| രാഹുൽ കൃഷ്ണൻ
ഒരു കല അല്ലെങ്കിൽ ആവിഷ്കാരം, കലാകാരൻ പുറത്തിറക്കി കഴിഞ്ഞാൽ പിന്നെയത് ആസ്വാദകൻ്റെതാണ്. ആസ്വാദകരുടെ പെർസ്പെക്ടീവിലാണ് സൃഷ്ടി വളരുന്നത്. ചിലയിടത്ത് നെഗറ്റീവ് റിവ്യൂസ് കാണുന്നതു കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു എഴുത്ത്. മലയാള സിനിമ കണ്ട നല്ല ഒന്നാന്തരം ക്രാഫ്റ്റ് ആണ് ‘കനകം കാമിനി കലഹം’ എന്ന് ആദ്യമേ പറയട്ടെ..
ചിത്രം കണ്ടവർ മാത്രം തുടർന്നങ്ങോട്ടു വായിക്കുക.- ‘ഹിൽ ടോപ്’ എന്ന ഹോട്ടൽ ഒരു രാജ്യമാണ്. ആ രാജ്യത്തിന് നിങ്ങളുടെ രാജ്യവുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികമല്ല മനപൂർവ്വം മാത്രമാണ്. തൻ്റെ രാജ്യമാണ് ‘ടോപ്’ എന്ന് വിചാരിക്കുന്ന ഈ ലോകത്തെ എല്ലാവർക്കും വേണ്ടിയുളളതാണ് ‘ഹിൽ ടോപ്’ എന്ന പേരു പോലും.
ഹോട്ടലിൻ്റെ റിസപ്ഷനിലും ലോബിയിലുമാണ് ക്യാമറ മിക്കപ്പോഴും. കമ്മല് കാണാതായതിലെ വാദപ്രതിവാദങ്ങളാണ് ലൈംലൈറ്റിൽ. ഈ ലൈം ലൈറ്റാണ് നമ്മുടെ നാട്ടിലെ മീഡിയകളുടെ പ്രൈം ടൈം. കമ്മല് കാണാതായതു പോലുള്ള ഫാബ്രിക്കേറ്റഡ് സ്റ്റോറികളാണ് ലൈം ലൈറ്റിൽ അഥവാ പ്രൈം ടൈമിൽ. നമ്മുടെ പ്രൈം ടൈമുകൾ പോലെ തന്നെ ആവിഷ്കാരസ്വാതന്ത്ര്യം മുതൽ ജാതി, മതം, പൊളിറ്റിക്കൽ കറക്ട്നെസ്, നെപോട്ടിസം തുടങ്ങി സെലിബ്രിറ്റി ഇമേജും ഒളിക്യാമറയും വരെ ചർച്ചയാവുന്നുണ്ട് ഹോട്ടൽ ലോബിയിലും.
130 കോടി ജനങ്ങളുള്ള മഹാരാജ്യത്തെ പല ജീവിതങ്ങൾ പല നിലകളിലായി ഹിൽ ടോപിലുണ്ട്. അവരുടെ ഫ്ലഷ് വർക്കാവത്തതോ ചൂടുവെളളം കിട്ടാത്തതോ ആയ നിരവധി പരാതികളുമുണ്ട്. ചർച്ചയ്ക്കാരോ ഹോട്ടൽ സ്റ്റാഫോ പുച്ഛത്തോടെയിരുന്ന് കേട്ട ഭാവം പോലും നടിക്കാത്ത പരാതികൾ. ആര്യൻഖാനെ പ്രൈം ടൈമിൽ രണ്ടു മാസം ചർച്ച ചെയ്ത മീഡിയകൾ, അമിതാബ് ബച്ചൻ വീടു വാങ്ങിയതും വിരാട് കോലി കാറ് വാങ്ങിയതും വാർത്തയാക്കുന്ന മാധ്യമങ്ങൾ, കങ്കണയുടെ ട്വീറ്റും ഇൻഡ്യാ പാക്ക് ക്രിക്കറ്റ് മാച്ചും പത്തു പന്ത്രണ്ടു പേരെ പാനലിൽ വച്ച് ചർച്ച ചെയ്യുന്ന അർണബുമാർ, അവരെന്നെങ്കിലും ഈ രാജ്യത്തിൻ്റെ അടിസ്ഥാന പ്രശ്നങ്ങളായ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ പ്രൈം ടൈമിൽ ചർച്ച ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. ഞാൻ കണ്ടിട്ടില്ല.
ഈ ബഹളത്തിനിടയിലും ലോബിക്ക് തൊട്ടപ്പുറത്ത് ബാറിലിരുന്ന് മദ്യപിക്കുന്ന വലിയൊരു വിഭാഗമുണ്ട്. നമ്മളിൽ പലരെയും അവിടെ കാണാം. വെറുതെ ബഹളമുണ്ടാക്കി ലൈംലൈറ്റിൽ നിൽക്കുന്ന പളുങ്കു കുപ്പായക്കാരനോട് ചൂടു വെള്ളം കിട്ടുന്നില്ലെന്ന ന്യായമായ പരാതി പറയുന്നത് ഹോട്ടൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫെന്ന് തെറ്റിദ്ധരിച്ചാണ്. എന്തുമാത്രം കൃത്യമായാണ് ഈ ചിത്രം സാമൂഹിക യാഥാർത്ഥ്യങ്ങളെ തുറന്നു കാണിച്ചിരിക്കുന്നത്.
ഒടുവിൽ ഹോട്ടൽ മാനേജരോട് പരാതി പറയുമ്പോൾ കിട്ടുന്നതാണ് ക്ലാസിക്കൽ മറുപടി, ‘വലത്തോട്ടോ ഇടത്തോട്ടൊ തിരിച്ചു നോക്കു ചിലപ്പോ ചൂടു വെളളം വരും’. വലത്തോ ഇടത്തോ കുത്തിക്കോ ചെലപ്പോ ശരിയാവും എന്ന ടിപ്പിക്കൽ അരാഷ്ട്രീയ മറുപടി. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനു’ശേഷം വരുന്ന രതീഷ് ബാലകൃഷ്ണൻ്റെ ചിത്രമാണ് ‘കനകം കാമിനി കലഹം’. ഒന്നാന്തരം പൊളിറ്റിക്കൽ സറ്റയർ.



