| പ്രമോദ് പുഴങ്കര
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ “പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി ” എന്ന് അയാളുടെ ചിത്രം സഹിതം അടിച്ചുവെച്ചിരിക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കാണിച്ചുകൊണ്ട് നൽകിയ ഹർജി കേരള ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയൊടുക്കാൻ ഉത്തരവിട്ട് തള്ളിയിരിക്കുന്നു. ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്‌ണന്റേതാണ് വിധി. ആ വിധിന്യായം ഒന്ന് വായിച്ചെത്തിച്ചാൽ ഇത്രയും മോശമായി ഒരു ഹൈക്കോടതി വിധിയിൽ ന്യായവിചാരം നടത്താമോ എന്നും ഇത്ര മോശം ഭാഷയിൽ വിധിയെഴുതാമോ എന്നും തോന്നാം. ഉള്ളടക്കം കൊണ്ടും ന്യായവിചാരത്തിലെ പൊള്ളത്തരം കൊണ്ടും Jurisprudential poverty കൊണ്ടും utter rubbish എന്ന് വിളിക്കാവുന്ന ഒന്ന്.
യാതൊരുവിധ source -ഉം കാണിക്കാതെ ഇന്റർനെറ്റിൽ ആരോ പ്രസംഗിക്കുന്ന കേട്ട കഥയാണ് എന്നൊക്കെയാണ് ഹൈക്കോടതി ജസ്റ്റിസ് വിധിയിൽ നീട്ടിവലിച്ചെഴുതുന്നത്! പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പഠിക്കെടോ എന്നാണ് പൊതു വാദം. തനിക്ക് ഇഷ്ടമില്ലെങ്കിൽ വാക്സിൻ സർട്ടിഫിക്കറ്റിന്റെ താഴത്തെ ഭാഗത്തേക്ക് നോക്കണ്ട എന്നൊക്കെ പറയുന്നുണ്ട് ജഡ്ജി. ചായക്കടയിലെ നേരമ്പോക്ക് ചർച്ചകളിൽ വരെ ഇതിലും മികച്ച വർത്തമാനം കേൾക്കാം.
നൂറുകോടി ജനങ്ങൾക്കില്ലാത്ത പ്രശ്നം തനിക്കോ എന്നാണ് കോടതി ചോദിക്കുന്നത് ! ആ ചോദ്യത്തിലെ അസംബന്ധം മൊത്തം വഷളത്തമായ ആ വിധിയിൽത്തന്നെ മുഴച്ചു നിൽക്കുന്നു. ഭൂരിപക്ഷവും ന്യൂനപക്ഷവും നോക്കി, ആൾക്കൂട്ടത്തെ നോക്കിയൊക്കെ നടത്തുന്ന ഒന്നല്ല നിയമ വാഴ്ച എന്നത് jurisprudential philosophy -യുടെ ഒരു അടിസ്ഥാന പ്രമാണമാണ്. അതായത് മറ്റുള്ളവർക്ക് അന്യായമായി തോന്നുന്നുണ്ടോ ഇല്ലയോ എന്നത് ഒരു ഹർജി നൽകുമ്പോൾ അല്ലെങ്കിൽ തനിക്ക് നീതിനിഷേധം എന്നത് ചൂണ്ടിക്കാട്ടുമ്പോൾ പരിഗണനാവിഷയമല്ല.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രമൊക്കെ അറിയണമെന്നും അപ്പോഴേ പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ കഴിയൂ എന്നൊക്കെ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറയുന്നു. ഓരോന്നും എടുത്തുപറയാനാണെങ്കിൽ ആ വിധി മുഴുവൻ പകർത്തിപ്പറയണം. അത്രയേറെ അസംബന്ധമാണത്. രാഷ്ട്രീയക്കാരെ കുറ്റം പറയുക പൗരന്മാരുടെ ഒരു പൊതുപ്രവണതയാണെന്നും അത് ശരിയല്ലെന്നും കോടതി പറഞ്ഞുകളഞ്ഞു !
ഇതൊക്കെ എന്നാണ് കോടതിയുടെ വിധിയിൽ വന്നുതുടങ്ങിയത്. ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് അങ്ങനെയൊരു തോന്നലുണ്ടെങ്കിൽ അതൊരു ഹൈക്കോടതി വിധിയിലൂടെ രേഖയാക്കിവെക്കാൻ പാടില്ല. ഒരു ചെറിയ വിഭാഗം രാഷ്ട്രീയക്കാർ അഴിമതി ചെയ്യുകയോ തെറ്റ് ചെയ്യുകയോ ഉണ്ടായാൽ അതിനു മൊത്തം രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തരുത്, അവർ മുഴുവൻ സമയം നാട്ടുകാർക്കായി നൽകുന്നവരാണ് എന്നൊക്കെ ടിയാൻ പറയുന്നുണ്ട്. എഴുതിക്കഴിഞ്ഞതിനു ശേഷം അദ്ദേഹം ആ വിധി ഒരുതവണ വായിച്ചു നോക്കിയിട്ടില്ല എന്നുവരെ നമുക്ക് സംശയം തോന്നും!
ഒരു ഹൈക്കോടതി വിധി എന്നാൽ ഭാവിയിൽ നിയമവ്യഹാരങ്ങളിൽ ഒരു reference ആയി ഉപയോഗിക്കാൻ സാധുതയുള്ള ഒന്നാണെന്നൊക്കെ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ഓർക്കേണ്ടതായിരുന്നു എന്നാണ് ആവശ്യത്തിന് വേണ്ടത്ര ബഹുമാനത്തോടെ പറയാനുള്ളത്. ഇത്രയേറെ കേട്ടുകേൾവിക്കഥകൾക്കൊണ്ടു നിറച്ച ഒരു വിധി എന്നാൽ, എങ്ങനെയൊരു വിധിന്യായം തയ്യാറാക്കരുത് എന്നതിന്റെ ഉദാഹരണം കൂടിയാണ്. Fantastic എന്നൊക്കെ നിന്ദോക്തി ഉപയോഗിച്ച് ഹർജിക്കാരന്റെ വാദങ്ങളെ അപഹസിക്കുന്നുണ്ട് . തമ്മിൽത്തല്ലല്ല കോടതിവിധിയിൽ ഭാഷ എന്നത് ജസ്റ്റിസ് മറന്നുപോയിരിക്കുന്നു എന്നെ പറയാനാകൂ.
നാളെ ജനന സർട്ടിഫിക്കറ്റിൽ മോദിക്ക് നന്ദി, മരണ സർട്ടിഫിക്കറ്റിലും മോദിക്ക് നന്ദി എന്നൊക്കെ എഴുതി വരുമായിരിക്കും. പൗരന്മാരുടെ സ്വകാര്യ ആരോഗ്യ രേഖകളിലും ജീവിതത്തിലും മോദിക്കെന്ത് കാര്യം എന്ന് ചോദിച്ചതിന് ഹൈക്കോടതി ജസ്റ്റിസിന് തോന്നിയ ദേഷ്യവും ഉചിതമല്ല, അദ്ദേഹം അതിനെ ഖണ്ഡിക്കാൻ ഉപയോഗിച്ച ഭാഷയും മോശമാണ്, ആ വിധിന്യായമാകട്ടെ ഹൈക്കോടതിയിൽ വിശാലമായ ഭരണഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് വ്യവഹാരത്തിനു പോകുന്ന ആരെയും ആശങ്കപ്പെടുത്തും വിധത്തിൽ അന്തഃസാരശൂന്യമായ contemptous and derisive outburst മാത്രവുമാണ്.



