സൂപ്പർ താരങ്ങളുടെ സിനിമ റിലീസ് എന്നും ആഘോഷമാണ്. വലിയ കട്ടൗട്ടുകൾ ഉയർത്തിയും അതിൽ പാലഭിഷേകം നടത്തിയും വലിയ മാലയിട്ടും പടക്കം പൊട്ടിച്ചും പല തരത്തിൽ ഫാൻസുകാർ ആഘോഷമാക്കാറുണ്ട് ഓരോ റിലീസുകളും. എന്നാൽ അമിതമായ ഇത്തരം പ്രവർത്തിയിലൂടെ ആർക്കാണ് പ്രയോജനം എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായ ‘ലിയോ’ യുടെ റിലീസ് ദിനത്തിലും പല തരത്തിലുള്ള ആഘോഷങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നടന്നത്. സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് മിസ്സ് ചെയ്യരുതെന്ന് സംവിധായകൻ പറഞ്ഞതുകൊണ്ട് പുലർച്ചേയുള്ള ഷോ കാണാൻ തലേദിവസം തീയേറ്ററിൽ പോയി കിടന്നു ചില ആരാധകർ. ചിലർ കിലോ കണക്കിന് പേപ്പറും പടക്കവുമാണ് വാങ്ങി വെച്ചത്. ചിലർ നടുറോഡിൽ വാഹനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ച് തേങ്ങാ ഉടച്ചു. ആരാധർ തിയേറ്ററിൽ വെച്ച് വിവാഹിതരുമായി.
വിജയ് യുടെ ചിത്രം റിലീസ് ആകുമ്പോൾ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്. പണ്ടുകാലത്ത് ഇത്തരം കലാപരിപാടികൾ രസകരം ആയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ ഇതിനൊക്കെ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്രയും ആഘോഷിച്ച ഒരു സിനിമ റിലീസ് ആയിട്ടുണ്ടോ എന്നത് സംശയമാണ്.
വിനോദത്തിനായി ഉപയോഗിക്കുന്ന തീയേറ്റർ നശിപ്പിക്കപ്പെടുന്നതും, വാഹനങ്ങളെ പോകാൻ അനുവദിക്കാതെ റോഡിൽ തേങ്ങാ ഉടയ്ക്കുന്നതും അതിരുവിട്ട ആഘോഷങ്ങളാണ്. സൂപ്പർ താരങ്ങളെ നെഞ്ചിലേറ്റി സത്യസന്ധമായി സിനിമയെ കാണുകയും വിലയിരുത്തുകയും അതിനെ ആഘോഷമാക്കുകയും ചെയ്യുന്നവർക്ക് ഇത്തരം ചെയ്തികൾ ചിലപ്പോൾ അംഗീകരികാനായെന്ന് വരില്ല.
ഇത് ഫാൻസിന്റെ ആഘോഷമാണോ അതോ ഫാൻസുകാരുടെ പേര് കളയാൻ ഹേറ്റേഴ്‌സ് ഒപ്പിക്കുന്ന പണിയാണോ എന്നൊന്നും ആളുകൾ നോക്കില്ല. തമിഴ് നാട്ടിലെ ആരാധകരാണ് കൂടുതലായി ഇത്തരം കലാപരിപാടികൾ നടത്താറുള്ളത്. ആഘോഷം എങ്ങനെ ഓക്കെ നടത്തിയാലും പടം നന്നായി ചെയ്തിട്ടുണ്ടെങ്കിൽ വിജയിക്കും എന്നതാണ് ഇപ്പോളത്തെ ഒരു ട്രെൻഡ്.



