| സയീദ് അബി
പി സി ജോർജിന്റെ കഴിഞ്ഞ ആറ് മാസത്തെ പല പ്രസ്താവനകളും ഓർത്ത് നോക്കി.ഇത്രയധികം വെറുപ്പും അവിശ്വാസവും ചേരിതിരിവും വളർത്തുന്ന വാക്കുകൾ നിരന്തരം പ്രയോഗിച്ചൊരു രാഷ്ട്രീയ വ്യക്തിത്വമില്ല. ചില കോമഡി പരിപാടികളിൽ അതിനിടയിൽ അദ്ദേഹം അതിഥിയായി. അരോചകമായ അയാളുടെ തെറി ഇടപെടലുകൾക്ക് വല്യ സ്വീകാര്യത ലഭിക്കുന്ന രീതിയിൽ ഹാസ്യമായി അത് അവതരിപ്പിക്കപ്പെട്ടു. കലാകാരന്മാർ അയാളെ വല്ലാതെ ബഹുമാനിക്കുന്നത് കണ്ടപ്പോൾ അറപ്പ് തോന്നിയിരുന്നു. എങ്ങനെയാണ് തെറിയും വർഗീയതയും വൃത്തികേടും വീട്ടുകാര് കേൾക്കും വിധം വീട്ടിലിരുന്ന് ചാനൽ വഴി പറയുന്നത് എന്നോർത്ത് അത്ഭുതപ്പെടുന്നുണ്ട്.
ജോർജ് പറഞ്ഞതിൽ കൂടുതലൊന്നും നമോ ടി വി അവതാരക പറഞ്ഞതായി തോന്നുന്നില്ല. എന്ത്കൊണ്ട് നിയമനടപടി സ്വീകരിക്കപ്പെടുന്നില്ല എന്നത് ചോദ്യമാണ്. ‘ക്രിസംഘികൾ’ എന്ന പ്രയോഗത്തെ കൂടുതൽ വ്യാപ്തിയിലേക്ക് പരിമിതപ്പെടുത്തി നല്ലൊരു വാക്ക് കണ്ട് പിടിക്കേണ്ടതുണ്ട്, സംഘികളുടെ ഒരു പോഷക സംഘടനയല്ല പോലെയല്ല ക്രൈസ്തവ വർഗീയതയുടെ നിൽപ്പ്.
കേരളത്തിൽ സംഘിന് സാധ്യമാകാത്ത തരത്തിൽ അപരമത വിധേഷ്വം ചുരുങ്ങിയ കാലയളവിൽ രൂപപ്പെടുത്തുന്ന മിഷനറി ക്രൈസ്തവ വർഗ്ഗീയതക്കുണ്ട്. രണ്ട് ഫേസ്ബുക് പോസ്റ്റിൽ തുടങ്ങുകയും നാല് വാട്സ്ആപ് ഗ്രൂപ്പുകളിൽ മരിച്ച് പോവുകയും ചെയ്യുന്ന ഒന്നല്ല ക്രൈസ്തവ വർഗീയതയുടെ വേരുകൾ.
2 മാസം മുമ്പ് സിസ്റ്റർ അനുപമ ഒരു പുരോഹിതന്റെ പള്ളിക്ക് അകത്തെ പ്രസംഗത്തെ തള്ളി കളഞ് പുറത്ത് വന്നിരുന്നു. അന്ന് ആ മൂന്ന് യേശുവിന്റെ മാലാഖമാർ പറഞ്ഞത് മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങളോട് സഹകരിക്കരുത് എന്ന ‘ഉപദേശത്തെ’ പറ്റിയായിരുന്നു. പുരോഹിത ഇടങ്ങളിൽ നിന്ന് പുറപ്പെട്ട ഭൂതമാണ് ക്രൈസ്തവ വർഗീയതക്ക് ബലം നൽകിയത്, അത് തുറന്ന് പറഞ്ഞ പുരോഹിതനാണ് മിലിത്തിയോസ് തിരുമേനി.
