...
Home News Kerala റിപ്പോർട്ടർ ചാനൽ ഉടമസ്ഥത തർക്കം; മുട്ടം കോടതിയിൽ ട്രയൽ തുടങ്ങി

റിപ്പോർട്ടർ ചാനൽ ഉടമസ്ഥത തർക്കം; മുട്ടം കോടതിയിൽ ട്രയൽ തുടങ്ങി

ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്

276

റിപ്പോർട്ടർ ചാനൽ മുൻ ഓഹരി ഉടമയും കോൺഗ്രസ് ഇടുക്കി DCC പ്രസിഡന്റ് സി. പി. മാത്യു വിന്റെ ഭാര്യയുമായ ലാലി ജോസഫ് നൽകിയ പരാതിയിൽ മുട്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വാദം തുടങ്ങി.

റിപ്പോർട്ടർ ചാനൽ മുൻ ഉടമ എം.വി. നികേഷ് കുമാറിനെതിരെ ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചെന്ന് കാണിച്ച് ലാലി ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു.

ലാലി ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എം വി നികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലി ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് തന്റെ വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്. എന്നാൽ ഈ സമയത്ത് നൽകിയ വാഗ്ദാനമെല്ലാം നികേഷ് തന്ത്രപരമായി നടപ്പിലാക്കാതെ അട്ടിമറിച്ചതായും ലാലി ജോസഫ് നൽകിയ പരാതിയിൽ പറഞ്ഞു.

സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നൽകിയ 1.5 കോടി രൂപയിൽ നിന്നാണ് റിപ്പോർട്ടർ ടിവിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികൾ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്. 55 ശതമാനം ഓഹരികൾ സി പി മാത്യുവിനും ലാലിയക്കും കൂടി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ നിക്ഷേപത്തിന് തയ്യാറായത് എന്നാൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു.

ലാലി ജോസഫിന്റെ പരാതിയിൽ തൊടുപുഴ പൊലീസ് നികേഷിനെതിരെ കുറ്റപത്രം നൽകി. സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ വഞ്ചന), 420 (വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കൽ), ഐപിസി പ്രകാരമുള്ള മറ്റ് മൂന്ന് കുറ്റങ്ങളാണ് നികേഷിനെതിരെ ചുമത്തിയിരുന്നത്. വിശ്വാസ വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും ഉണ്ട്. തൊടുപുഴ പൊലീസ് നൽകിയ കുറ്റപത്രം വിശദപരിശോധനയ്ക്ക് ശേഷം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. സാക്ഷി മൊഴികൾക്ക് അപ്പുറം രേഖകളിലടിസ്ഥാനമായ തെളിവുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നത്. കോടതി രണ്ട് തവണ നോട്ടീസ് അയച്ചിട്ടും നികേഷ് ഹാജരായില്ല. ഇതിനിടെ ഹൈക്കോടതിയിൽ നിന്ന് താൽകാലിക സ്‌റ്റേയും വാങ്ങി.

കേസ് വാദം തുടങ്ങിയ ദിവസം തന്നെ തൊടുപുഴ ബ്യുറോ പൂട്ടുകയും റിപ്പോർട്ടറേയും ക്യാമറമാനേയും കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തു. ഉടമസ്ഥാവകാശവുമായി കേസ് നിലനിൽക്കുന്നതിനാലാണ് നികേഷിന് റിപ്പോർട്ടർ വിടാനാകാത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.