| ശ്രീകാന്ത് പികെ
ജൂഡ് ആന്തണി ജോസഫ് 2018 – ലെ കേരള ഫ്ലഡ് ഫിക്ഷണൽ രൂപത്തിൽ സിനിമയാക്കുമ്പോൾ എന്ത് പ്രതീക്ഷിക്കാമോ അത് തന്നെയാണ് 2018 എന്ന സിനിമ. ഒരു ചെറിയ പ്രദേശത്തെ കുറച്ചധികം മനുഷ്യരുടെ ജീവിതത്തിലൂടെ കേരളം അതിജീവിച്ച നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ പോർട്രേയ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രളയത്തെ മുഖാമുഖം കണ്ട മനുഷ്യരുടെ ഓർമ്മകളും വൈകാരികതയും മലയാളി സ്വത്വത്തിന്റെ പൊതു അഭിമാന ബോധവും കൊണ്ട് മാത്രമാണ് ഒരു ആവറേജ് സിനിമ എന്ന അവസ്ഥയിൽ നിന്ന് 2018 എന്ന പടം വലിയ ഹിറ്റ് എന്ന നിലയിലേക്ക് കരകയറാൻ പോകുന്നത്.
സിനിമയിലുടനീളം തികച്ചും അനീതിയെന്നോണം അദൃശ്യവൽക്കരിക്കപ്പെട്ട അനേകം പേരുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സർക്കാർ സംവിധാനങ്ങൾ, പ്രാദേശിക രാഷ്ട്രീയ നേതൃത്വവും പ്രവർത്തകരും, പോലീസ് – ഫയർ ഫോഴ്സ് അടങ്ങുന്ന സ്റ്റേറ്റ് സേനകൾ തുടങ്ങിയവർ. ഒരു കൂട്ടം നല്ലവരായ മനുഷ്യരും കുറേ ഉദ്യോഗസ്ഥരും മാത്രം നിസ്വാർത്ഥരായി പണിയെടുത്താണ് പ്രളയത്തിലകപ്പെട്ട മനുഷ്യരെ രക്ഷിച്ചത് എന്നാണ് സിനിമ കണ്ടിറങ്ങുന്ന മനുഷ്യർക്ക് തോന്നുക.
ഏറ്റവും അടിത്തട്ടിലെ മുതൽ ഏറ്റവും ഉയർന്ന അഡ്മിനിസ്ട്രേറ്റീവ് തലത്തെ വരെ ഒറ്റ നൂലില്ലെന്നോണം സംയോജിപ്പിച്ച് മുഴുവൻ സമയം അലർട് ആയി നിർത്തിയ സർക്കാർ സംവിധാനം, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഗ്രാമ നഗരങ്ങളിൽ വെള്ളത്തിലേക്കിറങ്ങിയതും, ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയതും, ഭക്ഷണം മരുന്ന് വസ്ത്രം തുടങ്ങി സകല ആവശ്യങ്ങൾക്കുമായി ഓടി നടന്ന രാഷ്ട്രീയ പ്രവർത്തകർ, രാപ്പകലില്ലാതെ രക്ഷാ പ്രവർത്തനങ്ങളിൽ വ്യാപൃതരായ പോലീസ് – ഫയർ ഫോഴ്സ് അടങ്ങുന്ന സേനകൾ എല്ലാവരും ഈ സിനിമക്ക് പുറത്താണ്. ചുരുങ്ങിയ പക്ഷം മണ്ണിച്ചിൽ നടന്ന ഇടത്തേക്ക് രക്ഷാ പ്രവർത്തനത്തിനായി നാല് മത്സ്യ തൊഴിലാളികൾ പോകുമ്പോഴെങ്കിലും കുറച്ച് പോലീസുകാരെ ചുറ്റും കാണിക്കുമെന്ന് കരുതി, അത് പോലുമുണ്ടായില്ല.
വൈറസ് സിനിമയിലെ ആരോഗ്യ മന്ത്രിയെ പോലെ, അശ്വന്ത് കോക്കിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഒട്ടും വയ്യാത്ത’ ഒരു മുഖ്യമന്ത്രിയാണ് 2018 – ൽ. പ്രളയ കാലത്തെ കേരളത്തിലെ ജനങ്ങളുടെ മനസിലുള്ള മുഖ്യമന്ത്രിയെ അവതരിപ്പിക്കാൻ ജനാർദ്ദനനെ പോലൊരു മോശം കാസ്റ്റിംഗ് തന്നെ നടത്തി ‘നമ്മളിനി എന്ത് ചെയ്യും മല്ലയ്യ’ എന്ന മട്ടിൽ ചോദിപ്പിക്കുന്നുണ്ട്.
