| ജിതേഷ് മംഗലത്ത്
വർഷങ്ങൾക്കു മുമ്പ് സല്ലാപത്തിന്റെ അവിശ്വസനീയമായ വിജയത്തിനും,അതു നേടിയ ക്രിട്ടിക്കൽ അപ്രീസിയേഷനും ശേഷം സുന്ദർദാസെന്ന സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രമായ കുടമാറ്റത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നതിനു തൊട്ടു മുൻപെ സല്ലാപത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ലോഹിതദാസ് ഒരു കാര്യം തന്നെ ഓർമ്മിപ്പിച്ചിരുന്നതായി സുന്ദർദാസ് പറയുന്നുണ്ട്.ആദ്യത്തെ സിനിമയല്ല,രണ്ടാമത്തെ സിനിമയാണ് ഒരു സംവിധായകനെ നിർവ്വചിക്കുന്നത് എന്നായിരുന്നു ആ ഓർമ്മപ്പെടുത്തൽ.
ആദ്യനേട്ടം ഒരു ഫ്ലൂക്കായിരുന്നില്ല എന്നു തെളിയിക്കേണ്ടത് കന്നിസംരംഭം വിജയിപ്പിച്ച ഓരോ കലാകാരന്റെയും അനിവാര്യതയാണ്.ആദ്യത്തെ പ്രൊജക്ടിന്റെ വിജയമെത്രത്തോളം വലുതായിരുന്നോ,അത്രത്തോളം ബുദ്ധിമുട്ടേറിയതായിരിക്കും അറ്റ് പാർ എന്ന നിലയിലെങ്കിലും എത്തിക്കാവുന്ന ഒരു സെക്കന്റ് ഇന്നിങ്സ് കളിക്കുന്നത്.പൃഥിരാജ് സുകുമാരനെന്ന സംവിധായകൻ ആ ബുദ്ധിമുട്ടേറിയ കാര്യം താരതമ്യേന അനായാസമായിത്തന്നെ നിർവ്വഹിച്ചിരിക്കുന്നു എന്നു വേണം കരുതാൻ.
ഒരഭിനേതാവെന്ന നിലയിൽ തന്റെ ഏറ്റവും ദുർബലമായ ഴോണറിൽ അയാൾ സൃഷ്ടിച്ച ബ്രോ ഡാഡി,ലൂസിഫറിന്റെ ഹൈവോൾട്ടേജ് മാത്രമല്ല തനിക്ക് കൈകാര്യം ചെയ്യാനാവുന്നത് എന്നു കൂടി തെളിയിക്കുന്നു.
വിന്റേജ് മോഹൻലാലിന്റെ റിഹാഷ് എന്ന നിലയിലല്ലാതെത്തന്നെ അയാളിലെ എഫർട്ട്ലെസ്സ് ആക്ടിംഗ് ശൈലിയെ പൃഥ്വിയെന്ന സംവിധായകൻ കൗശലപൂർവ്വം എൻകാഷ് ചെയ്യുന്നുണ്ട്. ഭയപ്പെട്ടിരുന്നതു പോലെ അയാളുടെ മുഖാഭിനയത്തിലെ ലളിതഭാവങ്ങൾ എന്നെന്നേക്കുമായൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നൊരു സന്തോഷകരമായ തിരിച്ചറിവു കൂടി ബ്രോ ഡാഡി നൽകുന്നുണ്ട്.തന്റെ സോണിൽ അയാൾ അനായാസം സ്കോർ ചെയ്യുന്നുമുണ്ട്.എടുത്തുപറയേണ്ടുന്ന മറ്റൊരു പെർഫോമൻസ് ലാലു അലക്സിന്റേതാണ്. എന്തിനെന്നോ,ഏതിനെന്നോ അറിയാതെ ആ നടന്റെ തിരസാന്നിദ്ധ്യം നഷ്ടപ്പെട്ട കുറേ നാളുകൾക്കു ശേഷം ലാലുവിന്റെ ഗംഭീരമായ ഒരു തിരിച്ചുവരവാണ് ബ്രോ ഡാഡി.
ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടു തുടങ്ങിയതുകൊണ്ടു തന്നെ ബ്രോ ഡാഡി ലോഫ് റയട്ടായ ആദ്യപകുതി കൊണ്ടും,വലിയ പരിക്കുകളില്ലാത്ത രണ്ടാം പകുതി കൊണ്ടും എന്നെ രസിപ്പിച്ചു.മോഹൻലാലിനെ എങ്ങനെ ഉപയോഗിക്കണം എന്നറിയാവുന്ന ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു ലാൽ ചിത്രം എങ്ങനെ കേക്ക് വാക്കാകുമെന്നറിയാൻ ഈ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കണ്ടാൽ മതി.



