| ശ്രീജ നെയ്യാറ്റിൻകര
സത്യാനന്തര കാലത്ത് സംഘ പരിവാറിന് വേണ്ടി മീഡിയകൾ നടത്തുന്ന മാധ്യമ പ്രവർത്തനത്തിന്റെ ഒരുദാഹരണമാണ് ഇന്നലെ മീഡിയ വൺ നടത്തിയത് . ഇന്നലെ വൈകുന്നേരത്തോടെ മീഡിയവൺ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റർ പ്രചരിപ്പിക്കുന്നു “അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടും – എം വി ഗോവിന്ദൻ ” ഇതാണ് തലക്കെട്ട് … അതിനർത്ഥം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ജയിക്കുമെന്നാണ് ഗോവിന്ദൻ മാഷ് പറയാതെ പറയുന്നതെന്ന് ആ പോസ്റ്ററിൽ നിന്ന് വ്യക്തം.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ആ പോസ്റ്റർ എന്റെ പല സുഹൃത്തുക്കളും ഷെയർ ചെയ്യുന്നത് കണ്ടപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് … ഗോവിന്ദൻ മാഷ് അങ്ങനൊരു പ്രസ്താവന നടത്താൻ സാധ്യതയില്ലല്ലോ എന്ന ആലോചനയോടെയാണ് അദ്ദേഹം പറഞ്ഞതെന്തന്നറിയാൻ ശ്രമിച്ചത് ..
കർണ്ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ മാഷ് നടത്തിയ പത്ര സമ്മേളനമാണ് .. ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ എങ്ങനെ പരാജയപ്പെടുത്താമെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത് .
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ: “37 ശതമാനം വോട്ടാണ് ബി ജെ പിയ്ക്കുള്ളത് അപ്പോൾ ആ 37 ശതമാനം വോട്ടുള്ള ബി ജെ പിയ്ക്ക് ഇന്ത്യയിൽ ഭരണം നടത്താൻ സ്വാതന്ത്ര്യം കിട്ടുന്നത്, അല്ലെങ്കിൽ അധികാരം കിട്ടുന്നത്, അല്ലെങ്കിൽ സീറ്റ് നിലനിർത്താൻ കഴിയുന്നത് ഒറ്റക്കാരണം കൊണ്ടാണ് അത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടികളിലെ കൂട്ട്കെട്ട് ബി ജെ പി വിരുദ്ധമായ തലത്തിൽ വരുന്നില്ല. ഇതാണ് പ്രധാനപ്പെട്ട പ്രശ്നം.
ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന അപകടം മനസിലാക്കി, ജനാധിപത്യ സംവിധാനത്തിന്റെ, അത് നേരിടുന്ന വെല്ലുവിളി മനസിലാക്കി ഇന്ത്യയിൽ ഒരു പാർട്ടിക്ക് ബി ജെ പിയെ പരാജയപ്പെടുത്താൻ കഴിയില്ല. അത് കോൺഗ്രസിനൊന്നും ഒട്ടും സാധിക്കുന്നതല്ല കഴിഞ്ഞ 44 സീറ്റിന്റെ അപ്പുറത്തേക്ക് കടക്കുക എന്നൊന്നും ഇന്നത്തെ പരിതസ്ഥിതിയിൽ സാധിക്കുന്നൊരു കാര്യമല്ല . അപ്പോൾ സാധിക്കുന്നൊരു കാര്യം, കോൺഗ്രസ് ഉൾപ്പെടെയാണ് ഞാൻ പറയുന്നത് കോൺഗ്രസിനെ ഉപേക്ഷിച്ച് കൊണ്ടൊന്നുമല്ല. കഴിയുന്ന ഒരേ ഒരു കാര്യം ഓരോ യൂണിറ്റായിട്ട് ഓരോ സംസ്ഥാനത്തെ എടുക്കണം.
ആ സംസ്ഥാനത്തിലെ ബി ജെ പി വിരുദ്ധ വോട്ട് ഞാൻ നേരത്തേ പറഞ്ഞില്ലേ 37 ശതമാനമാണ് പൊതുവേയുള്ള അവരുടെ ശതമാനം ആ 37 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പിയെ മാറ്റി നിർത്തിയിട്ട് ബാക്കിയെല്ലാ മത നിരപേക്ഷ ഉള്ളടക്കം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന മുഴുവൻ ആളുകളേയും പൊതു സ്ഥാനാർഥിയായിട്ടോ അല്ലെങ്കിൽ പാർട്ടിയുടെ തന്നെ സ്ഥാനാർഥിയായിട്ടോ, അവിടെ ഐക്യം പൂർണ്ണമാകുമെന്ന് ഞാൻ പറയുന്നില്ല. ഇന്നത്തെ പരിതസ്ഥിതിയിൽ, ഇന്നത്തെ സാഹചര്യത്തിൽ എല്ലാം ഐക്യപ്പെട്ട് വരികയെന്നൊന്നും ഞാൻ പറയുന്നില്ല ” … അതിനിടയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളിലേയ്ക്ക് അദ്ദേഹം പോകുന്നു.
