2016 ഡിസംബർ അഞ്ചാം തിയതി . തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തൻ്റെ അവസാന യാത്രയിലാണ്. രാജ്യത്തിനുള്ളിലുള്ളവരുടെ മാത്രമല്ല വിദേശികളുടെ കണ്ണുകളും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ഏറ്റവും ശക്തയായ സ്ത്രീയുടെ ശവസംസ്കാര ചടങ്ങുകളിലായിരുന്നു. സംസ്കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ കണ്ണുനീർ വാർത്തുകൊണ്ടിരുന്ന കണ്ണുകളിൽ പോലും ചോദ്യചിഹ്നമുയർന്നു.
ജയലളിതയുടെ ഭൗതിക ശരീരം അഗ്നിയിൽ സംസ്കരിക്കുകയല്ല ചെയ്യുന്നതെന്നുള്ളതായിരുന്നു ആ ആശങ്കകൾക്കു കാരണം. പകരം ശരീരം കുഴിച്ചു മൂടുകയാണ്. ഹിന്ദു പേരുള്ള ഒരാളെ എന്തുകൊണ്ടാണ് കുഴിച്ചുമൂടുന്നത്? ജയലളിതയെ സംസ്കരിച്ച ഇടത്ത് പിൽക്കാലത്ത് ശവകുടീരവും ഉയർന്നിരുന്നു.
അതുപോലെതന്നെ 2018-ൽ, ജയലളിതയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായിരുന്ന എം. കരുണാനിധി അന്തരിച്ചപ്പോഴും ഈ കാഴ്ച തന്നെ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ ഭൗതിക ദേഹവും അഗ്നിക്കിരയാക്കാതെ കുഴിച്ചു മുടപ്പെട്ടു. അപ്പോഴും ആ ചോദ്യമുയർന്നു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന പ്രസക്തമായ ചോദ്യം.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിത
ഈ ചോദ്യങ്ങൾക്കുത്തരം ജയലളിതയും കരുണാനിധിയും ദ്രാവിഡ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. ദ്രാവിഡ പ്രസ്ഥാനം ഹിന്ദുമതത്തിലെ ബ്രാഹ്മണ പാരമ്പര്യത്തിലും സംസ്കാരത്തിലും ആചാരത്തിലും വിശ്വസിക്കുന്നില്ല. ബ്രാഹ്മണിസത്തെ എതിർക്കാൻ അടിത്തറ പാകിയ ദ്രാവിഡ പാർട്ടിയുടെ നേതാക്കളായിരുന്നു ജയലളിതയും കരുണാനിധിയുമൊക്കെ. ബ്രാഹ്മണിസത്തോടുള്ള ഈ എതിർപ്പിൻ്റെ പ്രതീകമെന്ന നിലയിലാണ് ദ്രാവിഡ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആളുകൾ മരണശേഷം ദഹന രീതിക്കു പകരം കുഴിച്ചുമൂടൽ രീതി സ്വീകരിക്കുന്നത്.
ദ്രാവിഡ പാരമ്പര്യവും സനാതന ധർമ്മവും
മൃതദേഹങ്ങൾ അഗ്നിയിൽ ദഹിപ്പിക്കാതെ കുഴിച്ചുമൂടുന്ന ദ്രാവിഡ പ്രസ്ഥാനത്തിൻ്റെ ഈ ആചാരം മാത്രം മതി സനാതന പാരമ്പര്യത്തെ അവർ എത്രത്തോളം എതിർക്കുന്നുണ്ടെന്ന് വ്യക്തമാകാൻ. സനാതന പാരമ്പര്യം ഇല്ലാതാകേണ്ടതാണെന്ന എന്ന ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന എത്തിയതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കോലാഹലമാണ് ഇയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ദ്രാവിഡരും സനാതനധർമ്മക്കാരും തമ്മിലുള്ള എതിർപ്പും സംഘർഷവും വീണ്ടും ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.
