവദാനം നടപടിക്രമങ്ങൾക്കായി ഡോക്ടർമാർ തയ്യാറെടുക്കുന്നതിനിടെയാണ് രോഗി ബോധത്തിലേക്ക് തിരിച്ചുവന്നത്.
അവയവദാനത്തിനായി ശരീരത്തിൽ മാർക്ക് ചെയ്യുന്ന സമയത്ത് ഹൂവർ കണ്ണ് തുറന്നുവെന്നും മറ്റു ദിശയിലേക്ക് നോക്കിയതായും ഡോക്ടർമാർ ആദ്യമുറപ്പിച്ചിരുന്നെങ്കിലും, ഇത് മരിച്ചശേഷം സംഭവിക്കുന്ന സാധാരണ പ്രതിപ്രവർത്തനമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പക്ഷേ, തുടർന്നുണ്ടായ ശരീരചലനങ്ങൾ ഡോക്ടർമാരെ ഞെട്ടിച്ച സാഹചര്യത്തിലാണ് അവയവദാനം തടസ്സപ്പെട്ടതും അദ്ദേഹം മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതും.
ഇപ്പോൾ ഹൂവർ സംസാരിക്കാനും ഓർമ്മവീണ്ടെടുക്കാനും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സംഭവം യുഎസിലെ മസ്തിഷ്ക മരണം പ്രഖ്യാപനം സംബന്ധിച്ച പ്രോട്ടോക്കോളുകൾക്കിടയിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും അവയവദാന സംവിധാനത്തെക്കുറിച്ചും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ ഫെഡറൽ ഹെൽത്ത് റിസോഴ്സസ് ആൻഡ് സർവീസസ് അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.