...
Home News Kerala ഹൈ ടെക് ആകാൻ കോടതി; കേസുകൾ ഓൺലൈനായി ഫയൽ ചെയ്യാം

ഹൈ ടെക് ആകാൻ കോടതി; കേസുകൾ ഓൺലൈനായി ഫയൽ ചെയ്യാം

സോഫ്ട്‌വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മൊഴിയിൽ മജിസ്ട്രേട്ട് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും.

221

സാങ്കേതിക മേഖലയിലെ വളർച്ച പല കാര്യങ്ങളും എളുപ്പത്തിൽ ആക്കിയെങ്കിലും ഇനിയും മാറാത്ത ഒട്ടനവധി സംവിധാനങ്ങൾ നമ്മുടെ ഇടയിലുണ്ട്. ലോകം വിരൽ തുമ്പിൽ ലഭ്യമാക്കുന്ന മൊബൈൽ ഫോണിലൂടെ സർക്കാരിന്റെ പല സേവനങ്ങളും നമ്മുടെ മുന്നിൽ എളുപ്പത്തിൽ ലഭിക്കാറുണ്ട്. എന്നാൽ നിയമത്തിന്റെ കാര്യത്തിൽ അതത്ര എളുപ്പം ആയിരുന്നില്ല. ഇനി മൊബൈൽ ആപ്പ് വഴി കേസ് ഫയൽ ചെയ്യാനുള്ള സംവിധാനനാവും ഉണ്ടാകും.

മൊബൈൽ ആപ്പിലൂടെ കേസുകൾ ഓൺലൈനിൽ ഫയൽ ചെയ്യാൻ ഹൈക്കോടതിയിൽ സംവിധാനമായിട്ടുണ്ട്. ഇത്തരം മൊബൈൽ ആപ്പ് രാജ്യത്ത് തന്നെ ആദ്യമാണ്. ആപ്പിലൂടെ ഫയൽ ചെയ്യുന്ന ഹർജികളും അപ്പീലുകളും ജഡ്‌ജിമാർക്ക് പരിശോധിക്കാനും കഴിയും. കോടതി ഉത്തരവ് പറയുമ്പോൾ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളിൽ ഉപയോഗിച്ചിരുന്നു. ഇനി മുതൽ വിധി ന്യായം പൂർണമായും ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ എഴുതിയെടുക്കാം.

കീഴ്‌ക്കോടതികളിൽ മജിസ്‌ട്രേറ്റുമാർ സാക്ഷിമൊഴികൾ എഴുതിയെടുക്കുന്ന രീതിക്കും മാറ്റം വന്നു. സോഫ്ട്‌വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മൊഴിയിൽ മജിസ്ട്രേട്ട് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും. സംസ്ഥാനത്തെ ജില്ലാ കോടതികളിൽ എത്ര കേസുകൾ പരിഗണിക്കുന്നുവെന്നും എത്ര തീർപ്പാക്കിയെന്നുമടക്കം കീഴ്‌കോടതികളുടെ പ്രവർത്തനം ഹൈകോടതിക്ക് കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനവും ഇതിലൂടെ ലഭ്യമാക്കും.

ജയിലുകളിൽ തടവിൽ കഴിയുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനവും ഇതോടൊപ്പം പ്രവർത്തനക്ഷമമായിട്ടുണ്ട്. ഹർജികൾ പരിഗണിക്കുമ്പോൾ തന്നെ പ്രതി ജയിലിലാണോ അല്ലയോയെന്ന് ഈ സംവിധാനത്തിലൂടെ അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.