ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം വലിയ ചൂടിലേക്കും വാശിയിലേക്കും കടന്നുകഴിഞ്ഞു. കേരളത്തിലെ എല്ലാ മണ്ഡലങ്ങളുമെടുത്താല്‍ ഇത്തവണത്തെ ഹൈക്ലാസ്സ് മത്സരം തീര്‍ച്ചയായും തൃശ്ശൂരിലേതാവുമെന്നുറപ്പാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നേ വിവാദങ്ങളില്‍പ്പെട്ട തൃശ്ശൂരിൽ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് പ്രധാനമായും സോഷ്യൽ മീഡിയയിൽ വൈറലായ വിഷയങ്ങളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് അതിൽ ഏറ്റവും പുതിയത്. കലാമണ്ഡലം ഗോപിയുടെ മകന്‍ രഘു തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് അറിയിച്ചത്.
ആ ഗോപിയല്ല ഈ ഗോപിയെന്നും ആളുകളോടുള്ള ബഹുമാനം മുതലാക്കരുതെന്നും രാഷ്ട്രീയമെന്ന് പറയുന്നത് മനസ്സില്‍ ആശയപരമായി നിലനില്‍ക്കുന്നതാണെന്നും അതില്‍ മായം കലര്‍ത്തിയുള്ള പത്മഭൂഷണ്‍ വേണ്ട എന്നുമായിരുന്നു രഘു പോസ്റ്റില്‍ കുറിച്ചത്. പിന്നാലെ കൂടുതല്‍ വിവാദങ്ങള്‍ക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് രഘു പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിന്റെ ഉള്ളടക്കം തൃശ്ശൂരിലും പുറത്തും ഇപ്പോള്‍ വലിയ ആശയ സംവാദത്തിലേക്ക് കടന്നിരിക്കുകയാണ്. കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിക്ക് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിപിഐയുടെ വിഎസ് സുനില്‍ കുമാറും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പുലിവാല് പിടിച്ചു. നടന്‍ ടോവിനോ തോമസിനൊപ്പം ഇവര്‍ തൃശ്ശൂരിന്റെ മിന്നും താരങ്ങള്‍ എന്ന പോസ്റ്ററിറക്കി പ്രചാരണം നടത്തിയ സുനില്‍ കുമാറിന് പ്രതികരണവുമായി നടന്‍ തന്നെ രംഗത്തെത്തി. തനിക്ക് ഒരു പാര്‍ട്ടിയോടും അനുഭാവം ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംബാസിഡര്‍ കൂടിയായ സാഹചര്യത്തില്‍ തന്റെ ചിത്രങ്ങള്‍ വെച്ചുള്ള പോസ്റ്റര്‍ പ്രചരിപ്പിക്കരുതെന്നും ടൊവിനോ ആവശ്യപ്പെട്ടിട്ടുണ്ട്. ടൊവിനോ തിരഞ്ഞെടുപ്പ് അംബാസിഡാറാണെന്ന് മുമ്പ് അറിയില്ലായിരുന്നുവന്നു പറഞ്ഞ സുനില്‍ കുമാര്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസ്സിനെ തൃശ്ശൂരില്‍ വെട്ടിലാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി കൂടിയായിരുന്നു പത്മജ. തുടര്‍ന്ന് സഹോദരിയെ തള്ളി പറഞ്ഞു കെ മുരളീധരന്‍ തന്നെ രംഗത്തിറങ്ങി. നേരത്തെ കോണ്‍ഗ്രസ്സ് നിശ്ചയിച്ചിരുന്ന സിറ്റിങ്ങ് MP ടി എന്‍ പ്രതാപന് പകരം സുരേഷ് ഗോപിയെ നേരിടാന്‍ വടകരയില്‍ നിന്ന് മുരളീധരന്‍ തൃശ്ശൂരിലെത്തി. പത്മജ ബിജെപിക്ക് വേണ്ടി സ്വന്തം സഹോദരനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന അഭ്യൂഹങ്ങളുണ്ടായി. അതോടെ മത്സരം കൂടുതല്‍ കടുത്തു. തൃശ്ശൂര്‍ മണ്ഡലം മൂന്ന് പാര്‍ട്ടിയുടെയും എ ക്ലാസ് ലിസ്റ്റിലായി.

1952 മുതല്‍ 2019 വരെയുള്ള ലോകസഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തൃശൂര്‍ ജനത കൂടുതല്‍ കൂടെ നിന്നത് എൽഡിഎഫിനൊപ്പമാണ്. 1952ൽ കോൺഗ്രസിനൊപ്പം നിന്ന തൃശ്ശൂർ 1957 മുതൽ 1984 ല്‍ കോണ്‍ഗ്രസിന്റെ പി ആന്റണി വിജയിക്കുന്നത് വരെ സിപിഐയുടെ പക്ഷം ചേർന്ന് ചുവന്നു തന്നെയിരുന്നു. അതിനിടയില്‍ സിപിഎമ്മും സിപിഐയും പരസ്പരം ഏറ്റുമുട്ടിയപ്പോഴും സിപിഐ തന്നെ വിജയിച്ചു. 1989ലും 1991ലും കോണ്‍ഗ്രസ്സ് വിജയിച്ചു. 1996ലും 1998ലും രാഘവനിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 1999ൽ എ സി ജോസിലൂടെ കോണ്‍ഗ്രസ്സ് മണ്ഡലം തിരിച്ചു പിടിച്ചു. 2004ൽ മുതിര്‍ന്ന നേതാവായ സി കെ ചന്ദ്രപ്പനെ ഇറക്കി സിപിഐ തൃശ്ശൂർ വീണ്ടെടുത്തു. എന്നാല്‍ 2009ല്‍ പി സി ചാക്കോയിലൂടെ വീണ്ടും കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 2009ല്‍ പി സി ചാക്കോയോട് തോറ്റ സി എന്‍ ജയദേവന്‍ 2014ല്‍ പകരം വീട്ടി. തൃശ്ശൂർ വീണ്ടും സിപിഐക്ക് സ്വന്തമായി. എന്നാൽ 2019ൽ ടി എൻ പ്രതാപനെ ഇറക്കി വീണ്ടും കോൺഗ്രസ് തൃശ്ശൂരിനെ വീണ്ടെടുത്തു. പി എ ആൻ്റണിക്ക് ശേഷം തുടർച്ചയായി ഇവിടെ നിന്നും വിജയിക്കാനുള്ള ടി എൻ പ്രതാപൻ്റെ അവസരം പത്മജയുടെ ബിജെപി പ്രവേശനത്തോടെ ഇല്ലാതായി. കോൺഗ്രസിനെയും സിപിഐയെയും ഇടവിട്ട് വിജയിപ്പിക്കുന്ന 1999 മുതലുള്ള തൃശ്ശൂരിൻ്റെ ചരിത്രം കെ മുരളീധരൻ തിരുത്തുമോ, വി എസ് സുനിൽ കുമാർ ആ ചരിത്രം ആവർത്തിക്കുമോ സുരേഷ് ഗോപി തൃശ്ശൂര്‍ എടുക്കുമോ എന്നതാണ് 2024നെ ശ്രദ്ധേയമാക്കുന്നത്.



