| ശ്രീകാന്ത് പികെ
മണിപ്പൂരിലെ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യം കണ്ട് ഞെട്ടിയ /ഞെട്ടുന്ന മനുഷ്യരുടെ കൂട്ടത്തിൽ പല മാധ്യമ പ്രവർത്തകരുമുണ്ട്. മുഖ്യധാരാ എന്നറിയപ്പെടുന്ന വലിയ ചാനലുകളിലും ദേശീയ മാധ്യമങ്ങളിലും പോലും ജോലി ചെയ്യുന്നവർ ഞെട്ടുകയാണ്. അവരുടെ ആത്മാർത്ഥതയെ ഒട്ടും കുറച്ചു കാണുന്നില്ല, അവരുടെ വികാരത്തെ അവിശ്വസിക്കുന്നുമില്ല. പക്ഷെ അവർ അടങ്ങുന്ന മാധ്യമ പ്രവർത്തകരും അവരുടെ മാധ്യമ സ്ഥാപനങ്ങളും പുലർത്തിയ മൗനത്തിന്റെ ഫലം കൂടിയാണ് ഇന്ന് നമ്മൾ കാണുന്നത്.
മണിപ്പൂർ ഇത് പോലെ നിന്ന് കത്താൻ തുടങ്ങിയിട്ട് മാസം മൂന്നിലധികമായി, ആക്രമിക്കപ്പെട്ട വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിലും ഗവണ്മെന്റ് കണക്ക് പോലുമില്ല, തല വെട്ടി എടുത്ത് കമ്പിൽ കോർത്ത് വച്ച അനേകം വാർത്തകൾ കേട്ടു, എന്തിന് ഈ കുക്കി പെൺ കുട്ടികളെ നഗ്നരാക്കി ബലാത്സംഗം ചെയ്ത പോലുള്ള നൂറ് കണക്കിന് സംഭവങ്ങൾ വേറെയുമുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.
എന്നിട്ട് ഇപ്പോൾ വരുന്ന ഈ വികാരം ഇത്ര നാളായി ഭൂരിപക്ഷ മധ്യ വർഗ്ഗത്തിന് വരാതിരിക്കാൻ കാരണമെന്താ? വികാരങ്ങൾ നിർമ്മിക്കുന്നതും ഇല്ലാതാക്കുന്നതും മാധ്യമങ്ങളാണ്, അവരിതുവരെ മണിപ്പൂർ കലാപവും വംശഹത്യയും വേണ്ട ഗൗരവത്തോടെ ജനങ്ങളോട് പറഞ്ഞിട്ടില്ല. ഈ നൂറ് ദിവസത്തിനിടക്ക് ആളും അർത്ഥവും ആവോളമുള്ള ഏത് മലയാള മാധ്യമമാണ് മണിപ്പൂർ വിഷയത്തിൽ കൊള്ളാവുന്ന ഒരു സ്റ്റോറി ചെയ്തത്? നാലാം കിട യൂ ട്യൂബ് ചാനൽ മുതലാളിക്ക് വേണ്ടി പ്രൈം ടൈം കണ്ണീരൊഴുക്കിയ ചാനൽ അടക്കം എത്ര ചാനലുകൾ മണിപ്പൂർ വിഷയത്തിനായി ഈ കാലയളവിൽ ഗൗരവത്തോടെയുള്ള മണിക്കൂറുകൾ മാറ്റി വച്ചു?
യുദ്ധ ഭൂമിയിൽ ചെന്ന് വിഷ്വലെടുത്തിട്ട് നമ്മുടെ മാദ്ധ്യമങ്ങൾ, ബാബറി മസ്ജിദ് തകർക്കുമ്പോഴും ഗുജറാത്ത് വംശ ഹത്യ കാലത്തും, എന്തിന് അടിയന്തരാവസ്ഥ കാലത്ത് പോലും പോയി റിപ്പോർട്ട് ചെയ്ത, ദൃശ്യങ്ങളും നാട്ടുകാരെ കാണിച്ച മാദ്ധ്യമ പ്രവർത്തകർ ഈ നാട്ടിലുണ്ട്. ടെക്നോളജി ഇത്രയും വികസിച്ച കാലത്ത് മണിപ്പൂരിൽ അത് സാധ്യമാകാഞ്ഞിട്ടല്ല, അവർ മനഃപൂർവം ദൃഷ്ടിയിൽ നിന്ന് മാറ്റിയതാണ്.
കർഷക സമര കാലത്ത് മുംബൈയിൽ നിന്ന് നാസിക്കിലേക്ക് കാൽ നടയായി നടന്ന കർഷകരുടെ തോല് പോയി ചോര കിനിയുന്ന കാലുകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് മാധ്യമങ്ങളും തദ്വരാ മധ്യ വർഗ്ഗവും അങ്ങോട്ട് നോക്കി അയ്യോ!! എന്ന് പരിതപിച്ചത്. അതിന് മുമ്പും ശേഷവും അതേ പാതയിലൂടെ അതേ കർഷകർ കാൽ നടയായി നടന്നിട്ടുണ്ട്. ആരും അറിഞ്ഞിട്ടില്ല, അറിഞ്ഞവർ തന്നെ കോട്ടു വാ ഇട്ട് കടന്ന് പോയി.
മണിപ്പൂരിൽ മാത്രമല്ല രാജ്യത്ത് പലയിടങ്ങളിലും കുറേ കാലമായി ഇത് തന്നെയാണ് നടന്ന് കൊണ്ടിരിക്കുന്നത്. മാസത്തിൽ രണ്ട് വച്ച് പശു കൊലകൾ നടക്കുന്നുണ്ട്, ദളിതന്റെ തലയിൽ മലമൂത്ര വിസർജ്ജനം നടക്കുന്നുണ്ട്, ദുരഭിമാന കൊലകൾ നടക്കുന്നുണ്ട്, മുസ്ലീം വീടുകളിൽ ബുൾഡോസർ കയറി ഇറങ്ങുന്നുണ്ട്, ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുന്നുണ്ട്, കണ്ണിൽ പിടിക്കാത്ത വേഷം ധരിച്ച എല്ലാവരെ കൊണ്ടും ജയ് ശ്രീറാം വിളിപ്പിക്കുന്നുണ്ട്, ബലാത്സംഗം ഒരു അധികാരവും പ്രതികാരവും ആഘോഷവുമായി മാറിയിട്ടുണ്ട്, മനുഷ്യർ നിന്ന് കത്തിയിട്ടുണ്ട്. ഇപ്പോൾ മാത്രം ഞെട്ടൽ തോന്നുവെങ്കിൽ അതിന് ആ ഞെട്ടൽ നോർമലൈസ് ചെയ്യപ്പെടേണ്ട ആയുസ്സ് മാത്രമേ ഉള്ളൂ.



