കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നറിയപ്പെടുന്ന റഫേല്‍ നദാലിന്റെ രാജകീയ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ടെന്നീസ് ലോകം. ഈ വർഷം ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ഏറ്റ പരിക്ക് ഭേദമായി നദാല്‍ തിരിച്ചു വരവ് നടത്തുമെന്നാണ് ടെന്നീസ് ആരാധകര്‍ക്കൊപ്പം മുന്‍ ലോക ചാംപ്യന്‍ റോജര്‍ ഫെഡററും പ്രതീക്ഷിക്കുന്നത്.
ഒരു പക്ഷെ നദാലിന് കളിക്കാനായില്ലെങ്കില്‍ ഫ്രഞ്ച് ഓപ്പണ്‍ ‘ക്രൂരമായ തിരിച്ചടി’യാവും അതെന്ന് ഫെഡറര്‍ അഭിപ്രായപ്പെട്ടു.നദാല്‍ തിരിച്ചു വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറര്‍ പറഞ്ഞു. കൂടുതൽ മല്‍സരങ്ങള്‍ അടുത്തിടെ കളിക്കാത്ത നൊവാക് ജോക്കോവിച്ചും കരുത്തോടെ റോളണ്ട് ഗാരോസില്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലെന്നും ഫെഡറര്‍ പറഞ്ഞു.
ഈ മാസം 28 നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുക. 2005 ല്‍ കീരീട നേട്ടത്തോടെ ഫ്രഞ്ച് ഓപ്പണില്‍ അരങ്ങേറ്റം കുറിച്ച നദാല്‍ തുടര്‍ന്നുള്ള എല്ലാ ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്. ജനുവരിയില്‍ ഇടുപ്പിനേറ്റ പരിക്ക് മൂലം വിശ്രമത്തിലുള്ള താരം ഈയാഴ്ച ഇറ്റാലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന മാഡിഡ് ഓപ്പണും നദാല്‍ ഒഴിവാക്കിയിരുന്നു.



