...
Home News Kerala പോഷ് ആക്ട് നടപ്പിലാക്കാൻ ഒരുങ്ങി സി.എസ്.ഐ സഭ; കൗൺസിൽ യോഗം അംഗീകാരം നൽകി

പോഷ് ആക്ട് നടപ്പിലാക്കാൻ ഒരുങ്ങി സി.എസ്.ഐ സഭ; കൗൺസിൽ യോഗം അംഗീകാരം നൽകി

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വിവിധ ക്രിസ്തീയ സഭകളിലെ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്.

232

ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ആദ്യമായി ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയൽ നിയമം (പോഷ് ആക്ട്) സഭാതലത്തിൽ നടപ്പാക്കാനൊരുങ്ങി സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയാണ് ചരിത്രപരമായ തീരുമാനം എടുത്തത്. കോട്ടയത്ത് ചേർന്ന 73-ാം സഭാ കൗൺസിൽ യോഗമാണ് ഏകകണ്ഠമായി തീരുമാനത്തിന് അംഗീകാരം നൽകിയത്.

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി 2013 ലാണ് പോഷ് നിയമം നിലവിൽ വന്നത്. ഇത് രാജ്യത്തെ സർക്കാർ – സ്വകാര്യ തൊഴിൽ സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഈ നിയമം സഭയിൽ ബാധകമാക്കുന്നതിലൂടെ വനിതാ വിശ്വാസികൾക്കും വനിതാ ജീവനക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ലക്ഷ്യം വക്കുന്നതെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക വക്താക്കൾ പറഞ്ഞു.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വിവിധ ക്രിസ്തീയ സഭകളിലെ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. ഇത്തരം പല പരാതികളും ഉന്നത നേതൃത്വം ഇടപെട്ട് ഒത്തുതീർക്കുന്നതാണ് പതിവ്. ഈ ഒത്തുതീർപ്പ് ഉടമ്പടികൾ മിക്കപ്പോഴും പരാതിക്കാരായ സ്ത്രീകൾക്ക് നീതി നിഷേധിച്ചു കൊണ്ടാവും നടപ്പാക്കുക. കുമ്പസാര പീഡനം അടക്കമുള്ള വിഷയങ്ങൾ അടുത്തിടെ കേരളത്തിൽ പുരോഹിതന്മാർക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.

ഇതിനൊപ്പം മറ്റ് രണ്ട് ചരിത്രപരമായ തീരുമാനങ്ങൾ കൂടി മധ്യകേരള മഹാ ഇടവക കൈക്കൊണ്ടു. വനിതാ പൗരോഹിത്യം രൂപതയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനുള്ള തീരുമാനമാണ് ഒന്ന്. 1984-ൽ തന്നെ വനിതാ പുരോഹിതരെ നിയമിക്കാൻ സി എസ് ഐ സഭ തീരുമാനിച്ചിരുന്നുവെങ്കിലും മധ്യ കേരള മഹാ ഇടവക ഇതുവരെ വനിതകൾക്ക് പൗരോഹിത്യം നൽകിയിരുന്നില്ല. യോഗത്തിൽ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ വനിതാ പൗരോഹിത്യ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് നിർദേശിച്ചു. രൂപതയുടെ ഭരണ നേതൃത്വത്തിലേക്ക് ആദ്യമായി ഒരു വനിതയെ തെരഞ്ഞെടുത്തു എന്നതാണ് അടുത്ത തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.