...
Home News International ചിരിക്കുമ്പോൾ മാത്രമല്ല കരയാനും കൂടെ ആളുകൾ വരും; ആശ്വാസം തേടാൻ പുതിയ സംരംഭം

ചിരിക്കുമ്പോൾ മാത്രമല്ല കരയാനും കൂടെ ആളുകൾ വരും; ആശ്വാസം തേടാൻ പുതിയ സംരംഭം

കരയുന്നത് മാനസികസമ്മർദ്ദം കുറക്കാൻ സഹായിക്കും എന്നതിനാലാണ് കരച്ചിൽ പ്രോത്സാഹിപ്പിക്കുന്നത്.

412

ആരെങ്കിലും മരിച്ചാൽ കരയാൻ ആയില്ലെങ്കിൽ അതിന് ആളുകളെ ഏർപ്പാടാക്കുന്ന ചില ഇവന്റ് മാനേജ്മെന്റ് കമ്പനികളെ നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ കരയുമ്പോൾ കൂട്ട് കരയാൻ ആളെ വേണമെങ്കിലോ? കരയുമ്പോൾ കൂടെ കരയാൻ നിഴൽ മാത്രമല്ല പറയുന്ന അത്രയും ആളുകളും വരുമെന്നതാണ് രസകരമായ വസ്തുത. സംഗതി ബിസിനസ്‌ ആശയം ആണെങ്കിലും ചിലർക്കെങ്കിലും ആശ്വാസമാണ് ഈ സംരംഭം. കരച്ചിൽ വരാത്ത മനുഷ്യരുണ്ടാവില്ല, സങ്കടം തോന്നാത്ത മനുഷ്യരും. സ്മാർട്ട്ഫോൺ ഒക്കെയുണ്ട്. ഒരു വിളിപ്പുറത്തുണ്ട് മറ്റ് മനുഷ്യരും. എങ്കിലും ചിലപ്പോൾ സങ്കടം വന്നാൽ, ഒന്ന് കരയണം എന്ന് തോന്നിയാൽ, ചിലപ്പോൾ ആരും ഉണ്ടായി എന്ന് വരില്ല. അവിടെയാണ് പുതിയ പരീക്ഷണവുമായി ജപ്പാനിൽ നിന്നൊരു ആശ്വാസ വാർത്ത വരുന്നത്.

ജപ്പാനിൽ കുറച്ച് പണം ചെലവഴിച്ചാൽ ആവോളം കരയാൻ ഒരു കൂട്ട് കിട്ടും. അതും മിടുക്കരായ യുവാക്കളാണ് കരച്ചിലിന് കൂട്ടിരിക്കാൻ എത്തുക. കരച്ചിൽ വന്നിരിക്കുകയാണ്, ആരെങ്കിലും അടുത്ത് വേണം, എന്നാൽ പ്രിയപ്പെട്ടവരാരും അടുത്തില്ല താനും എന്ന നിലയില്‍ നിങ്ങൾക്ക് പ്രൊഫഷണലായ ‘സുന്ദരന്മാരുടെ’ സേവനം നേടാം. എന്നാൽ, സംഗതി ‘ഫ്രീ’ അല്ല. 4500 രൂപയാണ് ഇവരുടെ ഫീസ്. അവരെ വിളിക്കുന്നതിന് മുമ്പ് അവരുടെ പ്രൊഫൈല്‍ ഓണ്‍ലൈനില്‍ പരിശോധിക്കുകയും ചെയ്യാം. ജപ്പാനിൽ നേരത്തെ തന്നെ ‘റൂയി-കാറ്റ്സു’ എന്ന കരച്ചിൽ തെറാപ്പി നിലവിലുണ്ട്. സംരംഭകനായ ഹിരോക്കി തെരായ് ആണ് ഇത് തുടങ്ങിയത്. ആദ്യമൊക്കെ കുറേപ്പേര്‍ ഒരുമിച്ച് കൂടി കരയുകയായിരുന്നു പതിവ്. അതിനായി കരച്ചില്‍ ക്ലബ്ബുകളും ഇവിടെ നിലവിലുണ്ട്. ഇപ്പോള്‍, മിടുക്കരായ പുരുഷന്മാർ സങ്കടമുള്ള സ്ത്രീകളെ കരയാൻ പ്രേരിപ്പിക്കുക, അല്ലെങ്കില്‍ കരഞ്ഞ് ഉള്ളിലെ ദുഖം തീര്‍ക്കാൻ സഹായിക്കുക എന്നതും ഇവിടെ നിലവിലുണ്ടത്രെ. കരയാൻ സഹായിക്കല്‍ മാത്രമല്ല, ആശ്വസിപ്പിക്കുകയും ചെയ്യും ഇവര്‍.

കരയുന്നത് മാനസികസമ്മർദ്ദം കുറക്കാൻ സഹായിക്കും എന്നതിനാലാണ് കരച്ചിൽ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇതിന് എന്തിനാണ് മിടുക്കരായ അല്ലെങ്കില്‍ ‘സുന്ദരന്മാരായ’ പുരുഷന്മാർ എന്നതിന് ഒരു സംശയം തോന്നാം. ഈ സംശയത്തിനും ഉത്തരമുണ്ട്. കരയാൻ പ്രേരിപ്പിക്കുന്നത് ‘സുന്ദരന്മാര്‍’ ആണെങ്കില്‍ വേഗം കരച്ചില്‍ വരുമെന്നതാണ് ഇതിന് പിന്നിലെ മനശാസ്ത്രം. നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന വേദനകളും, പോയകാലത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ഓര്‍മ്മകളും ഒക്കെ കൂടിയാണ് നമ്മെ എപ്പോഴും സങ്കടം ഉള്ളവരാക്കി തീര്‍ക്കുന്നത്. പലരും ഇതില്‍ നിന്നെല്ലാം ഒളിച്ചോടാൻ ശ്രമിക്കും. എന്നാൽ, അതിന് പകരം എന്താണോ നമ്മെ വേദനിപ്പിക്കുന്നത് അത് തന്നെ ഓർക്കുകയും, അതെക്കുറിച്ച് തുറന്ന് പറയുകയും, അതോർത്ത് ആവശ്യമുള്ളയത്ര കരയുകയും ചെയ്യണമെന്നാണ് ‘റൂയി കാറ്റ്സു’ പറയുന്നത്. അങ്ങനെ ചെയ്താൽ നമ്മുടെ മനസ്സ് ശാന്തമാവുകയും പിന്നീട് അതേ കാരണത്തെ കുറിച്ചോർത്ത് നാം കരയുന്നത് ഒഴിവാക്കാനാവുകയും ചെയ്യുമെന്നും പറയപ്പെടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.