...
Home Entertainments തീയിൽ കുരുത്ത ഒരുത്തിയിലേക്ക് കടന്ന് ചെല്ലാം

തീയിൽ കുരുത്ത ഒരുത്തിയിലേക്ക് കടന്ന് ചെല്ലാം

സിനിമയിലെ ഓരോ ഘട്ടങ്ങളിലും അവരോടൊപ്പം അല്ലെങ്കിൽ ആ സ്ത്രീയോടൊപ്പം നമ്മളും ഉരുകുകയായിരുന്നു അല്ലെങ്കിൽ തീയായി മാറുകയായിരുന്നു.

494

| അജയ് പള്ളിക്കര

സിനിമ കഴിഞ്ഞ നിമിഷം കുറച്ചു നേരം അങ്ങനെ നിശബ്ദമായി നിന്ന് പോയി. ആ കാഴ്ച്ചകളും ജീവിതവും കണ്ട് ഇപ്പോഴും മനസ്സിൽ എന്തൊക്കെയോ പോലെ. തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ ഒരുത്തീ. തീയിൽ കുരുത്ത ഒരുത്തിയിലേക്ക് കടന്ന് ചെല്ലാം. ഒരു സിനിമ കണ്ട് കഴിഞ്ഞ് മറ്റുള്ളവരോട് എന്തായാലും പോയി കാണണം എന്ന് പറയുന്ന സിനിമകൾ വിരലിലെണ്ണാന്നാവുന്നതെ ഉണ്ടാവുകയുള്ളൂ. ഈ സിനിമ കണ്ട് കഴിഞ്ഞപ്പോഴും പറയാൻ കൊതിച്ചതും അത് തന്നെയാണ്. ഒരു സംശയവും വേണ്ട വേഗം തന്നെ സിനിമ പോയി കാണുക. സിനിമ കഴിഞ്ഞ് കയ്യടിച്ചു തന്നെ ഇറങ്ങി പോരാം.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വികെ പ്രകാശ്, നവ്യാ നായർ,വിനായകൻ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു. ഒരു നടന്ന സംഭവം സിനിമയാക്കിയപ്പോൾ അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നടന്ന കഥയും, അല്ലെങ്കിൽ ഇനി നടക്കാൻ സാധ്യതയുള്ള കഥയുമായി അല്ലെങ്കിൽ കാഴ്ച്ചയുമായി മാറുന്നു.

ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. ഭർത്താവ് ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ ജ്വല്ലറിയിൽ നിന്നും മാല വാങ്ങിക്കുകയും, പ്രത്യേക സാഹചര്യത്തിൽ ആ മാല പണയം വെക്കേണ്ടി വരുകയും ആ മാലയിൽ കുറച്ചു മാത്രമേ ഗോൾഡ് ഉള്ളൂ എന്നും ബാക്കി മെഴുകാണെന്ന് തിരിച്ചറിയുകയും സ്ത്രീയുടെ പിന്നീട് നടക്കുന്ന കാഴ്ച്ചകളാണ് സിനിമ നമുക്ക് മുന്നിൽ കാഴ്ച്ചവെക്കുന്നത്.
കഥയും, തിരക്കഥയും, സംവിധാനവും മേക്കിങ്ങും അങ്ങനെ സിനിമയിൽ എല്ലാം മികച്ചു നിന്നു.

ആദ്യം മുതൽ അവസാനം വരെ ഒറ്റ ശ്വാസത്തിൽ കണ്ട ഫീൽ ആയിരുന്നു സിനിമ നമുക്ക് സമ്മാനിച്ചത്. നമ്മുടെ ഒക്കെ ജീവിതമുണ്ടല്ലോ. പച്ചയായ മനുഷ്യരുടെ ജീവിതം ആ ജീവിത കാഴ്ച്ച തന്നെയാണ് സിനിമക്കും തരാൻ കഴിഞ്ഞത്. അത്‌ അതെ പോലെ എടുക്കാനും, നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങളുമായി റിലേറ്റ് ചെയ്യാനും കഴിഞ്ഞു. അതിൽ എടുത്ത് പറയാവുന്നത് അഭിനയങ്ങൾ തന്നെയാണ്. ഒരുപക്ഷെ അഭിനയം മോശമായിരുന്നേൽ നമ്മൾ സിനിമയിലേക്ക് ഇത്ര ആഴത്തിൽ ഇറങ്ങി ചെല്ലില്ലായിരുന്നു.