കേരളത്തിൽ വേറെ ഏത് മതപുരോഹിതർക്കും ഇത്രമാത്രം സ്വീകാര്യത വർഗീയ പ്രചാരണത്തിന് ശേഷവും ലഭിക്കില്ല.അതൊരു പുതിയ അറിവാണെങ്കിലും, ആ അറിവിന്റെ നേരിൽ പിടിച്ച് ശ്രദ്ധയോടെ സാമൂഹിക സാഹചര്യത്തെ നേരിടേണ്ട ഘട്ടത്തിലേക്ക് കേരളം കടന്നിട്ടുണ്ട്.
സംഘിന്റെയും സുരേന്ദ്രന്റെയും ബിജെപിയുടെയും ഇടപ്പെടൽ സ്വാഭാവികമാണ്. അവരെ അതിന്റെ പേരിൽ പൊതുബോധം ശിക്ഷിക്കുന്നുണ്ടോ എന്നത് മറ്റൊരു വിഷയമാണ്. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതൊക്കെ കത്തോലിക്കാ പുരോഹിത നേതൃത്വം അർഹിച്ചതാണ് എന്ന് നമുക്ക് അറിയാം.എന്നാൽ വെള്ളാപ്പള്ളി ഉപയോഗിച്ച ശൈലിയിൽ ഒരു മുസ്ലിമാണ് പറഞ്ഞത് എങ്കിൽ നമ്മൾ ആനന്ദിക്കില്ല, ഒട്ടും അമാന്തമില്ലാതെ അതിലെ വൃത്തികേടും നമ്മൾ പറയും, നിങ്ങടെ പണി പണം കൊടുത്ത് മാറ്റല്ലല്ലേ എന്ന് ഓ അബ്ദുല്ല ചോദിച്ചപ്പോൾ നമ്മൾ ക്രൈസ്തവ വർഗീയവാദികൾ അത് കേൾക്കേണ്ടവരാണ് എന്ന് പറഞ്ഞിരുന്നില്ല.
ഒരു വർഗീയപ്രശ്നം നമ്മുടെ ശ്രദ്ധയിൽ പെടുന്നത് ഒരിടത്തെ വർഗീയശ്രമങ്ങൾ തുടങ്ങുമ്പോഴാണ് എന്ന പ്രശ്നം നമ്മുടെ മുമ്പിലുണ്ട്. അത് മനഃപൂർവം സംഭവിക്കുന്നതല്ല, പകരം, പൊതുബോധം സംഭാവന ചെയ്യുന്ന സമയത്ത് നമുക്ക് സൗകര്യം വരുന്നു എന്നതാണ് വിഷയം. ഒരു സമുദായ അംഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ മാസങ്ങളായി നടക്കുന്ന പ്രചാരണങ്ങളെ പറ്റി നമ്മളിപ്പോഴാണ് ശ്രദ്ധിക്കുന്നത്, അതും മറ്റൊരു വർഗീയ ശ്രമം മുസ്ലിങ്ങളിൽ നിന്ന് ഉയർന്നപ്പോൾ മാത്രം.
സിപിഐഎം കേന്ദ്രകമ്മിറ്റി മെമ്പർ ഗോവിന്ദൻ മാഷ് രണ്ട് ദിവസം മുമ്പ് നടത്തിയ പ്രസംഗത്തിലെ നിരീക്ഷണം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ”വർഗീയവാദികൾ അങ്ങോട്ടും ഇങ്ങോട്ടും ഏറ്റ് മുട്ടുമ്പോൾ നമ്മൾ അവരായി അവരുടെ പാടായി എന്ന് പറഞ്ഞിരിക്കരുത്, ആര് ജയിക്കുന്നു, തോൽക്കുന്നു എന്നതല്ല വിഷയം. ആര് ജയിച്ചാലും തോറ്റാലും വർഗീയ ശക്തികൾ ശക്തിപ്പെടും, അത് അനുവദിക്കരുത്. ” ഇവിടെ ഇപ്പോൾ ക്രൈസ്തവ വർഗീയതയുടെ ശക്തിപ്പെടലുണ്ട്.അത് കാണാതെ, അറിയാതെ, ഇടപെടാതെ പോകുന്നതിൽ വലിയ വില നൽകേണ്ടി വരും.രാഷ്ട്രീയപരമായി സംഘിന്റെ അതെ മുദ്രാവാഖ്യമാണ് അവരും പിന്തുടരുന്നത്.