ഉദയനിധിയുടെ വാക്കുകളിലെ ദ്രാവിഡ മാതൃക
സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നാണ് ഉദയനിധി ചൂണ്ടിക്കാട്ടുന്നത്. ചില കാര്യങ്ങളെ എതിർക്കാനാവില്ല, ഇല്ലാതാക്കുകയാണ് വേണ്ടത്. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാനാവില്ല. നമ്മൾ അവയെ നശിപ്പിച്ചുകളയണം. അതുപോലെ സനാതനത്തെയും നശിപ്പിക്കണം. സനാതൻ എന്ന പേര് സംസ്കൃതത്തിൽ നിന്നാണ്. എന്താണ് സനാതനമെന്നും തൻ്റെ പ്രസംഗത്തിനിടയിൽ ഉദയനിധി ചോദിച്ചു. സനാതൻ എന്നാൽ ഒന്നും മാറ്റേണ്ടതില്ലെന്നും എല്ലാം ശാശ്വതമാണെന്നുമാണെന്ന് അദ്ദേഹം തന്നെ മറുപടിയും പറഞ്ഞു. എന്നാൽ ദ്രാവിഡ രീതി അങ്ങനെയല്ല. മാറ്റം ആവശ്യപ്പെടുകയും ഏവർക്കും തുല്യത വേണമെന്ന് വാദിക്കുകയും ചെയ്യുന്ന രീതിയാണ് ദ്രാവിഡമെന്നും അദ്ദേഹം വ്യക്തമാക്കി.
സനാതന- ദ്രാവിഡ സംഘർഷചരിത്രം
ജാതി വിവേചനവും തൊട്ടുകൂടായ്മയുമാണ് ദ്രാവിഡരും സനാതനരും തമ്മിലുള്ള സംഘർഷത്തിൻ്റെ മൂലകാരണം. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഇത് സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ദ്രാവിഡ- സനാതന ഏറ്റുമുട്ടലിന് രാഷ്ട്രീയവും സാമൂഹികവുമായ അംഗീകാരം നൽകിയ സംഭവം നടന്നത് സ്വാതന്ത്ര്യത്തിന് ഏകദേശം 20 വർഷം മുമ്പാണ്, അതിൻ്റെ വേരുകൾ ചെന്നെത്തി നിൽക്കുന്നത് തിരുവിതാംകൂറിലുമാണ്.
പോരാട്ട തുടക്കം തിരുവിതാംകൂർ
1924 ൽ ഇന്നത്തെ കേരളത്തിൻ്റെ ഭാഗമായ തിരുവിതാംകൂറിലാണ് ദ്രാവിഡ- സനാതന പ്പോരാട്ടങ്ങളുടെ പുതിയ തുടക്കം നടന്നതെന്ന് വേണമെങ്കിൽ പറയാം. രാജാവിൻ്റ ഉടമസ്ഥതിലുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് വഴിനടന്നുകൂടെന്ന ഉത്തരവ് എത്തിയത് അപ്പോഴാണ്. ഇത് ദലിതർ ഉൾപ്പെടുന്ന താഴ്ന്ന ജാതിക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ഉത്തരവ് പരസ്യമായി എതിർത്ത് അവർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിനെതിരെ പോരാടുന്ന നേതാക്കളെ രാജാവിൻ്റെ ആജ്ഞ പ്രകാരം തിരുവിതാംകൂർ പൊലീസ് അറസ്റ്റു ചെയ്തു. നേതാക്കൾ ജയിലിലായതോടെ സമരസമിതി നേതൃത്വരഹിതമായി മാറി. ആ സമയത്താണ് ദലിതരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും തൻ്റെ സുഹൃത്തു കൂടിയായ തിരുവിതാംകൂർ രാജിനെ എതിർത്ത് മാസങ്ങളോളം ജയിൽ ശിക്ഷ അനൃുഭവിക്കുകയും ചെയ്ത പെരിയാറിൻ്റെ കടന്നുവരവ് സംഭവിച്ചത്.
