രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് മേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന റിസർവ് ബാങ്ക് നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കേരളാ മന്ത്രിസഭാ യോഗത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുത് എന്നിവയാണ് ആർബിഐ ഏർപ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങൾ. ഈ വിഷയത്തിൽ സർക്കാർ എജിയോട് നിയമോപദേശം തേടും.
വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ അയക്കാനും ധാരണയായി. തുടർന്നുള്ള നടപടികൾക്ക് ധന- സഹകരണ മന്ത്രിമാരെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തിൽ 1,625 പ്രാഥമിക സഹകരണ ബാങ്കുകളെയും 15,000 ൽ അധികം സഹകരണ സംഘങ്ങളെയുമാണ് റിസർവ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കുന്നത്.



