| അനു ദേവസ്യ
മഴയുടെ രൂപവും ഭാവവും മാറികൊണ്ടിരിക്കുകയാണ്. കനത്തു പെയ്യുന്ന മഴ മാത്രമാണ് ഇന്ന് എല്ലാർക്കും സുപരിചിതം. ജൂണിൽ എത്തിയിരുന്ന കാലവർഷവും കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൃത്യമായി മണ്ണിനെ തൊടാറില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി പെയ്തിരുന്ന മഴ കഥകളിലേക്ക് ഒതുങ്ങുന്നു. അതിഭീകരമായി പെയ്തിറങ്ങുന്ന ആളെക്കൊല്ലിയായി മഴ ചിത്രീകരിക്കപ്പെട്ടു തുടങ്ങി. ഓരോ മഴയും അവശേപ്പിക്കാനിരിക്കുന്ന ദുരന്തങ്ങളാവും പലരുടെയും ചിന്തകളിൽ. കാലാവസ്ഥയിലെ മാറ്റങ്ങൾ പഠനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വളരെ ഗൗരവകരമായി ഇവയെ നോക്കികാണേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വരും നാളുകളിൽ കാത്തിരിക്കുന്നത് കൊടിയ വരൾച്ചയുടെ നാളുകൾ ആവാം.
മലയിറങ്ങിപോയ നാല്പതാം നമ്പർ മഴയെ കുറിച്ച് പുതുതലമുറയ്ക്ക് അറിവുണ്ടാകണമെന്നില്ല. ഇടുക്കിയുടെ മലമുകളിൽ പെയ്തിറങ്ങിയ മഴയെ കുറിച്ച് ചുരുക്കം ആളുകൾക്ക് മാത്രമാകും അറിവുണ്ടാകുക. പണ്ട് ഇടുക്കിയിൽ നാല്പതാം നമ്പർ മഴ പെയ്തിരുന്നുവെന്ന് പഴമക്കാർ പറയാറുണ്ട്. നാല്പതാം നമ്പർ മഴ കണ്ടിട്ടുള്ളവർ ഭഗ്യവാന്മാരാണ് എന്നുപോലും പറയാറുണ്ട്. വളരെ നേര്‍ത്ത നൂലു പോലെ പെയ്യുന്ന മഴ… ആകാശത്തുനിന്ന് നേർത്ത നൂലുകള്‍ ഊര്‍ന്നുവീഴുന്നതുപോലെ മഴത്തുള്ളികൾ മണ്ണിൽ മുത്തമിടുന്നു. മഴ പെയ്യുന്നതിന്റെ ശബ്ദം പോലും കേൾക്കില്ല. വളരെ ശാന്തമായി മണ്ണിനെ തൊട്ടുതഴുകുന്ന നാല്പതാം നമ്പർ മഴ.
ഹൈറേഞ്ചുകാർ നാൽപതാം നമ്പർ എന്നു വിളിക്കുന്ന ഒരു നൂലുണ്ട്. നേർത്ത നൂലിന്റെ വണ്ണത്തെ സൂചിപ്പിക്കുന്ന പേരാണു നാൽപതാം നമ്പർ. തീർത്തും വണ്ണം കുറഞ്ഞ ആ നേരിയ നൂലുപോലെ പെയ്തിറങ്ങിയ മഴയെ പഴമക്കാർ വിളിച്ചതാണ് നാൽപതാം നമ്പർ മഴ. ദിവസങ്ങളോളം ആ മഴ പെയ്തിറങ്ങി. അസഹനീയമായ കോടയും മഞ്ഞുമുള്ള നാളുകൾ. രാവും പകലും തോരാതെ പെയ്യുന്ന മഴ… മരച്ചില്ലകളെ അനക്കാതെ… മണ്ണു പോലും അറിയാതെ മണ്ണിലേക്ക് ശാന്തമായി പതിക്കുന്ന അനുഗ്രഹ ധാര.. ഇടുക്കിയുടെ ഏലത്തോട്ടങ്ങളിൽ സമൃദ്ധി സമ്മാനിച്ചിരുന്നത് ഈ കാലാവസ്ഥ ആയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു… മുൻപ് ഉണ്ടായിരുന്ന വിളസമൃദ്ധി നഷ്ടപ്പെടുന്നതിൽ കാലാവസ്ഥ മാറ്റവും ഒരു പ്രധാനഘടകം തന്നെയാണ്.
കാലങ്ങൾ മൂന്നോട്ട് പോകുമ്പോൾ അമൂല്യമായ പലതും നഷ്ടമായി കൊണ്ടിരിക്കുകയാണ്. ആ നഷ്ടങ്ങള്‍ക്കിടയില്‍ ഹൈറേഞ്ചിന് നാൽപതാം നമ്പർ മഴ എന്ന പ്രതിഭാസവും ഉണ്ടാവും. മുൻപ് ഇവിടെ നാൽപതാം നമ്പർ മഴ പെയ്തിരുന്നു എന്നത് കഥയായി മാത്രമാകും അവതരിപ്പിക്കപ്പെടുക. ഒരു പതിറ്റാണ്ടിനപ്പുറം അത് വിസ്‌മൃതിയിലമരാം.