പെരിയാർ
ഇവി രാമസ്വാമി എന്ന പെരിയാറിന് തമിഴ്നാടിൻ്റെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ആഴത്തിലുള്ള സ്വാധീനമാണുള്ളത്. അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും തമിഴ്നാട്ടിൽ നിലനിൽക്കുന്നുണ്ട്. അനുഭാവികളും എതിരാളികളും ഒരുപോലെ ബഹുമാഎനിക്കുന്ന വ്യക്തിത്വമായിരുന്നു പെരിയാർ. കമ്മ്യൂണിസ്റ്റുകൾ, ദളിത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, തമിഴ് ദേശസ്നേഹികൾ, യുക്തിവാദികൾ, ഫെമിനിസ്റ്റുകൾ എന്നിവരൊക്കെ അദ്ദേഹത്തിൻ്റെ വാക്കുകൾ ഉദ്ധരിക്കുകയും അദ്ദേഹത്തെ വഴികാട്ടിയായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. യുക്തിവാദിയും നിരീശ്വരവാദിയും അധഃസ്ഥിതരുടെ പിന്തുണയുള്ളവനുമായ പെരിയാർ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ കണ്ട വ്യക്തി കൂടിയാണ്.
പെരിയാറിൻ്റെ പ്രസ്ഥാനം?
തിരുവിതാംകൂർ സംഭവതത്തിൽ പ്രതിഷേധിച്ച് പെരിയാർ മദ്രാസ് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുകയും തിരുവിതാംകൂറിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തിരുവിതാംകൂറിൽ എത്തിയ അദ്ദേഹത്തിന് സുഹൃത്തായ മഹാരാജാവ് രാജകീയ സ്വീകരണം നൽകിയെങ്കിലും അദ്ദേഹം ഈ സ്വീകരണം നിരസിക്കുകയും രാജാവിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ചേരൻമാദേവി നഗറിലെ കോൺഗ്രസ് ഫണ്ടിൽ പ്രവർത്തിക്കുന്ന സുബ്രഹ്മണ്യം അയ്യരുടെ സ്കൂളിൽ ഭക്ഷണം വിളമ്പുമ്പോൾ ബ്രാഹ്മണ-ബ്രാഹ്മണേതര വിദ്യാർത്ഥികളോട് വിവേചനം പ്രകടിപ്പിക്കുന്ന വാർത്ത പുറത്തു വന്നത് ഈ സമയത്താണ്.
ബ്രാഹ്മണ-ബ്രാഹ്മണേതര സംഘർഷം
ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ എല്ലാ വിദ്യാർത്ഥികളെയും തുല്യമായി കാണണമെന്ന് പെരിയാർ സുബ്രഹ്മണ്യൻ അയ്യരോട് ആവശ്യപ്പെട്ടു. പക്ഷേ ഇക്കാര്യത്തിൽ അയ്യർ കൃത്യമായ തീരുമാനം എടുത്തില്ല. തുടർന്ന് പെരിയാർ കോൺഗ്രസ് ഫണ്ട് തടയാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ ഇക്കാര്യത്തിൽ പെരിയാറിന് വിജയിക്കാൻ കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം കോൺഗ്രസ് വിട്ട് സ്വന്തം പ്രസ്ഥാനം ആരംഭിക്കുകയായിരുന്നു. ബ്രാഹ്മണരല്ലാത്തവരിൽ ആത്മാഭിമാനം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു പ്രസ്ഥാനത്തിൻ്റെ ഉദ്ദേശ്യം. ഇവിടെ ദ്രാവിഡർ എന്ന പദം ബ്രാഹ്മണരല്ലാത്തവരെയാണ് സൂചിപ്പിക്കുന്നതെന്നും അതിനാൽ ഈ പോരാട്ടം ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലാണെന്നും പെരിയാർ വ്യക്തമാക്കുകയും ചെയ്തു.
