| ഷിജു എസ് കർണ
ക്രോധാഗ്നി പൂണ്ട് ശത്രുവിനു നേർക്കടുക്കുന്ന അസ്ത്രത്തിനു ചെയ്യാനായി ഒന്നേ ബാക്കിയുണ്ടാകൂ.. ലക്ഷ്യം, സംഹാരതാണ്ഡവം,ആ അസ്ത്രത്തെ തൊടുത്തു വിടുന്ന വില്ലാളിയ്ക്ക് ഒരു കണക്ക് ഉണ്ടായിരിക്കും തന്റെ അസ്ത്രത്തിന്റെ സംഹാരശേഷി എത്രയാകുമെന്ന്,അവനു മാത്രമേ ആ അസ്ത്രത്തെ എങ്ങനെ ഉപയോഗിക്കാൻ കഴിയൂ എങ്ങനെയൊക്കെ എപ്പോഴൊക്കെ എവിടെയൊക്കെ ഉപയോഗിക്കാം എന്നൊരു ബോധവുമുണ്ടാകൂ.
ഇവിടെ അസ്ത്രം മമ്മൂക്കയും തൊടുത്തു വിട്ട വില്ലാളി അമൽ നീരദുമായിരുന്നു.. അതിന്റെ ഫലം ആ അസ്ത്രത്തിന്റെ ഒന്നൊന്നര അഴിഞ്ഞാട്ടവും. മൈക്കിളിന്റെ കുടുംബവും അതിലെ പശ്ചാത്തലവുമായി മുന്നോട്ട് പോകുന്ന കഥാസന്ദർഭം. കൗരവപക്ഷത്തെ പലരെയും ഇവിടെ കാണാം. അതിലെ പിതാമഹൻ മൈക്കിൾ. കുടുംബത്തിലെ പ്രശ്നങ്ങൾ വ്യക്തിപരമായി മാറുമ്പോൾ ഉണ്ടാകുന്ന കഥാസന്ദർഭത്തിൽ ഭീഷ്മർക്ക് എന്ത് സംഭവിക്കും, ആരോടൊപ്പം നിൽക്കും, ആരൊക്കെ കാണും. ഇത് വഴി മുന്നിലേയ്ക്ക് പോകുന്നു
എടുത്തു പറയേണ്ടത് മേക്കിങ് തന്നെയാണ്. അമൽ നീരദ് സിനിമകളിൽ മേക്കിങ്ങനൊരു വിട്ടു വീഴ്ച പ്രതീക്ഷിക്കുന്നില്ല. അത് ഇവിടേം സംഭവിച്ചു. മനോഹരമായ മേക്കിങ് മികച്ചഫ്രയിമുകൾ.വരുന്ന ഏതൊരാളുടെയും സ്ക്രീൻ പ്രെസൻസ് എടുത്തു പറയേണ്ടത് തന്നെയാണ്.അതിലുപരി മമ്മൂക്കയെയും അദ്ദേഹത്തിന്റെ കണ്ണുകളെയും പോലും ഉപയോഗിച്ച രീതിയാണ് സിനിമയുടെ മുഖ്യ ആകർഷണവും. തുടക്കത്തിലെ ക്യാരക്റ്റർ ഡെവലപ്പ്മെന്റ്എടുത്തു പറയേണ്ട ഒന്ന് തന്നെയാണെങ്കിലും പിന്നീട് എവിടെയൊക്കെയോ നഷ്ടമായി എന്ന് തോന്നിപോയി. എങ്കിലും കഥാഗതിയെ അത് മാറ്റുന്നില്ല.
മറ്റൊരു ഘടകം അഭിനേതാക്കൾ തന്നെയാണ്. അനാവശ്യമായ ഒരൊറ്റയാൾ പോലും ഇല്ലായിരുന്നു. ഷൈൻ ടോം, ശ്രീനാദ് ഭാസി, സൗബിൻ, മാലാ പാർവതി, സൃന്റ, വീണ, ലെന, നാദിയാ മൊയ്തു, ദിലീഷ് പോത്തൻ,ജിനു ജോസഫ്, ഫർഹാൻ ഫാസിൽ,സുദേവ്, KPAC ലളിതാമ്മ, നെടുമുടി വേണു സർ അങ്ങനെ നിരന്നു പോകുന്ന താരനിരയ്ക്ക് ചെയ്യാനായി പലതുമുണ്ടായിരുന്നു.
ആദ്യ പകുതി കൊളുത്തി വിട്ട തിരി രണ്ടാം പകുതിയിൽ എവിടെയൊക്കെയോ എരിഞ്ഞടങ്ങി എന്ന് പോയി എന്ന് തോന്നിപോയെങ്കിലും സുഷിൻ ശ്യാമിന്റെ അസാധ്യ വർക്ക് സിനിമയിലുടനീളം ആ വിടവ് നികത്തുന്നുണ്ട്. സുഷിന്റെ മ്യൂസിക് തന്നെയാണ് മറ്റൊരു പ്രധാന ഘടകം. പ്രത്യേകിച്ച് സൗബിൻ മഴയത്തു വരുമ്പോഴുണ്ടാകുന്നത്.
നെഗറ്റീവുകളായി അങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഗോഡ് ഫാദർ ടച്ച് അത്യാവശ്യം നിഴലിക്കുന്നുണ്ട്. മൈക്കിൾ കോർലിയോൻ-വിൻസെന്റ് കോർലിയോൻ സാമ്യവും. ആകെയുള്ള സങ്കടം സൗബിൻ ഷാഹിറിന്റെ കാലിബറിന്റെ പൂർണ്ണമായ ഒന്ന് ഭീഷ്മയിൽ ഉപയോഗിക്കാമായിരുന്നുവെന്നാണ്. ക്ലൈമാക്സിലേയ്ക്ക് അടുക്കുമ്പോൾ അയാളിലെ ആ തീ ആളി കത്തുന്ന അഗ്നിനാളമായി മാറിയിരുന്നുവെങ്കിലെന്ന് ആശിച്ചു പോയി.അത്ര മാരക സ്ക്രീൻ പ്രെസൻസ് തന്നെയായായിരുന്നു പുള്ളിയ്ക്ക്. മമ്മൂക്കയോടൊപ്പം തന്നെ ഇഷ്ടപ്പെട്ട അത്രയ്ക്ക് രോമാഞ്ചം തന്ന കഥാപാത്രം.
വരത്തൻ പോലൊരു എനർജി ക്ലൈമാക്സ് കൂടി ആയിരുന്നേൽ പൂർണ്ണമായും തൃപ്തി കിട്ടിയേനെ. ഇപ്പോൾ കിട്ടിയില്ലെന്നല്ല.
പക്കാ തീയറ്റർ വാച്ച് മൂവിയാണ്. മൊബൈലിൽ കാണുമ്പോഴുണ്ടാകുന്ന അനുഭവം ഉറപ്പായും മറ്റൊന്ന് തന്നെയായിരിക്കും. കഥാപരമായി കാണാൻ പോകുന്നവർ അമിതപ്രതീക്ഷ മാറ്റി വെയ്ക്കുക. കട്ട fan boy സംഭവമാണ്. ഫാമിലി ആയി പോയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുമോ എന്നൊരുറപ്പ് തരാൻ കഴിയില്ല. ഭീഷ്മ പർവ്വം രണ്ടാം ഭാഗത്തിനൊരു തിരി കൊളുത്തിയാണ് പോയിരിക്കുന്നത് . കാത്തിരിക്കുന്നു..



