| ദീപക് പച്ച
വലതുപക്ഷത്തിന്റെ ഏറ്റവും വലിയ സൗകര്യം അതിന്റെ രാഷ്ട്രീയം അധികം വിശദീകരണം ആവശ്യമില്ലാത്ത ലളിതയുക്തിയാണ് എന്നതാണ്. പി. എസ്. സി പരീക്ഷക്ക് ചോദിക്കുന്ന ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളും ഉത്തരങ്ങളും പോലെയാണത്. അതെ സമയം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അങ്ങനെയല്ല. അതെപ്പോഴും വിവരണാത്മകമാണ്. അതാണ് കമ്മ്യുണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.
ഉദാഹരണത്തിന്, മതം ഈ സമൂഹത്തിനു ആവശ്യമായ ഒന്നാണോ എന്നൊരു ചോദ്യം വർഗീയ രാഷ്ട്രീയം പറയുന്നവരോട് ചോദിച്ചാലും യുക്തിവാദികളോട് ചോദിച്ചാലും അവർ അതിന്റെ ഉത്തരം ഒറ്റവാക്കിൽ പറയും. എന്നാൽ, കമ്മ്യൂണിസ്റ്റുകാർക്ക് അങ്ങനെ ഒരിക്കലും കഴിയില്ല. “…മതങ്ങൾ ഇല്ലാതാകുന്ന കാലമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പക്ഷേ മതം മനുഷ്യർക്ക് നിലവിൽ ആശ്വാസം നൽകുന്നുണ്ട്. അതിനാൽ തന്നെ മതം ഇല്ലാതാകാണമെങ്കിൽ മതത്തെ ആശ്രയിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഭൗതിക സാഹചര്യം ഇല്ലാതാക്കണം..”. ഇത്രയെങ്കിലും കുറഞ്ഞത് കമ്മ്യൂണിസ്റ്റ് കാർക്ക് പറയേണ്ടി വരും. ഇതാണ് വെല്ലുവിളി. ഈ വിവരനാത്മക സ്വഭാവമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കരുത്ത്. അതാണ് അതിന്റെ പ്രയോഗത്തിലെ വെല്ലുവിളിയും.
ഇത് ഏക സിവിൽ കോഡ് വിഷയത്തിലും കാണാം. ഏക സിവിൽ കോഡ് വേണോ വേണ്ടയോ എന്ന ചോദ്യത്തിന് ഒരു കൂട്ടർ അടിയന്തരമായി വേണമെന്നും മറ്റൊരു കൂട്ടർ ഒരിക്കലും പാടില്ല എന്നും പറയുമ്പോൾ അങ്ങനെ ഒറ്റവാക്കിൽ ഒരു മറുപടി കമ്മ്യൂണിസ്റ്റ് കാർക്ക് പറയാൻ ആവില്ല. അത് എന്തെങ്കിലും വ്യക്തതക്കുറവ് ഉള്ളത് കൊണ്ടോ ആശയക്കുഴപ്പം ഉള്ളത് കൊണ്ടോ അല്ല. ഏക സിവിൽകോഡ് സംബന്ധിച്ചും, ഈ രാജ്യത്തെ ഇന്നത്തെ ഭരണത്തെ സംബന്ധിച്ചും, അതിന്റെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തെ സംബന്ധിച്ചും കൃത്യമായ ധാരണ കൊണ്ടുള്ള നിലപാടാണത്.
“അതുകൊണ്ടാണ് , നിലവിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള സാഹചര്യം രാജ്യത്തില്ല. ഇപ്പോൾ ചെയ്യേണ്ടത് വ്യക്തിനിയമത്തിന്റെ പരിഷ്ക്കാരമാണ്. നിയമം പാസാക്കിയാൽ അതു നടപ്പിൽ വരുത്താൻ പ്രയോജനപ്പെടുന്ന ശക്തിയേറിയ പൊതുജനാഭിപ്രായം ബന്ധപ്പെട്ട ജനവിഭാഗത്തിനിടയിൽ രൂപപ്പെട്ടു കഴിയുന്നതുവരെ നിയമം പാസാക്കുന്നത് മാറ്റിവെക്കുന്നതാണ് ബുദ്ധിപൂർവമായിട്ടുള്ളത്, അതുകൊണ്ടാണ് ഭരണഘടനയിൽ പോലും ഏകീകൃത സിവിൽ നിയമം മൗലിക പൗരാവകാശങ്ങളിൽ പെടുത്താതെ നിർദേശകതത്വങ്ങളിൽ മാത്രം പെടുത്തി വിട്ടുള്ളത്.” ഇതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ വിഷയത്തിലെ ഇപ്പോഴുള്ള നിലപാട്.
യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ രണ്ടത്ത് നിൽക്കുന്ന, ഒരൊറ്റ വാക്കിൽ നിലപാട് പറയുന്ന ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയവാദികളോട് ഇത് വിശദീകരിച്ചു കൊടുക്കുക എന്നത് ഒട്ടുമേ എളുപ്പമുള്ള പണിയല്ല. ആ പണി ഏറ്റെടുക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് കാരോട് ഈ സമയം ആവശ്യപ്പെടുന്നത്. “.. ഒരു രാജ്യത്ത്, എല്ലാവർക്കും ഒരു നിയമം അല്ലെ വേണ്ടത്..” എന്നത് കേൾക്കുമ്പോ ശരിയാണ് എന്ന് തോന്നുന്ന ലളിത യുക്തി മാത്രമാണ്. ഏകരൂപം (Uniformity )കൈവരുന്നു എന്നതിനർത്ഥം തുല്യത (Equality) കൈവരുന്നു എന്നല്ല എന്ന് വിശദീകരിക്കാൻ കഴിയണം.
തുല്യത ഉറപ്പ് വരുത്താൻ ഏകരൂപമായ നിയമമാണ് വേണ്ടതെങ്കിൽ ഭരണഘടന ശില്പികൾക്ക് അത് അന്ന് തന്നെ ആകാമായിരുന്നല്ലോ. ഇതാണ് വാസ്തവം എന്നിരിക്കെ ഇപ്പോൾ ധൃതിയിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞു ഏകീകൃത സിവിൽ കോഡ് നടത്താൻ ശ്രമിക്കുന്നവർ മറ്റൊരു ഭാഗത്തു രാജ്യത്തെ മതരാഷ്ട്രത്തിലേക്ക് നയിക്കുന്നവരാണ് എന്നത് നാം മറക്കരുത്.



