...
Home Entertainments ‘ആട്ട’ത്തിൽ അഭിനയിക്കുന്നത് അതിലെ നടീനടന്മാർ മാത്രമല്ല

‘ആട്ട’ത്തിൽ അഭിനയിക്കുന്നത് അതിലെ നടീനടന്മാർ മാത്രമല്ല

ആരാണ് ഏറ്റവും വലിയ തെറ്റുകാരൻ എന്നത് അപ്രസക്തമായി തീരുന്ന ഒരു സാമൂഹിക കുറ്റകൃത്യത്തിൽ എങ്ങനെയാണ് നമ്മളും പങ്കാളികളാകുന്നത് എന്നത് ആത്മനിന്ദയോടെയല്ലാതെ കണ്ടിരിക്കാനാവില്ല.

373

| ഷിബു ഗോപാലകൃഷ്ണൻ

ആട്ടത്തിൽ അഭിനയിക്കുന്നത് അതിലെ നടീനടന്മാർ മാത്രമല്ല, അതിലെപ്പോഴോ നമ്മളും ഭാഗമാവുകയും കൂട്ടത്തിൽ ഒരാളായി അവർക്കൊപ്പം ആടിക്കളിക്കുകയും ചെയ്യും. നമ്മൾ ജീവിതത്തിൽ പറഞ്ഞുപോയതും പറയാനിരിക്കുന്നതുമായ സംഭാഷണങ്ങൾ കൊണ്ടാണ് ആട്ടം തീർത്തിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിക്കുന്ന ആണുങ്ങളെ തുണിയില്ലാതെ നിരത്തി നിർത്തിയിരിക്കുകയാണ് ആട്ടത്തിൽ.

രാത്രിയിൽ അഞ്ജലിയുടെ ഇരുവശങ്ങളിലുമായി അവർ പന്ത്രണ്ടു പേർ തനി ആണുങ്ങൾ മാത്രമായി വിരൽചൂണ്ടി നിൽക്കുമ്പോൾ ആട്ടം അന്ത്യത്താഴത്തെ ഓർമിപ്പിക്കും. മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി കുരിശിലേറിയ യേശുവിനെ ഓർമ്മവരും. അവരുടെ കൈകളിൽ കൂർത്ത മുൾക്കിരീടവും കരിങ്കല്ലും നമ്മൾ കാണും. എല്ലാ പാപങ്ങളെയും സ്വന്തം ചുമലിൽ ഏറ്റുവാങ്ങി അവരുടെ മധ്യത്തിൽ നിൽക്കുന്ന അഞ്ജലി നമ്മളെ മുട്ടുകുത്തിക്കും.

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരു സ്ത്രീ എങ്ങനെയാണ് ചുറ്റുപാടുകളാൽ അതിലും വലിയ അതിക്രമങ്ങളിലൂടെ കടന്നുപോകുന്നതെന്നു ഈ പന്ത്രണ്ടു ആണുങ്ങളുടെയും ജനിതകം പേറുന്ന ആൺതലകളെ പലതവണ കുനിപ്പിച്ചുകളയും. ഒടുവിൽ ആദ്യത്തെ തെറ്റുകാരനിൽ നിന്നും മറ്റുള്ളവരിലേക്കുള്ള അകലം ഇല്ലാതാവുകയും അവൾക്കു മുന്നിൽ അവർ ഒരേ തെറ്റിന്റെ പങ്കുകാരായി മാറുകയും ചെയ്യുന്നതിന്റെ ആൺവിളയാട്ടമാണ് ആട്ടം.

ആരാണ് ഏറ്റവും വലിയ തെറ്റുകാരൻ എന്നത് അപ്രസക്തമായി തീരുന്ന ഒരു സാമൂഹിക കുറ്റകൃത്യത്തിൽ എങ്ങനെയാണ് നമ്മളും പങ്കാളികളാകുന്നത് എന്നത് ആത്മനിന്ദയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. അങ്ങനെയൊരു നടുക്കവും കലക്കവും ഉണ്ടാക്കുന്നു എന്നുള്ളതാണ് ആട്ടം നിർവഹിക്കുന്ന ചലച്ചിത്ര ദൗത്യം.
ആണുങ്ങളുടെ ഒറ്റക്കും കൂട്ടത്തോടെയുമുള്ള എല്ലാത്തരം ആടിക്കളികളെയും പച്ചക്ക് തൊലിയുരിച്ച് നിർത്തിയ ആനന്ദ് ഏകർഷി എന്ന ആട്ടത്തിന്റെ അമരക്കാരനും അതിനു ഇടംവലം നിന്ന സകല അഭിനേതാക്കൾക്കും നിർത്താതെ കൈയടിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.