എൻ.എസ്.എസിനോട് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കി സി.പി.എം. കത്ത്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷവിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്തവിധത്തിൽ ഇടപെടണമെന്നാണ് നിർദേശം.
തിരഞ്ഞെടുപ്പ് അവലോകനത്തിന് പാർട്ടിയുടെ ഓരോ ഘടകങ്ങളും സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ച് സംസ്ഥാനകമ്മിറ്റി നൽകിയ കത്തിലാണ് വിശദീകരണം.സമുദായസംഘടനകൾ പൊതുവേ ഇടതുപക്ഷ അനുകൂല സമീപനം സ്വീകരിച്ചത് തിരഞ്ഞെടുപ്പിൽ ഗുണമായി.
ക്രിസ്ത്യൻ, മുസ്‌ലിം ഏകീകരണം യു.ഡി.എഫിന് അനുകൂലമായി ഉണ്ടായില്ല. എന്നാൽ, സർക്കാരുമായി നിസ്സഹകരണ മനോഭാവമാണ് എൻ.എസ്.എസ്. സ്വീകരിച്ചത്. അത് വഷളാകാതിരിക്കാനുള്ള കരുതൽ സി.പി.എം. സ്വീകരിച്ചിരുന്നു. പ്രകോപനപരമായ ഘട്ടത്തിലും വിമർശനങ്ങൾക്ക് മറുപടിപറയുമ്പോഴും പാർട്ടിനേതാക്കൾ സംയമനം പാലിച്ചു.
അതുകൊണ്ടുതന്നെ, നായർ സമുദായത്തിലെ പുരോഗമനവാദികൾ ഇടതുപക്ഷത്തിനൊപ്പംനിന്നുവെന്നും സി.പി.എം. വിലയിരുത്തുന്നു.മറ്റു സാമൂഹികവിഭാഗങ്ങളെ ഇടതുപക്ഷത്തോട് ചേർത്തുനിർത്താൻ സർക്കാരിന്റെ പ്രവർത്തനം സഹായിച്ചു. മുസ്‌ലിം സമുദായത്തെ ഏകീകരിച്ച് യു.ഡി.എഫിനൊപ്പം നിർത്താൻ ശ്രമം നടന്നു.
ജമാഅത്തെ ഇസ്‌ലാമി ഇതിനുവേണ്ടിയാണ് പരിശ്രമിച്ചത്. എന്നാൽ, സുന്നി കാന്തപുരം വിഭാഗം ഈ നീക്കം പൊളിച്ചു. അവർ ഇടതുപക്ഷത്തിനൊപ്പം മുസ്‌ലിം വിഭാഗത്തെ നിർത്താനുള്ള നിലപാടാണ് സ്വീകരിച്ചത്. മറ്റ് മുസ്‌ലിം വിഭാഗങ്ങൾ പ്രത്യക്ഷ നിലപാട് സ്വീകരിച്ചില്ല.
മുസ്‌ലിം വിഭാഗത്തിലെ ചിലരെ സ്വതന്ത്രസ്ഥാനാർഥികളാക്കിയത് രാഷ്ട്രീയപരമായ നേട്ടമാണ്. ഇവരിലൂടെ മറ്റുള്ളവരെയും പാർട്ടിയിലേക്ക് കൊണ്ടുവരാനാകണം. ഇത്തരം പരീക്ഷണത്തെ ഉൾക്കൊള്ളാൻ പ്രാദേശികമായി പാർട്ടി അംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ചില പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. അതിന്റെ രാഷ്ട്രീയസാധ്യതകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം.
2016-ൽ ഇടതുപക്ഷത്തിന് എതിരായ നിലപാടാണ് എസ്.എൻ.ഡി.പി. സ്വീകരിച്ചത്. അണികളെ ബി.ജെ.പി.യിൽ എത്തിക്കുന്നതിനുള്ള കൂട്ടുകെട്ടും എസ്.എൻ.ഡി.പി.ക്കുണ്ടായിരുന്നു. എന്നാൽ, ആ നിലപാട് എസ്.എൻ.ഡി.പി. തിരുത്തി. അംഗങ്ങളെ ബി.ജെ.പി.യുമായി ചേർത്തുനിർത്തിയ ബി.ഡി.ജെ.എസ്. ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൊരുവിഭാഗത്തെ ആകർഷിക്കാനുള്ള ബി.ജെ.പി. ശ്രമം തടയണം. സി.പി.എമ്മിലേക്ക് അടുപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും നിർദേശിക്കുന്നു.



