...
Home Entertainments വിരലുകൾ ജയസൂര്യയ്ക്ക് നേരെ ചൂണ്ടപ്പെടുമ്പോൾ

വിരലുകൾ ജയസൂര്യയ്ക്ക് നേരെ ചൂണ്ടപ്പെടുമ്പോൾ

ജയസൂര്യയ്ക്കു നാടിന്റെ ഭാവിയോര്‍ത്തുള്ള നെഞ്ചുരുകല്‍ ഇടയ്ക്കിടിയെ ഉണ്ടാകാറുള്ളതാണ്. ചെലവന്നൂര്‍ കായലിലെ കാറ്റും ഇളം വെയിലും കൊണ്ടിട്ടുള്ള മനസാക്ഷി കുത്തിന്റെ പാര്‍ശ്വഫലമാണ്.

428

| രാകേഷ് സനൽ

ജയസൂര്യക്ക് മന്ത്രിമാരെ വേദിയിലിരുത്തി വിമര്‍ശിക്കാം, വേണമെങ്കില്‍ മുഖ്യമന്ത്രിയോടും വിരല്‍ ചൂണ്ടി എതിരഭിപ്രായം പറയാം. ജയസൂര്യക്ക് മാത്രമല്ല, അയാളെക്കാള്‍ താരപ്പൊലിമ കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും അതിനുള്ള ജനാധിപത്യാവകാശം കേരളത്തിലുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎമ്മിന്റെ നേതാക്കളോ ഭീഷണിപ്പെടുത്തി കളയത്തൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉണ്ടാകാം, വാക്കാലുള്ള എതിര്‍പ്പിനപ്പുറം, ഒരു ജയസൂര്യയുടെയും തൊഴില്‍ മുടക്കി കളയുമെന്നോ, ജീവതം നശിപ്പിച്ചു കളയുമെന്നോ ഒരാളും വെല്ലുവിളിക്കില്ല.

ജയസൂര്യയ്ക്കു നാടിന്റെ ഭാവിയോര്‍ത്തുള്ള നെഞ്ചുരുകല്‍ ഇടയ്ക്കിടിയെ ഉണ്ടാകാറുള്ളതാണ്. ചെലവന്നൂര്‍ കായലിലെ കാറ്റും ഇളം വെയിലും കൊണ്ടിട്ടുള്ള മനസാക്ഷി കുത്തിന്റെ പാര്‍ശ്വഫലമാണ്. ചിരി വരുന്നത് അതുകൊണ്ടല്ല, ‘സര്‍ക്കാരിനെ വിമര്‍ശിച്ച ജയസൂര്യക്കെതിരേ പകപോക്കലു’ണ്ടാകുമെന്നു പറഞ്ഞു തുള്ളുന്ന മറ്റു ചിലരെ കണ്ടിട്ടാണ്.

മന്ത്രിമാരായ പി. പ്രസാദും പി. രാജീവും ജയസൂര്യയുടെ അഭിപ്രായങ്ങളോടും വിമര്‍ശനങ്ങളോടും എങ്ങനെയാണ് പ്രതികരിച്ചതെന്ന് എല്ലാവരും ആ വീഡിയോയില്‍ കണ്ടു കാണും. അതേ വേദിയില്‍ തന്നെയാണ് രണ്ടു മന്ത്രിമാരും മറുപടി പറഞ്ഞത്. ഒരു വാക്കില്‍ പോലും നടനെ ഇകഴ്ത്തിയോ, എതിര്‍ത്തോ മന്ത്രിമാര്‍ സംസാരിച്ചിട്ടില്ല.

2013 ലാണ് ജയസൂര്യ റോഡിലെ കുഴികള്‍ അടയ്ക്കാനിറങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷനിലും യുഡിഎഫിന്റെ ഭരണമായിരുന്നു. ചെറിയൊരു കണക്ക് സൂചിപ്പിച്ചിട്ട് ബാക്കി പറയാം, 2012 ലെ കണക്ക് പ്രകാരം എറണാകുളം ജില്ലയില്‍ 5251 റോഡപകടങ്ങള്‍ ഉണ്ടായി, അതില്‍ 437 മനുഷ്യര്‍ കൊല്ലപ്പെട്ടു. ആ കാലത്ത് കൊച്ചിയിലെ റോഡുകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴും കൈയിലുണ്ട്. അങ്ങനെയൊരു റോഡ് കണ്ടപ്പോഴാണ് ജയസൂര്യയിലെ പൗരധര്‍മം കുഴിമൂടാന്‍ ഇറങ്ങിയത്.

