10 March 2026

രാഹുൽ ജയിലിൽ കഴിയുന്ന ഓരോ ദിനവും രാജ്യത്തിൻ്റെ വീണ്ടെടുപ്പിനുള്ള അടിത്തറയെ രൂപപ്പെടുത്തും

ഇപ്പോഴത്തെ വിധിക്കെതിരെ ഒരപ്പീലും കൊടുക്കാതെ രാഹുൽ ജയിലിൽ പോകണം. ഒരു മനുഷ്യൻ ജയിലിൽ പോകുന്നത് കാണുമ്പോൾ സന്തോഷമുണ്ടാകുന്നത് കൊണ്ടല്ല ഇങ്ങനെ കരുതുന്നതും പറയുന്നതും. മറിച്ച് അത് ഇന്ത്യയെന്ന രാജ്യത്ത് ഉണ്ടാക്കാൻ പോകുന്ന രാഷ്ട്രീയ ആഘാതം വളരെ വലുതായിരിക്കും എന്നത് കൊണ്ടാണ്

| എമ്മെസ് ഷൈജു

രാഹുൽ ഗാന്ധി ഒരിക്കൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായിരുന്നു. പക്ഷേ ആ പദവിയിൽ ഇരുന്ന് കൊണ്ട് കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ രാഷ്ട്രീയമായി മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം ഒരു വലിയ പരാജയമായിരുന്നു. അതിൻ്റെ കാരണം കോൺഗ്രസ് പോലെ അടിപടലം അധികാര പ്രമത്തരും രാഷ്ട്രീയമായി കുപഥചരൻമാരുമായ ഒരു സംഘത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ മുന്നോട്ട് നയിക്കാനുള്ള മനോഘടനയുള്ള ഒരു മനുഷ്യനല്ല രാഹുൽ ഗാന്ധി എന്നത് തന്നെയാണ്.

പക്ഷേ, അപ്പോഴും രാഹുൽ ഗാന്ധി ഒരു വലിയ പ്രതീക്ഷയാണ്. കോൺഗ്രസിന് മാത്രമല്ല, ഇന്നത്തെ സാഹചര്യത്തിൽ മതേതര ഇന്ത്യക്ക് പ്രതീക്ഷ പുലർത്താൻ കഴിയുന്ന ഒരു നേതാവിൻ്റെ പേര് പറയാൻ പറഞ്ഞാൽ ഒന്നാമതായി പറയാൻ കഴിയുന്ന ഒരു പേര് ഇപ്പോഴും രാഹുൽ ഗാന്ധിയുടേത് മാത്രമാണ്. ദേശീയ രാഷ്ട്രീയത്തിൽ അയാൾക്കുള്ളത് വ്യത്യസ്തവും വൈകാരികവുമായ ഒരു സ്ഥാനമാണ്. സൗമ്യവും സത്യസന്ധവുമായ അയാളുടെ ഭാഷക്കും പ്രവർത്തനങ്ങൾക്കും ഒരു രാഷ്ട്രീയ ശക്തിയുണ്ട്.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യൻ ജനതയെ ഏതെങ്കിലും തരത്തിൽ ഫാഷിസത്തിനെതിരായ മുന്നേറ്റത്തിൽ യാഥാർത്ഥ്യ ബോധത്തോടെ ചേർത്ത് നിർത്താൻ സാധിക്കുന്ന ഒരു പൊളിറ്റിക്കൽ കരിസ്മ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി എന്ന മനുഷ്യനാണ്.
പക്ഷേ ആ മനുഷ്യനെ സ്വാർത്ഥവും തുച്ഛവുമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി മാത്രമാണ് കോൺഗ്രസ് എന്ന പാർട്ടി ഉപയോഗിക്കുന്നത് എന്നതാണ് രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം.

