കേരളം നിലവിൽ നേരിടുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ നാടിനെ മോശമാക്കുന്നതാണ് സർക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തിന് പുറത്ത് ഇത് കേരളത്തിന് നാണക്കേട് ഉണ്ടാക്കുമെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏറ്റവും കൂടുതൽ കേൾക്കുന്നത് സംസ്ഥാനം കടത്തിലാണ് എന്നാണ്. ഓരോ തവണയും ധനമന്ത്രി കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തിയാണ് ഈ വിഷയത്തിൽ സംസാരിച്ചിട്ടുള്ളതും എന്നാൽ കേരളത്തിൽ സർക്കാരിന്റെ വകയായി നടക്കുന്ന ധൂർത്തിന് മന്ത്രിക്ക് മറുപടിയുമില്ല. ശമ്പളം ഉൾപ്പടെ കൊടുക്കാൻ സാധിക്കാതെ സർക്കാർ കടത്തിൽ മുങ്ങിയെന്നതാണ് സത്യം.
കേരളീയം ഉൾപ്പടെയുന്ന പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കയ്യിലുള്ള പണത്തെക്കുറിച്ച് സർക്കാരിന് വലിയ ധാരണയില്ല എന്നത് വസ്തുതയാണ്. എന്നാൽ വലിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ കേന്ദ്രവും പിന്തുണ നൽകുന്നില്ല. കടമെടുപ്പ് പോലെയുള്ള കാര്യങ്ങളിൽ കേരളത്തോട് അത്ര നല്ല സമീപനമല്ല കേന്ദ്രത്തിനുള്ളത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇപ്പോൾ തന്നെ വിലക്കയറ്റം ഉൾപ്പടെയുള്ള കാര്യങ്ങൾക്കൊണ്ട് ജനങ്ങൾ ആകെ വലഞ്ഞ മട്ടാണ്. അനാവശ്യ ചിലവുകൾ നിയന്ത്രിച്ച് സർക്കാരിലേക്ക് ന്യായമായി എത്തേണ്ടവ കണ്ടെത്തുകയും വേണം.



