| അനു ദേവസ്യ
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് എത്തുമ്പോൾ വിജയിച്ചത് സത്യവും ജനാധിപത്യവും ഇന്ത്യയും തന്നെയാണ്. പ്രതികരിക്കുന്നവരുടെ വായടപ്പിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല എന്ന് തെളിയിക്കുന്ന ഉത്തരവ്. നീതിന്യായവ്യവസ്ഥ പക്ഷാപാതപരമായി മാറിയിട്ടില്ലെന്നതിൻെറ തെളിവ്. ജനാധിപത്യ വിശ്വാസികൾക്ക് എന്നും ആശ്വാസം നൽകുന്ന വിധി.
ഇന്ന് സുപ്രീം കോടതിയിൽ നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്ക്ശേഷം രാഹുൽ ഗാന്ധിക്കെതിരായ രണ്ട് വർഷത്തെ ശിക്ഷാ വിധി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാൻ കഴിയും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ വർഗീയ ചുവയുള്ള പരാമർശങ്ങൾ ഉയർത്തുന്ന ഇന്ത്യയിൽ രാഹുൽഗാന്ധിക്ക് എതിരെമാത്രം പരാതി ഉയർത്തുകയും കീഴ്കോടതികളിൽ തികച്ചും പക്ഷപാതപരമായ വിധി ഉയരുകയും ചെയ്യുമ്പോൾ വെല്ലുവിളി അത് രാഹുൽഗാന്ധിക്കെതിരെ മാത്രമാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു പൗരൻെറയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളികൂടിയാണിത്.
മാപ്പ് പറയാൻ ഞാൻ സവർക്കർ അല്ലെന്ന് പറഞ്ഞ നേതാവ്. ഈ വിഷയത്തിലും മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഈ കേസ് എത്തുമ്പോൾ പരിഗണിക്കുക തനിക്ക് എതിരായ കേസ് മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ കുറിച്ചുള്ള കീറിമുറിച്ചുള്ള വലിയ ചർച്ചയ്ക്ക് കൂടി അത് വേദിയാകുമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് എന്തൊക്കെ പറയാം… പറയാൻ പാടില്ല… ഇത്തരം വിഷയങ്ങളിൽ കേസ് എടുക്കുക വഴി എന്തൊക്കെ സംഭവ വികാസങ്ങൾ ആണ് ഉണ്ടാകാൻ ഇടയുള്ളത്… ജനധിപത്യത്തിൻെറ ഭാവിയിൽ ഇതുകൊണ്ട് എന്തൊക്കെ ദോഷങ്ങൾ ഉണ്ടാവാം തുടങ്ങി വിശാലമായ ചർച്ചകൾക്ക് തന്നെയാവും സുപ്രീംകോടതി സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക.
സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ എംപി സ്ഥാനത്ത് നിന്നും അദ്ദേഹം മാറി നിൽക്കേണ്ടി വരും. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. അന്നിട്ടും മാപ്പ് പറയില്ലെന്ന് ഉറച്ച നിലപാട് പൗരന്റെ അഭിപ്രായ സ്വാതന്ത്രിന് മുകളിൽ ഭരണകൂടം കൂച്ചുവിലങ്ങിടാതിരിക്കാൻ ഒരു സുപ്രീം കോടതി നിരീക്ഷണം അത്യന്താപേക്ഷിതമാണെന്ന അദ്ദേഹത്തിൻെറ ദീർഘ വീക്ഷണമാണ്. ബിജെപി സർക്കാരിനോടുള്ള എതിർപ്പ് ആയി ഇതിനെ കാണാൻ കഴിയില്ല. ഭാവിയിൽ അധികാര മാറ്റം ഉണ്ടായാലും പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ഏകാധിപധികളായി ഭരണാധികാരികൾ മാറാതിരിക്കാൻ ഒരു മുൻകരുതൽ കൂടിയാണിത്.
രാഹുൽഗാന്ധി മാപ്പ് പറയാൻ തയാറാവുകയായിരുന്നെങ്കിൽ അല്ലെങ്കിൽ സുപ്രീംകോടതി വിധി പ്രതികൂലമാകുകയായിരുന്നെങ്കിൽ മോദിയെ വിമർശിക്കാൻ, വർഗീയതയ്ക്ക് എതിരെ ശബ്ദമുയർത്താൻ ആരുടേയും നാവുയരാത്ത സ്ഥിതി വിശേഷം ഉണ്ടായേനെ. ജനാധിപത്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ഥിതിവിശേഷത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്ന വിധിയാണ് ഉണ്ടായിട്ടുള്ളത്. സംഘപരിവാറിന്റെ ഏകാധിപത്യം നീതിന്യായ വ്യവസ്ഥയിൽ പ്രതിഫലിക്കില്ല എന്ന ബോധ്യവും.