ആ പ്രവര്‍ത്തിയില്‍ നടനെ കളിയാക്കിയും വിമര്‍ശിച്ചും രംഗത്ത് വന്ന രണ്ടു പ്രധാനികള്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും, കൊച്ചി മേയര്‍ ടോണി ചമ്മണിയുമായിരുന്നു. റോഡിന്റെ പേരിലുള്ള അഭിനയം വേണ്ടെന്നായിരുന്നു മേയറുടെ കളിയാക്കാല്‍. പബ്ലിസിറ്റി സ്റ്റണ്ടാണെന്നും പറഞ്ഞു. രാജീവോ പ്രസാദോ ചോദിച്ചില്ല, കൃഷിയെക്കുറിച്ച് പറയാന്‍ താനാരാ, കൃഷിക്കാരനാണോയെന്ന്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മണിയെന്ന മേയര്‍ അന്നു കണ്ടെത്തിയത്, ജയസൂര്യ റോഡിലെ കുഴിയടച്ചത് ശാസ്ത്രീയമായിട്ടല്ല എന്നാണ്.

ജയസൂര്യ ചെയ്തത് ശരിയല്ലെന്ന് സമര്‍ത്ഥിക്കാന്‍ മേയര്‍ക്കുണ്ടായിരുന്ന മറ്റൊരു ചോദ്യം, സ്വന്തം കുട്ടിക്ക് അസുഖം വന്നാല്‍ സ്വയം ചികിത്സിക്കുമോ ഡോക്ടറെ കാണിക്കുമോ എന്നായിരുന്നു. ഇതെല്ലാം കഴിഞ്ഞാണു കേട്ടോ പാലാരിവട്ടം പാലത്തിന്റെ കഥയൊക്കെ നമ്മള് കേള്‍ക്കുന്നത്. അന്നെത്രത്തോളം സഹിഷ്ണുത കോണ്‍ഗ്രസുകാര്‍ ജയസൂര്യയോട് കാണിച്ചിരുന്നുവെന്നതിന് ഇനിയുമെഴുതേണ്ട കാര്യങ്ങളുണ്ട്., പക്ഷേ നീട്ടുന്നില്ല.

ഇതേ ആള്‍ക്കാരാണല്ലോ, ന്യായമായി നടന്നൊരു സംവാദം വെടക്കാക്കി തനിക്കാക്കാന്‍ നോക്കുന്നതെന്നോര്‍ക്കുമ്പോള്‍ ചരിക്കാതെ മറ്റെന്ത് ചെയ്യാന്‍? ഇനി അടുത്ത കൂട്ടര്‍, വിമര്‍ശനങ്ങളെ നറുവെണ്ണ പോലെ രുചിക്കുന്നവര്‍. അവരെക്കുറിച്ച് എന്തോ പറയാന്‍. ‘ ഞങ്ങള് വിചാരിച്ചാല്‍ സിനിമ ഓടിക്കില്ലെന്ന് വിരട്ടി കളയുന്ന ഗോപാലകൃഷ്ണന്‍മാരുടെ പാര്‍ട്ടിക്കാര് ആരെയെങ്കിലും സപ്പോര്‍ട്ട് ചെയ്താലാണ് അവര്‍ക്ക് പ്രശ്‌നമെന്ന മാത്രം ജയസൂര്യ മനസിലാക്കുക. പിന്നെ, ജയേട്ടാ….രാജ്യത്തെ കര്‍ഷകര്‍ ഒരു വര്‍ഷത്തോളം സമരം ചെയ്ത സംഭവമൊക്കെ ഇന്ത്യയില്‍ നടന്നായിരുന്നു കേട്ടോ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.