സിനിമയിൽ റിവ്യു ബോംബിങ്ങ് നടക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേൾക്കുന്നതാണ്. സിനിമകളെ ബാധിക്കുന്ന ഈ പ്രവണതയ്ക്ക് മാറ്റം വരുത്താൻ സിനിമ പ്രെമോഷനിൽ അടക്കം പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കാൻ സിനിമ സംഘടനകൾ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി അക്രഡിറ്റേഷൻ ഉള്ളവരെ മാത്രമേ ഇനി മുതൽ സിനിമ പ്രെമോഷനിൽ സഹകരിപ്പിക്കുകയുള്ളുവെന്നാണ് തീരുമാനം.
ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ്ങ് ഏജൻസികളുടേയും പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കും. ഇവർക്ക് നിർമാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉൾപ്പെടെ കണക്കാക്കിയാണ് സംഘടന ഇവർക്ക് അക്രഡിറ്റേഷൻ നൽകുന്നത്.
സത്യസന്ധമായി ചലച്ചിത്ര വിമർശനം നടത്തുന്ന യൂട്യൂബ് റിവ്യൂവേഴ്സ് ഉൾപ്പടെ ഉള്ളവരെക്കാളും കൂടുതലായി സിനിമക്ക് നെഗറ്റീവ് ഇമേജ് നൽകുന്നവർ ഉണ്ട്. ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുന്ന ആളുകളോട് അഭിപ്രായം ചോദിച്ച് റിവ്യൂ എന്ന രീതിയിൽ ഇടുന്ന ചില ചാനലുകൾ ഉണ്ട്. ഈ കൂട്ടരിൽ സിനിമക്ക് വേണ്ടി പി.ആർ. വർക്ക് ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടാകും. ഇത്തരത്തിൽ ആദ്യ പ്രദർശനം കഴിഞ്ഞുള്ള തിയറ്റർ റിവ്യൂകളിൽ ചിലതിൽ തട്ടിപ്പുകളുണ്ടെന്ന് ഡിജിറ്റൽ ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം. അത്തരം തിയേറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
എന്നാൽ സിനിമ റിവ്യൂകൾക്ക് വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ സംവാദവിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയുടെയും അംഗസംഘടനകളുടെയും നയം. പക്ഷേ റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ സാധിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.



