| രജ്ഞിത് പി തങ്കപ്പൻ
ചരിത്രത്തിൽ ഈ ദിനങ്ങളിൽ സോവിയറ്റ് യൂണിയൻ എന്ന… അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടിയേന്തിയ …കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ ദേശീയഗാനം പാടാൻ ഒരു രാജ്യസ്നേഹിക്കും ചിലപ്പോൾ കഴിയുമായിരുന്നില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചരിത്രം പോലെ ഇന്ത്യയും ഒരു അമേരിക്കൻ കോളനി ആയിമാറിയേനെ.
ബ്രിട്ടീഷുകാർക്ക് ശേഷം ഒരു പാവ സർക്കാരിനെ വച്ചുകൊണ്ട് ഇന്ത്യയുടെ രക്തവും മജ്ജയും ഊറ്റി കുറച്ചുകൂടികൂടുതൽ അമേരിക്ക തിമിർത്തേനെ ! മനസ്സിലായില്ല അല്ലെ ? ഇന്ത്യയുടെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ( 3 Dec 1971 – 16 Dec 1971 ) 50 ആം വാർഷിക ദിനമാണ് ഇന്ന്. 13 ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ഇന്ത്യ ബംഗ്ലാദേശ് യുദ്ധം ജയിച്ച ചരിത്രം പറയുമ്പോൾ ഇന്ന് പലരും മൂടി വയ്ക്കുന്ന ചരിത്രമുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം പാക്കിസ്ഥാനുവേണ്ടി ഇന്ത്യയെ ചുട്ടുകരിക്കാൻ അവരുടെ ഏഴാം കപ്പൽ പടയെ അയച്ച ചരിത്രം. ഇന്ത്യക്കു വേണ്ടി സോവിയറ്റ് ചെമ്പട നെഞ്ചുവിരിച്ച് അമേരിക്കൻ അഹന്തയെ വിറപ്പിച്ച ചരിത്രം .
ബംഗ്ലാദേശ് യുദ്ധം കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോൾ ബംഗ്ലാദേശികളുടെ പിന്തുണയില്ലാത്ത പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യക്കെതിരെ 7th fleet എന്നറിയപ്പെടുന്ന കപ്പൽ പടയെ പ്രസിഡന്റ് നിക്സൻ അയച്ചു. 70 ഫൈറ്റർ എയർക്രാഫ്റ്റ് അടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ആണവായുധ വേധ കപ്പലായ USS enterprise അടങ്ങിയ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിലെത്തിയാൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല.
അമേരിക്കക്ക് പിറകെ ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ HMS ഈഗിൾ HMS ആൽബിയോൺ തുടങ്ങിയ കപ്പൽ പടയും ഇന്ത്യയെ ലക്ഷ്യമാക്കി അറേബ്യൻ സീ വഴി മറുവശത്തുകൂടി തിരിച്ചു. രണ്ടു വശത്തു നിന്നും ഇന്ത്യയെ ആക്രമിക്കാനായിരുന്നു പദ്ധതി. നടുങ്ങി പോയ ഇന്ത്യ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ സഹായം അഭ്യർത്ഥിച്ചു. റഷ്യൻ ചുവപ്പു നേവി 16 നാവിക യൂണിറ്റുകളും 6 അണുവായുധ വാഹിനി മുങ്ങികപ്പലും വ്ലാഡിവോസ്റ്റോക്കിൽ നിന്നയച്ചു ഇന്ത്യക്ക് വേണ്ടി.
അഡ്മിറൽ N. കൃഷ്ണൻ ഇന്ത്യയുടെ കിഴക്കൻ നാവിക കമാന്റിന്റെ ചീഫ് തന്റെ പുസ്തകമായ ” No way but to surrender” ൽ ഇങ്ങിനെ എഴുതി. “അമേരിക്കക്കാർ ചിറ്റഗോംഗിൽ എത്തുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഒരു വേള അവരുടെ വേഗം കുറയ്ക്കാൻ മരണത്തെ പോലും ഭയപ്പെടാതെ അവരെ ആക്രമിച്ചാലോ എന്നു കൂടി ഞങ്ങൾ ആലോചിച്ചു.” അമേരിക്കൻ കപ്പൽപ്പട ഡിസംബർ രണ്ടാം വാരം ബംഗാൾ ഉൾക്കടലിൽ എത്തി ചേർന്നു. അറേബ്യൻ സമുദ്രം വഴി ബ്രിട്ടിഷ് നാവികപ്പടയും. ലോകം ശ്വാസമടക്കി നിന്ന നിമിഷങ്ങൾ. പക്ഷെ സോവിയറ്റ് സബ്മറൈനുകൾ കടൽ മൽസ്യങ്ങൾ പോലുമറിയാതെ അവരെ കടന്നു മുന്നേറിയത് അമേരിക്കക്കാർ അറിഞ്ഞില്ല.
കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് ) മുന്നേറിയ അമേരിക്കൻ കപ്പൽ പടയെ അമ്പരപ്പിച്ചു കൊണ്ട് സോവിയറ്റ് ചെമ്പടയുടെ അന്തർവാഹിനികൾ ഇന്ത്യക്ക് മുന്നിൽ മതിൽ തീർത്തു. ഇന്ത്യയെ പിന്നിൽ നിർത്തി കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ കടലിൽ നേർക്ക് നേർ ! ഏഴാം കപ്പൽപ്പടയുടെ കമാന്ററായ അഡ്മിറൽ ഗോർഡൻ അമേരിക്കയിലേക്ക് സന്ദേശമയച്ചു.. “സാർ നമ്മൾ താമസിച്ചു പോയി. ഇന്ത്യക്കുമുന്നിൽ റഷ്യയുടെ ചെമ്പടയുണ്ട് “
ഓർക്കണം നമ്മൾ .. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം അവർ തീർത്തോളും എന്ന് അമേരിക്കൻ സാമ്രാജ്യത്തോട് പറഞ്ഞ സോവിയറ്റ് ചെമ്പടയുടെ ഇടിമുഴക്കത്തിന്റെ ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഇന്ത്യ കരയുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചു ബംഗ്ലാദേശ് പിറന്നു.. മത ഭീകരരായ ജമാത്തെഇസ്ലാമിക്കാരെ തൂക്കിലേറ്റി !! പിന്നീട് എത്രയെത്ര സമയങ്ങളിൽ അമേരിക്കൻ ചതികൾക്കെതിരെ .. കരാർ ലംഘനങ്ങളിൽ എല്ലാം റഷ്യ ഇന്ത്യയുടെ രക്ഷക്കായി ഓടിയെത്തി.
ഇന്ന് അതെ അമേരിക്കൻ സ്മ്രജ്യത്വത്തിന്റെ വാലാട്ടിപട്ടികളായി ലോകത്തിനു മുന്നിൽ മോദി സർക്കാർ ഇന്ത്യയെ മാറ്റുമ്പോൾ ..ചരിത്രപാഠങ്ങൾ വിസ്മരിക്കരുത് നാം. ചരിത്രം പഠിക്കാത്ത വിഡ്ഢികൾ എന്നും ചവിട്ടിയരക്കപ്പെട്ടിട്ടുണ്ട് ! പാടുകൾ പോലും ശേഷിപ്പിക്കാതെ മാഞ്ഞുപോയിട്ടുണ്ട്