പെരിയാറിൻ്റെ ആത്മാഭിമാന പ്രസ്ഥാനം
പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനഗമാണ് 1944-ൽ ദ്രാവിഡർ കഴകമായി മാറിയത്. പെരിയാർ പല സനാതന സമ്പ്രദായങ്ങളും നിരസിക്കുകയും വിവാഹത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. ശൈശവവിവാഹം നിർത്തലാക്കൽ, വിധവകൾക്ക് പുനർവിവാഹം ചെയ്യാനുള്ള അവകാശം, പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള അവകാശം, വിവാഹത്തിൽ അന്തർലീനമായ പവിത്രതയെക്കാൾ ഒരു പങ്കാളിത്തമായി കണക്കാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മുൻനിർത്തി അദ്ദേഹം പ്രചരണം നടത്തി. ഒരു കുട്ടിയുണ്ടാകാൻ വേണ്ടി മാത്രം വിവാഹം കഴിക്കാതെ വിദ്യാഭ്യാസം സ്വീകരിക്കാൻ അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെട്ടു.
ഡിഎംകെ പിന്തുടരുന്ന പ്രത്യയശാസ്ത്രം
സമുഹത്തിൽ അന്തർലീനമായിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും വിവേചനങ്ങൾക്കും കാരണമായ വേരുകൾ വൈദിക ഹിന്ദുമതത്തിലുണ്ടെന്ന് പെരിയാർ വിശ്വസിച്ചു, അത് സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കുകയായിരുന്നു. അതിൽ ബ്രാഹ്മണർ ജാതിയിൽ മുകളിലായിരുന്നു വന്നിരുന്നത്. അതുകൊണ്ടുതന്നെ വൈദിക മതത്തിൻ്റെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെയും അധികാരം തകർക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരു കടുത്ത നിരീശ്വരവാദി എന്ന നിലയിൽ അദ്ദേഹം ദൈവത്തിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. ആ പെരിയാറിൻ്റെ പ്രത്യയശാസ്ത്രം പിൻപറ്റിയാണ് ഡിഎംകെ പാർട്ടി വളർന്നുവന്നത്. അതുകൊണ്ടാണ് ദ്രാവിഡ വിഭാഗം സനാതനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നതും. തൻ്റെ പ്രസംഗത്തിനിടെ സനാതന ആശയങ്ങളെ വിമർശിക്കുന്നതിനടയിൽ ദ്രാവിഡ മാതൃകയെ അദ്ദേഹം പുകഴ്ത്തിയതും അതുകൊണ്ടുതന്നെയാണ്.
ദ്രാവിഡ സമരം ചരിത്രകാരന്മാരുടെ കണ്ണിൽ
ദ്രാവിഡവും സനാതനവും തമ്മിലുള്ള സംഘർഷവും ആര്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ആര്യന്മാർ ഇന്ത്യയിലേക്ക് അധിനിവേശം നടത്തിയവരാണെന്ന കാര്യത്തിൽ ചരിത്രകാരൻമാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. അതുപോലെ ദ്രാവിഡവും ആര്യ- സനാതനവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. ദ്രാവിഡ നാഗരികതയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ദ്രാവിഡമാണ് ഇന്ത്യയിലെ ഏറ്റവും പഴയ നാഗരികതകളിൽ ഒന്നെന്നാണ്. ഈ നാഗരികത തെക്ക് മാത്രമല്ല, വടക്കും വ്യാപിച്ചിരുന്നു. കാലക്രമേണ ഇവയിലും കുടിയേറ്റമുണ്ടായി. പ്രത്യേകിച്ച് വടക്കൻ മേഖലയിലെ ദ്രാവിഡർ ബലൂചിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയി. ഈ വാദം ഉയർന്നതിൻ്റെ അടിസ്ഥാനം തന്നെ അഫ്ഗാനിസ്ഥാനിൽ തങ്ങിയ ദ്രാവിഡരുമായി ബന്ധപ്പെട്ടാണ്. ബ്രാഹുയി സമൂഹം ഇതിനുദാഹരണമാണ്. അവരുടെ ഭാഷ തമിഴിനും തെലുങ്കിനും സമാനമാണെന്നുള്ളതും ശ്രദ്ധേയമാണ്.
