...
Home Health കോളെറെക്ടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; ഇരകളാകുന്നത് മധ്യവയസ്കർ

കോളെറെക്ടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; ഇരകളാകുന്നത് മധ്യവയസ്കർ

കാന്‍സര്‍ രോഗികളുടെ കണക്ക് പരിശോധിച്ചാൽ മൂന്നാം സ്ഥാനത്താണ് കോളോറെക്ടല്‍ കാന്‍സര്‍.

205

50 വയസില്‍ താഴെ പ്രായമുള്ളവരില്‍ കോളെറെക്ടല്‍ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനം. രോഗികളുടെ എണ്ണം കൂടുന്നുവെന്നു മാത്രമല്ല, ലോകത്താകമാമനുള്ള കാന്‍സര്‍ മരണത്തില്‍ 10 ശതമാനവും കോളോറെക്ടല്‍ കാന്‍സര്‍ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും പറയുന്നു. കാന്‍സര്‍ രോഗികളുടെ കണക്ക് പരിശോധിച്ചാൽ മൂന്നാം സ്ഥാനത്താണ് കോളോറെക്ടല്‍ കാന്‍സര്‍. മുന്‍കാലങ്ങളില്‍ 60 വയസ് പിന്നിട്ടവരിലാണ് ഈ കാന്‍സര്‍ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോള്‍ കൂടുതലും ഇരകളാകുന്നത് മധ്യവയസ്‌കരാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ കണക്കെടുത്താല്‍ കോളോറെക്ടല്‍ കാന്‍സര്‍ രോഗികളില്‍ അധികവും 50 വയസില്‍ താഴെ പ്രായമുള്ളവരാണെന്ന് കോളോറെക്ടല്‍ കാന്‍സര്‍ രജിസ്ട്രിയിലെ കണക്കുകളും വ്യക്തമാക്കുന്നു.

ഉയര്‍ന്ന അളവില്‍ ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മധുരം കൂടുതലടങ്ങിയ ശീതളപാനീയങ്ങള്‍ തുടങ്ങിയവ കഴിക്കുന്നതും മൈക്രോന്യൂട്രിയന്റുകളും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാത്തതുമെല്ലാം രോഗസാധ്യത കൂട്ടുന്നതിന് കാരണമാകുന്നു. ഇതിനൊപ്പം മദ്യം, പുകവലി ശീലങ്ങളും അമിതവണ്ണവുമൊക്കെ കാന്‍സര്‍ സാധ്യതയ്ക്കുള്ള കാരണങ്ങളാണ്. പാരമ്പര്യവും ഇതില്‍ ഘടകമാണ്. കാരണം 50 വയസിന് താഴെ കോളോറോക്ടല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്ത 23 മുതല്‍ 39% വരെ രോഗികളിലും കുടുംബത്തില്‍ കോളോറെക്ടല്‍ കാന്‍സര്‍ ചരിത്രം ഉള്ളവരായിരുന്നു.

കുട്ടിക്കാലത്തോ മുതിര്‍ന്ന ശേഷമോ ആന്റിബയോട്ടിക് ചികിത്സ കാരണം മൈക്രോഓര്‍ഗാനിസം നശിച്ചവരിലും രോഗസാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മധ്യവയസ്‌കരില്‍ ഈ കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ലക്ഷണങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ കോളോണോസ്‌കോപ്പിക്ക് വിധേയരാകുകയും 45 വയസ് കഴിഞ്ഞവരാണെങ്കിൽ വിശദ പരിശോധയ്ക്ക് വിധേയരാകുകയും ചെയ്യണം. പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, മലവിസര്‍ജ്ജനത്തില്‍ മാറ്റങ്ങള്‍, വയറില്‍ വേദന, നിരന്തരമായ അതിസാരം, മലബന്ധം, മലത്തില്‍ രക്തം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.