പ്രളയം കാണിക്കുന്ന, വെള്ളം കയറുന്ന വീടുകളും മറ്റുമുള്ള സ്ഥലം സെറ്റിട്ടത് എങ്ങനെയാണെന്നറിയില്ല. ആ ഒരു പോർഷൻ മികച്ച നിലയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്, അതിന്റെ കലാ സംവിധാനം നിർവ്വഹിച്ചതാരോ അദ്ദേഹം അഭിനന്ദനനങ്ങളർഹിക്കുന്നു. VFX ഉം സമീപ കാലത്തിറങ്ങിയ എല്ലാ മലയാള സിനിമകളേക്കാൾ ഉയർന്ന നിലവാരത്തിലാണ്.
ക്യാമറ വർക്കുകൾക്കും അനുബന്ധ സാങ്കേതിക വർക്കുകൾക്കുമായി അത്യാവശ്യം നന്നായി തന്നെ കഷ്ടപ്പെട്ട് കാണണം. ബി.ജി.എമ്മിന്റെ അതി പ്രസരമാണ് സിനിമ, പലപ്പോഴും ബാക്ക് ഗ്രൗണ്ട് മ്യൂസിക് കാരണം സംസാരിക്കുന്ന ഡയലോഗുകൾ പോലും മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇമോഷൻസ് കൺവേ ചെയ്യാൻ ബി.ജി.എം കുത്തി നിറക്കുന്ന ശീലം അടുത്ത കാലത്തൊന്നും മലയാള സിനിമാ പ്രവർത്തകർ ഉപേക്ഷിക്കാൻ തരമില്ല.
ഏതാണ്ട് എല്ലാവരും തന്നെ ഒരു മീറ്ററിനപ്പുറം പിടിച്ച് ഓവർ ആക്റ്റ് ചെയ്യുന്നതായി തോന്നി, ആദ്യ പകുതിയിലെ ഡയലോഗുകൾ പലതും പ്ലാസ്റ്റിക് ഫീലുമായിരുന്നു, വ്യത്യസ്ത സിറ്റുവേഷനുകൾ കാണിക്കാൻ സീനുകളുടേയും കഥാ പാത്രങ്ങളുടേയും അതി പ്രസരവുമുണ്ട്. മെക്സിക്കൻ അപാരത പോലെ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെ, ഇപ്പോൾ കേരള സ്റ്റോറി പോലെ കാഴ്ചക്കാർ സിനിമയുടെ പ്രമേയമോ അത് കൈകാര്യം ചെയ്ത രീതിയോ വിട്ട് വൈകാരികതയിലേക്കും മറ്റ് താല്പര്യങ്ങളിലേക്കും വഴി മാറുമ്പോൾ സിനിമ കൈയ്യടിയോടെ തന്നെ സ്വീകരിക്കപ്പെടും. അതിവിടെയും സംഭവിക്കും.
പ്രളയ കാലത്തെ രക്ഷാ പ്രവർത്തനത്തിന്റെ മുൻ നിര പോരാളികളായ മത്സ്യ തൊഴിലാളികകളോടും, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ജോലി ചെയ്ത ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥരോടും മാത്രമാണ് സിനിമ അത്യാവശ്യം നീതി പുലർത്തിയത്. അതും അവരൊക്കെ തന്നെ മാറ്റാരാലും ബന്ധം പുലർത്താതെ സ്വന്തമായി പണിയെടുത്ത മനുഷ്യരായി കാണിച്ചു.
പള്ളീലച്ചൻ പറഞ്ഞാൽ മാത്രമിറങ്ങുന്ന മനുഷ്യരൊന്നുമായിരുന്നില്ല ആ കാലത്തെ മത്സ്യ തൊഴിലാളികൾ. ഇതൊക്കെ വിട്ടാൽ ജൂഡ് ആന്തണി ജോസഫ് സിനിമ തുടങ്ങുമ്പോൾ എഴുതി വച്ചത് പോലെ ബാക്കിയെല്ലാം സാങ്കല്പികം മാത്രമാണ്. കേരള സ്റ്റോറിയുടെ കൂടെ ഇറങ്ങിയ പടമായത് കൊണ്ട് അതിന്റെ ഗുണം കൂടി 2018- ന് കിട്ടാൻ സാധ്യതയുണ്ട്. സിനിമ തിയേറ്ററിൽ തന്നെ വിജയിക്കും, കൈയ്യടി നേടും, പണം വാരും.



