| കെ സഹദേവന്
‘മേക് ഇന്‍ ഇന്ത്യ’ , ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’, ‘ബേട്ടി ബചാവോ; ബേട്ടി പഠാവോ’, ‘സ്മാര്‍ട്ട് സിറ്റീസ്’, ‘നമാമി ഗംഗേ’, ‘ഫസല്‍ ഭീമാ യോജന’, ‘തളികാ സമ്പദ്ശാസ്ത്രം’, ‘കാശി ടു ക്യോട്ടോ’, ‘ഫസല്‍ ഭീമാ യോജന’, ‘ബുള്ളറ്റ് ട്രെയിന്‍’, ‘ഡിജിറ്റല്‍ ഇന്ത്യ’, ‘ആയുഷ്മാന്‍ ഭാരത്’….. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലയളവില്‍ മോദിയുടെ നാവില്‍ നിന്ന് നാം കേട്ട നിരവധി പദ്ധതികളില്‍/മുദ്രാവാക്യങ്ങളില്‍ ചിലത് മാത്രമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.
വ്യക്തമായ ഭൂരിപക്ഷത്തോടെ രാജ്യം ഭരിച്ച നരേന്ദ്ര മോദിയുടെ ഭരണം ഒരു ദശകം പൂര്‍ത്തിയാക്കാനിരിക്കെ, ‘അച്ഛേദിനി’ല്‍ നിന്നും ‘അമൃതകാല’ത്തിലേക്ക് രാജ്യം കുതിച്ചുവെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടിരിക്കെ മേല്‍പ്പറഞ്ഞ പദ്ധതികള്‍ ജനങ്ങള്‍ക്ക് എങ്ങിനെയൊക്കെ ഉപകാരപ്പെട്ടുവെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് മോദിയും സംഘപരിവാരത്തിന്റെ വാട്സാപ് ആര്‍മിയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രചണ്ഡ പ്രചരണങ്ങള്ക്കപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തുവരേണ്ടതുണ്ട്.
- ആയുസ്സ് തീര്‍ന്ന ‘ആയുഷ്മാന്‍ ഭാരത്’!
ഇന്ത്യന്‍ ആരോഗ്യരക്ഷാ സംവിധാനത്തിന്റെ ‘ഗെയിം ചെയ്ഞ്ചര്‍’ എന്ന് സ്വയം പുറത്ത് തട്ടി അഭിനന്ദിച്ചുകൊണ്ട്, നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികളിലൊന്നായിരുന്നു ‘ആയുഷ്മാന്‍ ഭാരത്’. ‘ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന’ എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി 2018ലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള 50% വരുന്ന ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി അവതരിപ്പിക്കപ്പെട്ടത്.
വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പുനല്‍കുന്ന ഈ പദ്ധതി, മറ്റെല്ലാതിനെയും പോലെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2023 ആഗസ്ത് മാസത്തില്‍ പുറത്തിറങ്ങിയ സിഎജി റിപ്പോര്‍ട്ട് അടക്കം ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതായി കാണാം.
ആരോഗ്യ പരിപാലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാതെ ലക്ഷങ്ങളുടെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പിന്നില്‍ അഴിമതി നടത്താനുളള അവസരം ഒരുക്കിക്കൊടുക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ ചോദ്യം, ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വിപുലപ്പെടുത്താതെ സാധാരണ ജനങ്ങള്‍ എവിടെച്ചെന്ന് ചികിത്സ തേടും എന്നതാണ്.
ഇന്ത്യന്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഏതാനും ചില സ്ഥിതിവിവരക്കണക്കു കളിലൂടെ കടന്നുപോയാല്‍ ഈ ചോദ്യത്തിന് പിന്നിലെ യുക്തി ബോധ്യപ്പെടും. 10,000 ആളുകള്‍ക്ക് 5.3 ആശുപത്രി കിടക്കകള്‍ എന്നതാണ് ഇന്ത്യയിലെ ആരോഗ്യമേഖലയിലെ കണക്ക്. ആഗോളതലത്തില്‍ 167 രാജ്യങ്ങളില്‍ 155-ാമതാണ് ഇന്ത്യയുടെ സ്ഥാനം! അതായത്, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കും വളരെവളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം!
രാജ്യത്തെ ആരോഗ്യമേഖലയിലെ പശ്ചാത്തല സൗകര്യങ്ങളില്‍ മുക്കാല്‍പങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ 27% മാത്രം വരുന്ന നഗരങ്ങളിലാണ്. ഇത് ഗ്രാമീണ മേഖലയിലെ ആരോഗ്യപരിപാലന രംഗം കൂടുതല്‍ സങ്കീര്ണ്ണമാക്കുന്നുവെന്നത് മറ്റൊരു കാര്യം.
ആരോഗ്യ മേഖലയിലെ പ്രതിശീര്‍ഷ ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 3 ഡോളര്‍ പ്രതി വ്യക്തി എന്ന നിലയിലാണ് ഇന്ത്യയില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നത് (Deloitte & NATHEALTH, 2016). അമേരിക്കയില്‍ ഇത് 415 ഡോളറും, ചൈനയില്‍ 178 ഡോളറും ആണെന്നറിയുമ്പോഴാണ് എത്ര തുച്ഛമായ തുകയാണ് ഈ ഇനത്തില്‍ ഇന്ത്യാ ഗവൺമെൻ്റ് ചെലവഴിക്കുന്നതെന്ന് ബോധ്യപ്പെടും. 2018-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശിശുമരണങ്ങള്‍ 7,21,000 ആണ്. ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.
