സനാതന ധര്‍മ്മ പരാമര്‍ശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപനപരമായ ആഹ്വാനങ്ങൾ ഉയർന്നുകഴിഞ്ഞു. അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ കൊലവിളി ഉയർത്തിയതോടെ വിഷയം വീണ്ടും കടുത്തിരിക്കുകയാണ്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം പ്രഖ്യാപിച്ച ജഗദ്ഗുരു പരമഹംസ ഉദയനിധിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.
‘ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്ന’ ചെന്നൈയില്‍ നടന്ന സമ്മേളനത്തിലെ ഉദയനിധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് വഴി തുറന്നത്. സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്‌ഷ്യം വയ്ക്കുന്നതാണ് ഉദയനിധിയുടെ പരാമർശം എന്നാണ് സംഘപരിവാർ ആരോപണം. രാജ്യത്തിൻെറ പല ഭാഗത്തായി വിഷയത്തെ ആളി കത്തിച്ച് കേസ് കൊടുക്കുകയും ചെയ്യുക വഴി ഒരു വിഭജന വിഷയമാക്കി സനാതന ധര്‍മ്മ പരാമര്‍ശത്തെ മാറ്റുകയാണ് സംഘപരിവാർ ചെയ്യുന്നത്.
ജാതിവ്യവസ്ഥ എന്ന വിഷത്തെ തുടച്ചുനീക്കണമെന്ന ഉദ്ദേശശുദ്ധിയോടെ മാത്രമാണ് ഉദയനിധിയുടെ പരാമർശമെന്ന് പ്രത്യക്ഷത്തിൽ തന്നെ മനസിലാക്കാൻ കഴിയുമ്പോൾ പോലും ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതാണെന്നു വിശ്വസിക്കുന്ന, ആഗ്രഹിക്കുന്ന സംഘപരിവാറിൻെറ ഉദ്ദേശലക്ഷ്യത്തെ ഉദയനിധിയുടെ പരാമർശത്തിൽ അടിച്ചുറപ്പിക്കുകായണ് നിലവിൽ സംഭവിക്കുന്നത്. ഇതിനെ മുഴുവൻ ഹിന്ദുക്കളുടെയും നിലപാടാക്കി മാറ്റാനുള്ള അജണ്ടയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
തമിഴ്‌നാട്ടിൽ ഒട്ടും തന്നെ ചർച്ച ചെയ്യപ്പെടാത്ത വിഷയമായി ഉദയനിധിയുടെ പരാമർശം മാറുമ്പോഴും ഉത്തരേന്ധ്യയിൽ വിഷയത്തെ വിവാദമാക്കുന്നതിന് പിന്നിൽ ഇന്ത്യ സഖ്യത്തിനെതിരായ പ്രതിരോധവും ഉൾപ്പെടുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡി എം കെ യുടെ പ്രമുഖ നേതാവിൻെറ പരാമർശം എന്നത് തന്നെയാണ് സംഘപരിവാർ ഇതിനെ ഒരു വിഭജന വിഷയമായി ഉയർത്തികൊണ്ടുവരുന്നതിന് പിന്നിലും.
ജാതിവ്യവസ്ഥ എന്ന ക്രൂരമായ സാമൂഹിക വിഭജനത്തെ സാധൂകരിക്കുന്ന വിധത്തിൽ സനാതന ധര്‍മ്മത്തെ ഉയർത്തികൊണ്ട് വരുകയും അതിന് ഒരു അടിത്തറ നൽകുകയും ചെയ്യുന്നതിനെ പ്രതിരോധിക്കുക എന്ന ഡി എം കെ യുടെ പ്രത്യക്ഷ നിലപാടിനെ തമിഴ്‌നാട് ഇരുകൈകളും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. എന്നാൽ ഇന്ത്യ മുന്നണിക്ക് പ്രതിരോധം തീർക്കാൻ വിഷയം രാഷ്ട്രീയ ആയുധമാക്കി പ്രയോജനപ്പെടുത്തുക എന്ന അജണ്ടയാണ് ഉത്തരേന്ത്യയിൽ നടപ്പിലായിക്കൊണ്ടിരിക്കുന്നത്.



