...
Home Entertainments വിവാഹ മോചനം; നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക

വിവാഹ മോചനം; നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക

81

എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നര്‍ത്തകി മേതില്‍ ദേവിക. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയതായും അവര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും അവര്‍ പറഞ്ഞു. മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ മേതില്‍ ദേവിക ഹര്‍ജി നല്‍കിയതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണവുമായി ദേവിക മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. ഇക്കാര്യത്തില്‍ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാന്‍ എല്ലാവരും അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായത്. മുതിര്‍ന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹത്തിനു മേല്‍ ചെളിവാരിയെറിയാന്‍ താല്‍പര്യമില്ല. നടന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.

വിവാഹ മോചന ഹര്‍ജി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ല. രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.