ചെസ് ഇതിഹാസമായ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്പ്രഭു പ്രജ്ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസനെ അട്ടിമറിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങളിൽ ലോകചാമ്പ്യനെ തോല്പിച്ചു.
എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിൻ്റെ അട്ടിമറി വിജയം.
ചെസ്സിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ താരമായ നോർവേ സ്വദേശി കാൾസൻ ELO റേറ്റിങ്ങിൽ ചരിത്രത്തിൽ ആദ്യമായി 2889 പോയിന്റ് നേടിയ പ്രതിഭയാണ്. തുടരെ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടാണ് ഇന്ത്യൻ താരം എട്ടാം റൗണ്ട് പോരാട്ടത്തിനെത്തിയത്. കാൾസൻ ആവട്ടെ തുടരെ മൂന്ന് വിജയങ്ങൾക്കു ശേഷം പ്രജ്ഞാനന്ദയ്ക്ക് മുന്നിലെത്തി. ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ടൂർണമെൻ്റിൽ ഇന്ത്യൻ താരത്തിൻ്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
പ്രജ്ഞാനന്ദ ആദ്യമായാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലോക നാലാം നമ്പർ താരത്തെയും ഈ ടൂർണമെന്റിൽ പ്രജ്ഞാനന്ദ തോല്പ്പിച്ചിരുന്നു. എന്നാൽ ലോക ഒൻപതാം നമ്പർ താരത്തോട് പരാജയപ്പെട്ടിരുന്നു. ഏഴാം നമ്പർ താരവുമായി സമനിലയിലെത്തുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10നാണ് ജനിച്ചത്. ഗ്രാൻഡ്മാസ്റ്റർ പദവിയുള്ള വൈശാലിയുടെ ചെസ്സ് കളിയിലെ നീക്കങ്ങളാണ് പ്രജ്ഞാനന്ദയെ വലിയ കളിക്കാരനാക്കിയത്. സംസ്ഥാനത്തെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിൻറെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇൻറർനാഷണൽ മാസ്റ്ററാണ്. ഗ്രാൻഡ് മാസ്റ്റർ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോൾ.