1000ൽ 37 എന്ന ഇന്ത്യയുടെ ശിശുമരണനിരക്ക് പശ്ചിമാഫ്രിക്കന്‍ രാഷ്ട്രമായ സെനഗലിന്റേതിന് തുല്യമാണ്, കൂടാതെ ദക്ഷിണേഷ്യയിലെ ഇതര രാജ്യങ്ങളെക്കാളും കൂടുതലാണ് ഇന്ത്യയുടെ ശിശുമരണ നിരക്ക് എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. (ആഗോള ശരാശരി നിരക്ക് 29.4 ആണെന്നറിയുക)
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പൊതുജനാരോഗ്യ സൗകര്യങ്ങളുടെ അഭാവം ഗ്രാമീണ ആരോഗ്യ മേഖലയെ കൂടുതല്‍ ശോചനീയാവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.
ഏറ്റവും കൂടുതല്‍ പ്രസവമരണങ്ങള്‍ നടക്കുന്ന രാജ്യവും നമ്മുടേതാണെന്നറിയുക. ഗ്രാമീണ ഇന്ത്യയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ 4506 ഫിസിഷ്യന്മാരുടെയും 302 ഫാര്‍മസിസ്റ്റുകളുടെയും കുറവുണ്ടെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 8503 ഉപകേന്ദ്രങ്ങളുള്ള (സബ്സെന്ററുകള്‍) ആദിവാസി മേഖലകളില്‍ ഈ കുറവ് ഇതിലും വലുതാണ്.
2021-2022 ലെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 83.2% സര്ജന്മാരുടെയും 74.2% ഒബ്സ്റ്റട്രീഷ്യന്‍മാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയും 79.1% ഫിസിഷ്യന്മാരുടെയും 81.6% ശിശുരോഗ വിദഗ്ധരുടെയും കുറവുണ്ട്.!
ഇന്ത്യന്‍ ആരോഗ്യ മേഖല നേരിടുന്ന ശോചനീയാവസ്ഥകളുടെ ഒരു ലഘുചിത്രം മാത്രമാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്ന പശ്ചാത്തലത്തില്‍ കേവലമായ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പ്രഖ്യാപനം കൊണ്ട് ആര്‍ക്കാണ് നേട്ടമെന്ന ചോദ്യം പ്രധാനമാകുന്നത് അതുകൊണ്ടാണ്. ഇനി ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് സിഎജി റിപ്പോര്‍ട്ട് എന്തുപറയുന്നുവെന്ന് നോക്കാം.
നാഷണൽ ഹെൽത്ത് അഥോറിയുടെ, ആരോഗ്യസേതു ഡാഷ് ബോർഡ് ഡാറ്റ അനുസരിച്ച് 24.42 കോടി ആളുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022 വരെയുള്ള കാലയളവിൽ 67,456.21 കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നും പറയുന്നു.
2023 ആഗസ്ത് മാസം കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആയുഷ്മാന്‍ പദ്ധതിയെ സംബന്ധിച്ച് പുറത്തിറക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ്. 7,50,000ത്തോളം ഗുണഭോക്താക്കളെ ബന്ധപ്പെടുത്തിയിരിക്കുന്നത് 999999999 എന്ന വിചിത്ര മൊബൈല്‍ നമ്പറുമായിട്ടാണ്. അതോടൊപ്പം തന്നെ 4761 പേരുടെ രജിസ്ട്രേഷന് ഏഴ് ആധാര്‍ നമ്പറുകളുമായി ബന്ധപ്പെടുത്തിയിരിക്കുകയാണെന്നും സിഎജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്കീമിനോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ വ്യാജമാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ബന്ധപ്പെട്ട് വലിയ അഴിമതികള്‍ക്കുള്ള സാധ്യതകളാണ് ഇതുവഴി ഉണ്ടാക്കിയിട്ടുള്ളതെന്ന് സംശയിക്കപ്പെടുന്നു. 2019ലെ റിപ്പോര്‍ട്ടില്‍ 16 സംസ്ഥാനങ്ങളിലെ 341ഓളം ആശുപത്രികള്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുന്നതായി സൂചിപ്പിക്കുന്നു. മധ്യപ്രദേശില്‍ മരണപ്പെട്ട 403ഓളം ആളുകളുടെ പേരില്‍ 1.1 കോടി രൂപ നല്‍കിയതായും സിഎജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പദ്ധതി ആരംഭിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും ആയുഷ്മാൻ ഭാരത് പദ്ധതിക്കായി എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ മൂന്നിൽ ഒരു ഭാഗം പ്രവർത്തന സജ്ജമായിട്ടില്ലെന്ന് Mint പത്രം റിപ്പോർട്ട് ചെയ്യുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി ആയുസ്സെത്താതെ ഒടുങ്ങുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം, അടിസ്ഥാന സൗകര്യങ്ങളടെ അഭാവമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള പ്രചരണങ്ങള്‍ക്കപ്പുറത്ത് ജനക്ഷേമം മോദി ഭരണത്തിന്റെ ലക്ഷ്യമേയല്ലെന്ന് ഇത്തരത്തിലുള്ള ഓരോ പദ്ധതിയെയും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.