സ്‌ക്രീനിൽ എത്തിയവർ അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ എല്ലാവരും ജീവിച്ചു കാണിച്ചു തന്നു. ഓരോ ഭാവങ്ങളും, ഡയലോഗും അത്‌ വേണ്ട രീതിയിൽ അവതരിപ്പിക്കാനും ഓരോ ജീവിത കഥാപാത്രമായി മാറാനും ഓരോരുത്തർക്കും കഴിഞ്ഞു. നവ്യാനായർ,വിനായകൻ അവരുടെ പ്രകടനങ്ങൾ എടുത്ത് പറയാം. സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുമ്പോൾ ഒരേ സമയം ആശങ്കപ്പെടാനും അതെ സമയം കയ്യടി കൊടുക്കാനുമൊക്കെ അവസരങ്ങൾ സിനിമ തരുന്നുണ്ട്.

സ്‌ക്രീനിൽ കെപിഎസി ലളിതയെ വീണ്ടും കണ്ടപ്പോൾ ചെറിയൊരു വിഷമവും വന്നു. ഓരോ സീനുകളും, ക്യാമറയും, കാഴ്ച്ചകളും കൊള്ളാമായിരുന്നു. വണ്ടികളുടെ ചെയ്‌സിങ് സീനുകളും, ക്യാമറ വെച്ച പൊസിഷനും എല്ലാ ഗംഭീരമായിരുന്നു. അതുകൊണ്ട് കാഴ്ച്ചക്ക് തന്നെ നല്ല രസമായിരുന്നു. അവസാനം ഒരു സീനുണ്ട്. സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിൽ ഒന്ന്. കള്ളന് പുറകെയുള്ള ഒരു ചെയ്‌സിങ് സീൻ. അതിനെ പറ്റി എന്താ പറയുക കണ്ട് തന്നെ ആസ്വദിക്കണം.

സിനിമയിലെ ഓരോ ഘട്ടങ്ങളിലും അവരോടൊപ്പം അല്ലെങ്കിൽ ആ സ്ത്രീയോടൊപ്പം നമ്മളും ഉരുകുകയായിരുന്നു അല്ലെങ്കിൽ തീയായി മാറുകയായിരുന്നു. വിഷമങ്ങളും, സന്തോഷവും വരുമ്പോൾ നാം അറിയാതെ നമ്മുടെ മുഖത്തും ഭാവമാറ്റം ഉണ്ടാക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല. അത്‌ തരാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയോടൊപ്പം നമ്മെ കൊണ്ടുപോകുവാൻ ഊർജം തന്ന മ്യൂസിക്കും, background മ്യൂസിക്കും നല്ല രീതിയിൽ ചെയ്ത് വെച്ചിട്ടുണ്ട്.

സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അവസ്ഥകളും, ഒരു ഘട്ടത്തിൽ അനുഭവിച്ച പിരിമുറുക്കവുമാണ് ഈ സിനിമ. ആ പിരിമുറുക്കത്തിലും, ആ വിഷമത്തിലും തീയായി ജ്വലിച്ചു നിൽക്കാൻ കാണിച്ച മനസ്സ്, തീയായി നിൽക്കാൻ പ്രേരിപ്പിച്ച ചുറ്റുമുള്ള മനുഷ്യന്മാർ, അവരാണ് ഓരോ സ്ത്രീയെയും തീയാകാൻ പ്രേരിപ്പിക്കുന്നതും. കത്തി ജ്വലിക്കുന്ന തീയായി സ്ത്രീ മാറട്ടെ എന്നാഗ്രഹിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.