...
Home Entertainments മണിച്ചിത്രത്താഴ് മറ്റൊരു കുപ്പിയിൽ വിളമ്പാൻ ശ്രമിച്ചു; സ്റ്റാർ റിവ്യൂ

മണിച്ചിത്രത്താഴ് മറ്റൊരു കുപ്പിയിൽ വിളമ്പാൻ ശ്രമിച്ചു; സ്റ്റാർ റിവ്യൂ

84

.സെയ്ദ് ഷിയാസ് മിർസ

സ്റ്റാർ കണ്ടു പക്ഷേ എണ്ണാൻ പറ്റിയില്ല, അഞ്ചിൽ രണ്ട് സ്റ്റാർ മാത്രം കൊടുക്കാൻ മാത്രം കഴിയുന്ന ഒരു സിനിമ. പൃഥിരാജിൻ്റെ നാളിതുവരെയുള്ള സിനിമാ ജീവിതത്തിലെത്തന്നെ അഭിനയസാധ്യതയില്ലാത്ത അതിഥി കഥാപാത്രത്തിൻ്റെ ശരാശരിയിൽ താഴെ മികവ് പുലർത്തുന്ന 5 മിനിറ്റിൽ താഴെ നീണ്ടു നിൽക്കുന്ന രംഗങ്ങൾ കാണാൻ പുളളിയുടെ ഫാൻസ് കയറിയാൽപ്പോലും സിനിമ രക്ഷപെടുമെന്ന് പ്രതീക്ഷയില്ല.

മണിച്ചിത്രത്താഴ് സിനിമ മറ്റൊരു കുപ്പിയിൽ വിളമ്പാൻ ശ്രമിച്ചു എന്നതും ക്ലൈമാക്സ് മാത്രം കണ്ടാൽ സിനിമ ഉദ്ദേശിക്കുന്ന കാര്യം പൂർണ്ണമായും മനസ്സിലാകും എന്നതും സിനിമയുടെ പ്രധാന പരാജയമായി കാണാം. സാധാരണക്കാർക്ക് അധികം പരിചയമില്ലാത്ത മുതിർന്ന സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഒരവസ്ഥ ജനങ്ങളിലെത്തിക്കാൻ കഴിയുന്നു എന്നത് മാത്രമാണ് സിനിമയുടെ ആകെ മേന്മ.

സ്പേസ് സയൻസും സ്യൂഡോ സയൻസും കൃത്യമായ അനുപാതത്തിൽ ചാലിച്ച് നായികയുടെ ആദ്യാവസാനമുള്ള ഒരേ ഭാവവും അഭിനയ സാധ്യതയില്ലാത്ത ജോജുവിൻ്റെ കഥാപാത്രവും ശരാശരി പ്രേക്ഷകന് ദഹിക്കാത്ത ഗ്രാഫിക്സുകളും അനവസരത്തിലുള്ള പാട്ടുകളും ഒക്കെ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ലാഗും കഥയുടെ ഒരന്തവുമില്ലാത്ത പോക്കും കാര്യങ്ങൾക്ക് തീരുമാനമാകാൻ പൃഥിരാജ് വരണം എന്ന ആവശ്യമില്ലാത്ത പ്രതീക്ഷ പ്രേക്ഷകന് നൽകിയതും. അവസാനം പൃഥിരാജ് വന്നപ്പോൾ കാറ്റഴിച്ച് വിട്ട ബലൂൺ പോലെ തിരക്കഥ ദുർബലമായിപ്പോയി.

ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾ ഈ സിനിമയുടെ ഭാഗമായത് സന്തോഷമുള്ള കാര്യമാണ് എങ്കിലും 150 രൂപയ്ക്ക് ഓൺലൈനിൽ ടിക്കറ്റെടുത്ത് അരമണിക്കൂർ സിറ്റി ട്രാഫിക്കിൽ സ്വർണ്ണവിലയുള്ള പെട്രോൾ കത്തിച്ച് പെരുമഴയത്ത് 30 മിനിറ്റ് കാറിൽ യാത്ര ചെയ്ത് 2 മണിക്കൂറിലധികം സമയം കോവിഡ് ഭീതിയിൽ തിയേറ്ററിൽ കുത്തിയിരുന്ന ശേഷം സത്യസന്ധമായി അനുഭവം പറയാതിരിക്കാൻ കഴിയില്ല. ഈ സിനിമയുടെ ഭാഗമായ പ്രിയ സുഹൃത്തുക്കൾ സദയം ക്ഷമിക്കുമല്ലോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.