...
Home News International ലോകത്തിൽ പൗരത്വം ഇല്ലാതെ കഴിയുന്നത് 4.4 ദശലക്ഷം ആളുകൾ; അന്യായങ്ങൾ പരിഹരിക്കപ്പെടണം

ലോകത്തിൽ പൗരത്വം ഇല്ലാതെ കഴിയുന്നത് 4.4 ദശലക്ഷം ആളുകൾ; അന്യായങ്ങൾ പരിഹരിക്കപ്പെടണം

ഒരു രാജ്യത്തെയും പൗരത്വം ഇല്ലാത്തവർക്ക് മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നഷ്ടപ്പെടുന്നതായി റിപ്പോട്ടിൽ പറയുന്നു.

131

ലോകത്തിൽ എവിടെയും അവകാശമില്ലാതെ ജീവിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല. കുടിയൊഴിപ്പിക്കലും നാടുകടത്തലും പല രാജ്യങ്ങളിലും ഒരുപാട് നടക്കുന്നുണ്ട്. ജീവൻ എങ്കിലും ബാക്കി കിട്ടാനായി സർവ്വവും ഉപേക്ഷിച്ച് പോകുന്ന ഒത്തിരി ആളുകളെ പല മാധ്യമങ്ങളിലൂടെ നമ്മൾ പതിവായി കാണുന്നതാണ്. അങ്ങനെ നാട് വിട്ട് പോകേണ്ടി വരുന്നവർക്ക്ലോകത്തിന്റെ കോണിൽ എവിടെയെങ്കിലും ഒരല്പം ഇടം നൽകേണ്ടതല്ലേ. അവർക്ക് അവിടെ ജീവിക്കാനുള്ള രേഖകൾ വേണ്ടേ. ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ഒരു കണക്കാണ്.

ലോകത്തിലെ 4.4 ദശലക്ഷം ആളുകൾക്ക് പൗരത്വമില്ലെന്നാണ് യുഎൻ അഭയാര്‍ഥി ഹൈക്കമ്മീഷൻ പുറത്ത് വിട്ട കണക്ക്. 95 രാജ്യങ്ങളിലായാണ് 4.4 ദശലക്ഷം അഭയാര്‍ഥികൾ പൗരത്വമില്ലാത്തവരായി കഴിയുന്നത്. യുഎൻ അഭയാർത്ഥി കമ്മീഷന്റെ #IBelong ക്യാമ്പയിന്റെ ഒമ്പതാം വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

പൗരത്വമില്ലാത്തവരിൽ ഭൂരിഭാഗം പേരും ന്യൂനപക്ഷങ്ങളിൽപ്പെട്ടവരാണ്. ഒരു രാജ്യത്തെയും പൗരത്വം ഇല്ലാത്തവർക്ക് മനുഷ്യാവകാശങ്ങളും അടിസ്ഥാന സേവനങ്ങളും നഷ്ടപ്പെടുന്നതായി റിപ്പോട്ടിൽ പറയുന്നു. ഇത് അവരെ രാഷ്ട്രീയമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കുകയും വിവേചനത്തിനും ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാക്കുകയും ചെയ്യുന്നു.

ദേശീയ സ്ഥിതി വിവരകണക്കുകളിൽ ഉൾപ്പെടാത്ത പൗരത്വമില്ലാത്ത ആളുകളുടെ ആപേക്ഷിക കണക്കുകൾ കൂടി ഉൾപെടുമ്പോൾ യഥാർത്ഥ കണക്ക് വളരെ ഉയർന്നതായിരിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ആഗോളമായി വർധിച്ചുവരുന്ന നിർബന്ധിത കുടിയൊഴിപ്പിക്കലിനൊപ്പം, ദശലക്ഷക്കണക്കിന് ആളുകൾ അരികുവൽക്കരിക്കപ്പെടുന്നുണ്ട്. പൊതു സമൂഹത്തിൽ പങ്കു ചേരുകയും അതിലേക്ക് സംഭാവന ചെയ്യുക തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഇത്തരക്കാർക്ക് നിഷേധിക്കപ്പെടുകയാണ്. ലോകത്തിൽ എവിടെയും അവകാശമില്ലാതെ ഒഴിവാക്കപ്പെടുന്നത് വലിയ അവഗണനയാണ്. ഇത്തരം അന്യായങ്ങൾ പരിഹരിക്കപ്പെടുക തന്നെ വേണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.