അതിൽ ഒരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നു: “ഞാൻ കോൺഗ്രസിനെ തള്ളിപ്പറയുന്നൊന്നുമില്ല പക്ഷേ ഞങ്ങളാണ് ഇന്ത്യയിലെ ബി ജെ പിയെ തോൽപിക്കാൻ പോകുന്ന പാർട്ടി എന്ന അഹന്ത വച്ച് പറഞ്ഞാൽ കോൺഗ്രസ് തോറ്റ് തുന്നം പാടും … നേരേ മറിച്ചെന്ത് വേണം ഓരോ സംസ്ഥാനത്തിനും നോക്കണം കേരളത്തിൽ നോക്കേണ്ട കാര്യമില്ല ഈ മുന്നണി തന്നെ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചോട്ടെ കുഴപ്പമില്ല ” ..
നോക്കൂ ഒരു പാർട്ടിയുടെ സെക്രട്ടറി നടത്തിയ ഈ സുപ്രധാന രാഷ്ട്രീയ നിരീക്ഷണത്തെ മുഴുവനും റദ്ദ് ചെയ്ത് “അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടും” എന്ന ഒരു വരി മാത്രം അതിൽ നിന്നടർത്തി മാറ്റി പോസ്റ്ററടിച്ച് തെറ്റിദ്ധാരണ പടർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുക .
തീർന്നില്ല, “ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന അപകടം മനസിലാക്കി, ജനാധിപത്യ സംവിധാനത്തിന്റെ, അത് നേരിടുന്ന വെല്ലുവിളി മനസിലാക്കി ഇന്ത്യയിൽ ഒരു പാർട്ടിക്ക് ബി ജെ പിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞതിനെ “ഇന്ത്യയിൽ ഒരു പാർട്ടിക്കും ബി ജെ പിയെ തോൽപിക്കാൻ കഴിയില്ല ” എന്നദ്ദേഹം പറഞ്ഞതായി വാർത്തയ്ക്ക് തലക്കെട്ട് നൽകി പ്രചരിപ്പിക്കുക
ഇതെന്ത് തരം മാധ്യമ പ്രവർത്തനമാണ് മീഡിയാവണ്ണേ? മീഡിയാ വണ്ണിന്റെ അങ്ങേയറ്റം ഹീനവും നികൃഷ്ടവുമായ രാഷ്ട്രീയമാണ് ഈ പോസ്റ്റർ പ്രചാരണത്തിലൂടെ കണ്ടത് … ഇതാർക്ക് വേണ്ടിയാണ് ഇങ്ങനൊന്ന് പടച്ചു വിട്ടത്? ഒടുവിൽ വിവാദമായപ്പോൾ മീഡിയാ വൺ പോസ്റ്റർ നീക്കം ചെയ്തുവത്രെ .. അതുകൊണ്ടെന്ത് കാര്യം ..? പോസ്റ്റർ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട് കഴിഞ്ഞില്ലേ.
മനുഷ്യരേ ഇത് സത്യാനന്തര കാലമാണ് … സകല മീഡിയകളും ബി ജെ പിയ്ക്ക് കുഴലൂത്ത് നടത്തുന്ന കാലമാണ് .. നുണകളും അർദ്ധ സത്യങ്ങളും പ്രചരിപ്പിക്കുകയും പറയുന്ന വാക്കുകളെ സന്ദർഭത്തിൽ നിന്നടർത്തി മാറ്റി സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിൽ കൃത്യമായ അജണ്ടയോടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന നെറികെട്ട കാലമാണ് . എം വി ഗോവിന്ദൻ എന്നല്ല ആര് എന്ത് പ്രസ്താവന നടത്തിയാലും വീഡിയോ കേട്ടിട്ട് പ്രതികരിക്കുന്നതാണ് നല്ലത് .. കാരണം നമ്മൾ പ്രചരിപ്പിക്കുന്ന നുണകൾ ഫാസിസത്തിനാണ് ആത്യന്തികമായി ഗുണം ചെയ്യുന്നത് ..
നോക്കൂ, ഇന്ത്യയിൽ ഒരു പാർട്ടിക്കും ബി ജെ പിയെ തോൽപിക്കാൻ കഴിയില്ലെന്നും അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്നും സി പി ഐ എമ്മിന്റെ കേരള സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുമ്പോൾ അതിന്റെ അപകടം എത്രമാത്രമാണ് …? ഇതാർക്കാണ് ഗുണം ചെയ്യുക?എന്തൊരു അപകടം പിടിച്ച മാധ്യമ പ്രവർത്തനമാണിത്?
ഫാസിസ്റ്റ് വിരുദ്ധ നിലപാടുള്ള ഒരു മാധ്യമ സ്ഥാപനം ഇങ്ങനൊരു നെറികെട്ട പണി ചെയ്യുമോ? ജനം ടി വിയൊക്കെ പണി നിർത്തി പോകുകയാണ് നല്ലത് കാരണം അതിനേക്കാൾ വെടിപ്പായി ഫാസിസ്റ്റുകൾക്ക് വേണ്ടി കുബുദ്ധി പ്രയോഗിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ കേരളത്തിൽ വേറെയുണ്ട്.



