| ബേസിൽ നെല്ലിമറ്റത്തിൽ
ഒരു കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളായിരുന്നു കേരളത്തിൽ സജീവരായി ഉണ്ടായിരുന്നത്. പിന്നീട് പശ്ചിമബംഗാൾ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടമായി കേരളത്തിലേക്ക് എത്തുകയും ഇപ്പോൾ അവരുടെ ഒരു ഹബ്ബായി മാറുകയും ചെയ്തു. ഓരോ കാലത്തും ഇവരെക്കൊണ്ട് പല പ്രശ്നങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
മോഷണം, കൊലപാതകം, ലൈംഗികപീഡനം, ലഹരി വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ ഇവർക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളും ഉണ്ടായിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷ ഉൾപ്പടെയുള്ള പെൺകുട്ടികൾ ഇവരുടെ അത്രികമങ്ങളിൽ ജീവൻ നഷ്ടമായവരാണ്. ഒരു വിഭാഗം ക്രിമിനൽ പശ്ചാത്തലം ഉള്ളവരായി മാറിയപ്പോൾ മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നവരും ഒരുപാടുണ്ട്.

ജൂലായിലാണ് ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുകാരി മകളെ മറ്റൊരു അതിഥി തൊഴിലാളിയായ അസഫക് തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സെപ്റ്റംബറിൽ ഇത്തരത്തിൽ മറ്റൊരു എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്ന് പെരുമ്പാവൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒഡിഷ സ്വദേശി പിടിയിലായി.
അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്ന ഓരോ അതിഥിതൊഴിലാളികളുടെയും കൃത്യമായി കണക്കുകൾ സർക്കാർ സൂക്ഷിക്കുന്നുണ്ട്. അവയിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ കണ്ടെത്തി അവരെ നിരീക്ഷിക്കുക എന്നതാണ് ഇനി അടുത്തതായി ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഇതുപോലെ അതിക്രമങ്ങൾ കേരളത്തിൽ ഉണ്ടായികൊണ്ടേ ഇരിക്കും.



