ബിജെപി- സംഘപരിവാർ രാഷ്ട്രീയത്തെ ആശയപരമായ വിമർശനങ്ങളാൽ നേരിടുന്ന നടൻ ആണ് പ്രകാശ് രാജ്. ഈ അടുത്ത കാലത്ത് അത്രയും പ്രകാശ് രാജ് പങ്കെടുത്ത പരിപാടികളിൽ ഒക്കെയും അദ്ദേഹം ഈ നിലപാടുകൾ ആവർത്തിച്ചിട്ടുമുണ്ട്. ആയതിനാൽ തന്നെ ബി ജെ പി – സംഘപരിവാർ രാഷ്ട്രീയ പ്രവർത്തകർക്ക് അദ്ദേഹത്തോട് ഒരു എതിർപ്പ് സ്വാഭാവികമായും ഉണ്ടാകും.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ട്വിറ്റെർ(X) ൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘The Skin Doctor’ എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്നും ‘ഇന്ന് 3 മണിക്ക് പ്രശസ്ത നടൻ പ്രകാശ് രാജ് ബിജെപിയിൽ അംഗത്വം എടുക്കുന്നു’ എന്നതായിരുന്നു ആ ട്വീറ്റ്. പ്രസ്തുത പോസ്റ്റിന് മണിക്കൂറുകൾ മൗനം പാലിച്ച പ്രകാശ് രാജ് കൃത്യം 2:56 ന് മറുപടി ട്വീറ്റുമായി രംഗത്തെത്തി. പരിഹാസ രൂപേണ ആയിരുന്നു നടൻ പ്രകാശ് രാജിന്റെ മറുപടി.
‘സ്വാഭാവികമായും അവർ അതിന് വേണ്ടി ശ്രമിച്ചു എന്ന് ഞാൻ ഊഹിക്കുന്നു. പക്ഷെ പ്രത്യയശാസ്ത്രപരമായി എന്നെ വാങ്ങാൻ മാത്രം അവർ സമ്പന്നർ അല്ല. നിങ്ങൾക്ക് എന്ത് തോന്നുന്നു സുഹൃത്തുക്കളെ? വെറുതെ ചോദിക്കുകയാണ്’ എന്നതായിരുന്നു പ്രകാശ് രാജിന്റെ മറുപടി.
കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പ്രകാശ് രാജിന്റെ പ്രസംഗങ്ങൾ, പ്രത്യേകിച്ചും കേരളത്തിലെ വിവിധ പരിപാടികൾ അതിഥി ആയി വന്ന് നടത്തിയ പ്രസംഗങ്ങൾ വലിയ ആഘോഷത്തോടെ ആയിരുന്നു ജനങ്ങൾ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയ്ക്ക് ആഘോഷം ആക്കാൻ മറ്റൊരു കാര്യം കൂടി ഇട്ട് കൊടുത്തിരിക്കുകയാണ് എന്തായാലും പ്രകാശ് രാജ്. വളരെ പക്വതയോടെ, പരിഹാസത്തോടെ മറുപടി നൽകിയ പ്രകാശ് രാജിന്റെ ട്വീറ്റ് എന്തായാലും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.