പിൽക്കാലത്ത് ദ്രാവിഡർ ഉത്തരേന്ത്യയിൽ നിന്ന് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറി, എന്നാൽ ഈ നാഗരികത ദക്ഷിണേന്ത്യയിൽ തഴച്ചുവളരുകയായിരുന്നു. ഇന്നും, ദക്ഷിണേന്ത്യയിൽ, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷ-സംസ്കാരം ഉള്ളവരെ ദ്രാവിഡന്മാർ എന്നും അവരുടെ ഭാഷകളെ ദ്രാവിഡ ഭാഷകൾ എന്നും വിളിക്കുന്നു.
ആര്യന്മാരുമായി ബന്ധപ്പെട്ട മറ്റൊരു സിദ്ധാന്തം:
ആര്യന്മാരുമായി ബന്ധപ്പെട്ട മറ്റൊരു സിദ്ധാന്തവുമുണ്ട്. ആ സിദ്ധന്തത്തിൽ പറയുന്നതു പ്രകാരം ആര്യന്മാർ ദ്രാവിഡരെ വടക്ക് നിന്ന് ആക്രമിച്ച് തെക്ക് ഭാഗത്തേക്ക് തുര്തുകയായിരുന്നു. ആര്യൻമാർ പുറത്തു നിന്നെത്തിയവരാണെന്ന വാദം പല ചരിത്രകാരൻമാരും തള്ളിക്കളയുന്നുണ്ട്. അതുകൊണ്ടുതന്നെ ആര്യൻമാർ ദ്രവീഡിയരെ തെക്കിലേക്ക് തുരത്തിയെന്ന വാദം പലരും അംഗീകരിക്കുന്നില്ല എന്നുള്ളയാണ് യാമഥാർത്ഥ്യം. അതേസമയം ആര്യ എന്നത് ഏതെങ്കിലും ഒരു നാഗരികതയുടെ പേരല്ലെന്നും പ്രത്യയശാസ്ത്രത്തിൻ്റെ പേരാണെന്നും അഭിപ്രായമുണ്ട്.
ആര്യ- ദ്രാവീഡിയരുടേയും പൂർവ്വികർ ഒന്ന്?
2009ൽ പുറത്തുവന്ന മറ്റൊരു റിപ്പോർട്ട് ആര്യന്മാരും ദ്രാവിഡൻമാരും തമ്മിലുള്ള സംഘർഷത്തെ തള്ളിക്കളയുന്നുണ്ട്. വാസ്തവത്തിൽ, ഫിൻലാൻഡ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഇന്ത്യക്കാരുടെ ഡിഎൻഎയിൽ ഗവേഷണം നടത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഒരു പുതിയ വാദം ഉയർന്നുവരികയും ചെയ്തിരുന്നു.
എല്ലാ ഇന്ത്യക്കാരുടെയും ക്രോമസോമുകൾ ഏതാണ്ട് ഒരുപോലെയാണെന്നും ഇത് എല്ലാ സമുദായങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് തെളിയിക്കുന്നതാണെന്നും ഉള്ളതായിരുന്നു ആ വാദം. ക്രോമസോമുകളുടെ അടിസ്ഥാനത്തിൽ ആര്യന്മാരും ദ്രാവിഡരും തമ്മിൽ വേർതിരിവില്ലെന്നും ഈ വാദത്തിൽ ചൂണ്ടിക്കാട്ടുന്നു. സെൻ്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയുടെ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ലാൽജി സിങ്ങും സമാനമായ വാദം ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 25 വ്യത്യസ്ത ജാതി ഗ്രൂപ്പുകളുടെ ഡിഎൻഎ താരതമ്യപ്പെടുത്തിയാണ് ഈ വാദത്തിനു കാരണമായ ഗവേഷണം നടത്തിയത്.
( കടപ്പാട്- ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ലേഖനം )