രാജ്യം ഗ്രസിക്കപ്പെട്ടിരിക്കുന്ന വർഗീയത എന്ന മഹാ ലഹരിയിൽ നിന്നും, ആ ലഹരിയുടെ ആലസ്യത്തിൽ ഇന്ത്യൻ ജനതയിലെ ഒരു വലിയ വിഭാഗം പുലർത്തുന്ന രാഷ്ട്രീയ നിസംഗതയിൽ നിന്നും ഒരു മോചനം വേണമെങ്കിൽ അതിനേക്കാൾ വലിയ ലഹരിയുണ്ടാക്കുന്ന രാഷ്ട്രീയാഘാതങ്ങൾ ഇവിടെ സംഭവിക്കണം.
ഇവിടെ നടക്കുന്ന രാഷ്ട്രീയ വിനാശങ്ങളെ കണ്ണ് തുറന്ന് കാണാൻ പാകത്തിന് ജനങ്ങൾ ഉണരണം. ക്രമേണ അവർ സമര സജ്ജരാകണം.

ലോകത്തിൻ്റെ രാഷ്ട്രീയ ചരിത്രങ്ങളിൽ ഇങ്ങനെയുള്ള വലിയ ഓളങ്ങൾ ഉണ്ടായിട്ടാണ് പലയിടങ്ങളിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത് . അങ്ങനെ അടിസ്ഥാന ജനതയിൽ ഒരോളമുണ്ടാക്കൻ രാഹുൽ ഗാന്ധിക്ക് സാധിക്കണമെങ്കിൽ സ്വാർത്ഥംഭരികളും അധികാര പ്രമത്തരുമായ കുപഥചാരികളുടെ വലയം വിട്ട് രാഹുൽ ഗാന്ധി പുറത്തേക്ക് വരണം.

ഇപ്പോഴത്തെ വിധിക്കെതിരെ ഒരപ്പീലും കൊടുക്കാതെ രാഹുൽ ജയിലിൽ പോകണം. ഒരു മനുഷ്യൻ ജയിലിൽ പോകുന്നത് കാണുമ്പോൾ സന്തോഷമുണ്ടാകുന്നത് കൊണ്ടല്ല ഇങ്ങനെ കരുതുന്നതും പറയുന്നതും. മറിച്ച് അത് ഇന്ത്യയെന്ന രാജ്യത്ത് ഉണ്ടാക്കാൻ പോകുന്ന രാഷ്ട്രീയ ആഘാതം വളരെ വലുതായിരിക്കും എന്നത് കൊണ്ടാണ്.

അതോടെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ മതേതര ചേരി ജ്വലിച്ചുയരും. രാഹുൽ ജയിലിൽ കഴിയുന്ന ഓരോ ദിനവും രാജ്യത്തിൻ്റെ വീണ്ടെടുപ്പിനുള്ള അടിത്തറയെ രൂപപ്പെടുത്തും. ലോകത്തെ എല്ലാ ഏകാധിപത്യ, വർഗീയ ഭരണകൂടങ്ങളും തകരുന്നതിന് ഓരോ കാരണമുണ്ടാുയിട്ടുണ്ട്. അങ്ങനെ ഒരു കാരണമാകാൻ യോഗമുണ്ടാകുന്നെങ്കിൽ അതാകും രാഹുൽ ഗാന്ധി എന്ന മനുഷ്യൻ്റെ രാഷ്ട്രീയമായ ദൗത്യം.

അല്ലാതെ വയനാട്ടിൽ മൽസരിച്ച് ഇടത് പക്ഷ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്നതാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ദൗത്യം എന്ന് കരുതുന്ന കോൺഗ്രസ് നേതാക്കളുടെ കളിപ്പാവ പോലെ നിൽക്കുന്ന ഒരു രാഹുൽ ഗാന്ധിയിൽ ഈ രാജ്യത്തിന് ഒരു പ്രതീക്ഷയും ഉണ്ടാകില്ല. അത് അദ്ദേഹം തിരിച്ചറിയട്ടെ.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News