ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മികച്ച നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ, പുതിയ റിപ്പോര്‍ട്ടുകൾ പ്രകാരം സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. തായ്‌ലന്റിലെ ബാങ്കോക്കിന് ശേഷം ടോക്കിയോയും ലൈംഗിക ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായി മാറിയതായി ജപ്പാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ജാപ്പനീസ് കറന്‍സിയായ യെന്‍ മറ്റു രാജ്യങ്ങളുടെ കറന്‍സികളോട് ദുര്‍ബലമായതും ശക്തമായ ഇന്‍ബൗണ്ട് ടൂറിസവും ടോക്കിയോയില്‍ സെക്‌സ് ടൂറിസം വര്‍ധിക്കാന്‍ വഴിയൊരുക്കിയ ഘടകങ്ങളാണ്. ചൈന അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാർ ലൈംഗിക ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിനായി ടോക്കിയോയിലേക്ക് എത്തുന്നതായി ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി ജാപ്പനീസ് സ്ത്രീകളെ ലൈംഗിക വ്യവസായത്തിലേക്ക് എത്തിച്ചുകയറ്റിയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. കടങ്ങൾ വീട്ടാനും പരിമിതമായ വരുമാന സ്രോതസ്സുകൾ കണ്ടെത്താനുമുള്ള മാർഗമായാണ് സ്ത്രീകളെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിച്ചത്.
അനധികൃതമായ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ ജാപ്പനീസ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. രാജ്യവ്യാപകമായി 350 ഓളം സ്ഥാപനങ്ങളുമായി കരാറുകൾ ഒപ്പുവെച്ച് സ്ത്രീകളെ റിക്രൂട്ട് ചെയ്ത സംഘത്തിലെ അഞ്ച് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
“വിദേശികളായ പുരുഷന്മാർക്ക് യുവതികളെ ലഭ്യമാക്കുന്ന ഒരു രാജ്യമായി ജപ്പാൻ മാറിയിരിക്കുകയാണ്,” എന്ന് ലൈസർ കൗൺസിൽ പ്രൊട്ടക്ട് യൂത്ത്‌സ് സെക്രട്ടറി ജനറൽ യോഷിഹിഡെ തനക പറഞ്ഞു. ഇത് ജാപ്പനീസ് സ്ത്രീകളുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളി ഉയർത്തുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.