മലയാളികളുടെ സ്വകാര്യ അഹങ്കാരം ഗാനഗന്ധര്വ്വന് യേശുദാസിനെക്കുറിച്ച് മനസ്സുതുറന്ന് മെഗാ താരം മമ്മൂട്ടി. താന്‍ എക്കാലവും അദ്ദേഹത്തിന്റെ ഒരു ആരാധകനാണെന്നും തനിക്ക് ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെ പോലെ ഒരു ഗായകനാകാനാണ് ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.
‘ഗാനഗന്ധര്‍വ്വന്റെ ഒരു ആരാധകനാണ് ഞാന്‍. എനിക്ക് ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെപ്പോലൊരു ഗായകനാകണം എന്നാണ് മോഹം. സിനിമയിൽ ഞാന്‍ നായകനായി ആദ്യമഭിനയിച്ച ‘മേള’യില്‍ എനിക്കുവേണ്ടി യേശുദാസ് പാടുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു.
ജീവിതത്തിൽ ആദ്യമായി യേശുദാസിനെ ഞാന്‍ ആദ്യമായി അടുത്തുകാണുന്നതും പരിചയപ്പെടുന്നതും സ്ഫോടനത്തിന്റെ പൂജാവേളയിലാണ്. ഈ സിനിമയുടെ പൂജയ്ക്ക് വന്ന യേശുദാസ് കറുത്ത മുണ്ടും വെള്ള ജൂബയും രുദ്രാക്ഷവും ഭസ്മക്കുറിയുമൊക്കെ അണിഞ്ഞിരുന്നു. അന്ന് അദ്ദേഹം ശബരിമലയിലേക്ക് പോകാനുള്ള തിരക്കിനിടയിലും ‘എന്താ മോനേ’യെന്ന് വിളിച്ച് എന്നോട് സംസാരിക്കുകയുണ്ടായി.
അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി. കുടുംബ സുഹൃത്തുക്കളായി. യേശുദാസിന്റെ മകന് വിജയ് യേശുദാസ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നാറുണ്ട്’- മമ്മൂട്ടി പറഞ്ഞുനിർത്തി.



