...
Home News Kerala വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി

വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യോമസേനയുടെ സഹായത്തോടെ അതിവേഗം ദുരന്തനിവാരണ സേനാ അംഗങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു ഉദ്ദേശം.

286

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിൽ വ്യോമസേന ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തി. ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നപക്ഷം രക്ഷാപ്രവർത്തനങ്ങൾക്ക് സത്രം എയർസ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം എൻസിസിക്കും സർക്കാരിനും കത്ത് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. കോയമ്പത്തൂർ കുളൂരുവിൽ നിന്നുമാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ ഹെലികോപ്റ്റർ 11 മണിയോടെ സത്രം എയർ സ്ട്രിപ്പിലേക്ക് തിരിച്ചു.

മൂന്ന് തവണ എയർസ്ട്രിപ്പിന് ചുറ്റും വലം വച്ച് നിരീക്ഷണം നടത്തിയതിനുശേഷം ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യോമസേനയുടെ സഹായത്തോടെ അതിവേഗം ദുരന്തനിവാരണ സേനാ അംഗങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു ഉദ്ദേശം.

പരീക്ഷണ പറക്കൽ വിജയകരമായിരുന്നുവെന്നും ചില നിർദേശങ്ങൾ പരിശോധന സംഘം നൽകിയിട്ടുണ്ടെന്നും ഇത് എൻ.സി.സി യെ അറിയിക്കുമെന്നും ഗ്രൂപ്പ്‌ ക്യാപ്റ്റൻ എ.ജി ശ്രീനിവാസ അയ്യർ പറഞ്ഞു. പരിശോധന റിപ്പോർട്ട് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. എൻ സി സി കേഡറ്റുകളുടെ പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ഇവിടെ ചെറുവിമാനം വിജയകരമായി ലാൻഡ് ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.