സ്വകാര്യ ബസുകളുടെ മത്സരയോട്ടം നമ്മുടെ നാട്ടിൽ പുതിയൊരു സംഭവമല്ല. മത്സരയോട്ടത്തിൽ ഉണ്ടാകുന്ന അപകടങ്ങളും അതിലൂടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. മത്സരയോട്ടത്തിന് പുറമേ ജീവനക്കാർ തമ്മിലുള്ള പ്രശ്‌നങ്ങളും ഇത്തരത്തിൽ നിയന്ത്രണമില്ലാത്ത ഓട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്.
സ്വകാര്യ ബസ് ഇടിച്ച് കോഴിക്കോട് ഇന്ന് മരിച്ചത് ദമ്പതികളാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലും ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. നിരീക്ഷണ ക്യാമറകൾ ഉണ്ടായതുകൊണ്ടുമാത്രം പല അപകടങ്ങളിലും ബസ് ജീവനക്കാരുടെ അനാസ്ഥ മനസിലാകും. അപകടങ്ങൾ ഉണ്ടാക്കുന്ന വാഹനങ്ങൾ പിടിക്കുന്നു എന്നതിന് അപ്പുറത്തേക്ക് മോട്ടോർ വാഹന വകുപ്പ് കാര്യമായ നടപടികൾ ഒന്നും ഇവർക്കെതിരെ എടുക്കുന്നില്ല.
കൊച്ചിയിൽ ഉൾപ്പടെ പലസ്ഥലത്തും ഡ്രൈവർമാർ സിന്തറ്റിക് ലഹരി ഉൾപ്പടെ ഉപയോഗിച്ച ശേഷമാണ് വാഹനങ്ങൾ ഓടിക്കുന്നതെന്ന് വാർത്ത കുറച്ച് നാളുകൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ആ സമയത്ത് ചില ചെറിയ അന്വേഷണം ഉണ്ടായെന്നതൊഴിച്ചാൽ പിന്നീട് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു പക്ഷേ ലഹരി ഉൾപ്പടെ ഉപയോഗിക്കുന്നതുകൊണ്ടാവാം ഡ്രൈവർമാർക്ക് വാഹനങ്ങളുടെ വേഗം ഉൾപ്പടെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത്.
അനാവശ്യ കാര്യങ്ങൾക്ക് സാധാരണക്കാരെ പിഴിയുന്ന മോട്ടോർ വാഹന വകുപ്പ് ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന സമീപനം മോശമാണ്. വാർത്ത വരുമ്പോൾ മാത്രം നടപടി എടുക്കുകയും അല്ലാത്തപ്പോൾ കണ്ണടയ്ക്കുകയും ചെയ്യുന്നത് തികച്ചും നിരുത്തരവാദിത്വമായ കാര്യമാണ്. ഇനിയും ബന്ധപ്പെട്ടവർ നടപടി എടുത്തില്ലെങ്കിൽ ഇവർ നിയന്ത്രണമില്ലാതെ പായും, കുറെ ജീവനുകൾ പൊലിയും.



