| സന്തോഷ് ടിഎൻ
അധ്യാപിക ആക്ഷേപിച്ചതിൽ മനംനൊന്ത് ഒരു ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തിട്ടുണ്ട് . വടക്കേഇന്ത്യയിലൊന്നുമല്ല, കേരളത്തിൽ . “എൻ്റെ കൊച്ച് ഒരു മാലയിട്ടാലോ കമ്മലിട്ടാലോ , അവർ ചോദിക്കും ഏതവൻ വാങ്ങിത്തന്നതാണെന്ന്” ! വിദ്യാർഥിക്ക് അധ്യാപകരിൽ നിന്നേറ്റ ക്രൂരഅധിക്ഷേപങ്ങളെക്കുറിച്ച് വിതുമ്പിപ്പറഞ്ഞു കുഞ്ഞിന്റെ അമ്മ . വിശ്വസിക്കാനാവില്ല അല്ലെ. കാരണം ഇടതുപക്ഷം ആണെങ്കിലും വലതുപക്ഷം ആണെങ്കിലും,കേരളത്തിന്റെ പൊതുഭരണ ദിശ നാളിതുവരെ നിര്‍ണയിച്ചു പോരുന്നത് (പ്രത്യേകിച്ചും വിദ്യാഭ്യാസ വ്യവസായത്തിൽ) സംഘടിത ജാതി മത സമുദായനേതാക്കള്‍ ആണ് എന്നതിനെ എത്രകാലം നമുക്ക് നമ്മുടെ പുരോഗമന മുഖംമൂടിക്കുള്ളിൽ മൂടിവെക്കാന്‍ പറ്റും.
സമൂഹത്തെ വിഭജിച്ചിരിക്കുന്നത് ഇടതുപക്ഷം വലതുപക്ഷം എന്ന രീതിയില്‍ മാത്രമല്ല,
സവര്‍ണ്ണരും അവര്‍ണ്ണരുമെന്നും കൂടിയാണ് . ചൂഷണം നിലനിൽക്കുന്നത് സാമ്പത്തികമായി മാത്രമല്ല സാമൂഹികമായികൂടിയാണ്. സാമൂഹികമായ ചൂഷണം നിലനിര്‍ത്തുന്നതിന്റെ ഇന്ത്യന്‍ രീതികൂടിയാണ് ജാതീയത.
തങ്ങളുടെ കാര്യത്തില്‍ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരേ പോലെയാണ് എന്ന് ദളിത് ആദിവാസികള്‍ പറയുമ്പോള്‍ അത്ഭുതം കൂറുന്ന നിഷ്‌കളങ്കര്‍ ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ ‘ഇടത്’ നമ്മുടെ മാത്രം ഇടതാണെന്നാണ്. ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ അതിജീവനത്തെ സംബന്ധിച്ച അതിപ്രധാനമായ ഒരു വിഷയം വന്നപ്പോള്‍ നമ്മുടെ ഇടതും നമ്മുടെ വലതുമെല്ലാം നിയമസഭയില്‍ ഒറ്റക്കെട്ടായിരുന്നു.സഖാവ് ഗൗരിയമ്മ ഒഴികെയുള്ള ബാക്കി മുഴുവന്‍ പേരും.
കുറത്തിയും കാട്ടാളനും കിരാതവൃത്തവും ശാന്തയും എഴുതിയ കടമ്മനിട്ട എംഎല്‍എ അടക്കം.
നമ്മുടെ കാല്‍പനികതയില്‍ പൊതിഞ്ഞ ദളിത് ആദിവാസി സ്‌നേഹം ഗ്രൗണ്ട് റിയാലിറ്റിയെ അഭിമുഖീകരിക്കേണ്ടി വരുന്ന നിര്‍ണ്ണായക നിമിഷത്തില്‍ അവസാനിക്കുന്ന ഒന്നു മാത്രമാണ് എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാകൂ. അതറിയണമെങ്കിൽ കേരളത്തിലെ എയ്‌ഡഡ് സ്‌കൂൾ കോളേജുകളിലേക്ക് പോകണം, അവിടത്തെ സ്റ്റാഫ് റൂമുകളിൽ പോകണം, ജാതി കോളനികൾ നിലനിൽക്കുന്ന ഏറ്റവും പ്രകടമായ ഇടമാണ് കേരളത്തിലെ എയ്‌ഡഡ് സ്‌കൂൾ ,കോളേജുകളിലെ സ്റ്റാഫ് റൂമുകൾ.
കേരളത്തിലെ 180 എയ്‌ഡഡ് കോളേജുകളിലെ 11,958 അദ്ധ്യാപിക അനദ്ധ്യാപകരില്‍ 65 പേര്‍ എസ് സി / എസ് ടി- അര ശതമാനം പോലുമില്ല . പഴയ കണക്കാണ് , എങ്കിലും കാര്യമായ വ്യത്യാസമൊന്നുമുണ്ടാകില്ല. ഇതിനെ അഡ്രസ്സ് ചെയ്‌താൽ നിലംപതിക്കാവുന്ന ഭരണസംവിധാനങ്ങൾ മാത്രമേ നാളിതു വരെ കേരളം കണ്ടിട്ടുള്ളൂ. വിമോചനസമരത്തിൻ്റെ ഹാങ്ങോവറിൽ നിന്നും ഇപ്പോഴും ഇടതുപക്ഷം മുക്തമായിട്ടില്ല.



