ഡീപ് ഫേക്കുകളുടെ കാലമാണ് ഇപ്പോൾ. ആരെ വേണമെങ്കിലും അപകീർത്തിപെടുത്താനും പ്രശസ്തനാക്കാനും ഡീപ് ഫേക്കുകൾക്ക് കഴിയും. സമീപ കാലത്ത് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ വിവാദമായിരുന്നു. അതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഡീപ് ഫേക്ക് വീഡിയോ വൈറലായതും വിവാദമായതും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈറലായ ദീപാവലി നൃത്തം ഡീപ് ഫേക്ക് അല്ലെന്നാണ് ഇപ്പോൾ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. നൃത്തം ചെയ്യുന്ന വീഡിയോ തന്റേതാണെന്ന് മോദിയുടെ അപരനും ആരാധകനുമായ മുംബൈ സ്വദേശി വികാസ് മെഹന്തെ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് വിരാമമായത്. മോദിയുടെ രൂപ സദൃശ്യമുള്ള വികാസ് മെഹന്തെയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.
ഗുജറാത്തിലെ കലാരൂപമായ ഗർബ നൃത്തമാണ് മെഹന്തെ ചെയ്തത്. ലണ്ടനിലെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുമ്പോഴാണ് നൃത്തം അവതരിപ്പിച്ചത്. ആ നൃത്തമാണ് മോദിയുടെതെന്ന് രീതിയിൽ വൈറൽ ആയതും ഡീപ് ഫേക്ക് ആണെന്ന് രീതിയിൽ പ്രചരിച്ചതും. താൻ സ്കൂളിൽ പഠിക്കുമ്പോൾ ഗർബ നൃത്തം ചെയ്തിരുവെന്നും പിന്നീട് ചെയ്തിട്ടില്ലെന്നും തന്റെ ഒരു ഡീപ് ഫേക്ക് ഇത്തരത്തിൽ പ്രചരിക്കുന്നുണ്ടെന്നും മോദി പറഞ്ഞിരുന്നു.
ഡീപ് ഫേക്ക് ആണെന്ന് പ്രധാനമന്ത്രി തെറ്റിദ്ധരിച്ചതിൽ വിഷമം ഉണ്ടെന്നാണ് വികാസ് മെഹന്തെയുടെ പ്രതികരണം. എന്നാൽ ഡീപ് ഫേക്ക് എന്ന രീതിയിൽ പ്രചരിച്ചെങ്കിലും തന്റെ രൂപ സദൃശ്യം ആളുകൾ തിരിച്ചറിഞ്ഞ സന്തോഷത്തിലുമാണ് വികാസ് മെഹന്തെ.



