69-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത് പ്രഖ്യാപിച്ചു. ഹൈദരബാദ് ജെആര്‍സി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ 15-ാം ഫിലിം ഫെയര്‍ പുരസ്കാരമാണിത്. ‘രേഖ’യിലെ അഭിനയത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തെ ബാധിത മഹാപ്രളയത്തിന്‍റെ കഥപറഞ്ഞ ‘2018’ മികച്ച സിനിമയായും ജൂഡ് ആന്തണി ജോസഫ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം ജോജു ജോര്‍ജും (ഇരട്ട) മികച്ച നടിക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജ്യോതികയും (കാതല്‍ ദി കോര്‍) ഏറ്റുവാങ്ങി. മികച്ച സിനിമക്കുള്ള ക്രിട്ടിക്സ് പുരസ്കാരം ജിയോ ബേബി ഒരുക്കിയ ‘കാതല്‍ – ദി കോര്‍’ സ്വന്തമാക്കി.
മികച്ച സഹനടന്‍ – ജഗദീഷ് (പുരുഷപ്രേതം), മികച്ച സഹനടി- പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം) അനശ്വര രാജന്‍ (നേര്), മികച്ച സംഗീത ആല്‍ബം – സാം സിഎസ് (ആര്‍ഡിഎക്സ്), മികച്ച ഗാനരചന – അന്‍വര്‍ അലി ( എന്നും എന്‍ കാവല്‍ – കാതല്‍ ദി കോര്‍ ), മികച്ച പിന്നണി ഗായകന്‍ – കപില്‍ കപിലന്‍ (നീല നിലവെ – ആര്‍ഡിഎക്സ്), മികച്ച പിന്നണി ഗായിക – കെ.എസ് ചിത്ര (മുറ്റത്തെ മുല്ല – ജവാനും മുല്ലപ്പൂവും) എന്നിങ്ങനെ ആണ് മറ്റു അവാർഡുകൾ.
പുരസ്ക്കാരം സ്വീകരിച്ച ശേഷം 69-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ വെച്ച് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി. മികച്ച നടനുള്ള തന്റെ 15-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു താരം. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണെന്നാണ് മമ്മൂട്ടി വേദിയില്‍ പറഞ്ഞത്.
“ഇത് എന്റെ 15ാമത് ഫിലിം ഫെയര്‍ അവാര്‍ഡാണ്. ഇത് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വല്‍ ചിത്രമാണ്. തമിഴിലും മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്. മാത്രമല്ല ഈ ചിത്രം ഞാന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എന്റെ സംവിധായകനോടും നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ എന്റെ കൂടെ അഭിനയിച്ചവര്‍ക്കും നന്ദി പറയുന്നു. ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയില്‍ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിക്കുന്നു.
അവിടെ ഉള്ളവര്‍ക്കു വേണ്ടി നിങ്ങള്‍ എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ കഴിയുന്ന പോലെ അവരെ സപ്പോര്‍ട്ട് ചെയ്യുക. നന്ദി.” എന്ന് മമ്മൂട്ടി വേദിയിൽ വെച്ച് സംസാരിച്ചു.























