...
Home Entertainments ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യര്‍ക്കെതിരെ നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

നോട്ടീസിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യം ഒരുക്കിയിരുന്നുവെന്നും ഫുട്ടേജിൻ്റെ നിർമാതാക്കൾ വ്യക്തമാക്കി

226

ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഫുട്ടേജ് സിനിമയില്‍ അഭിനയിച്ച നടിയായ ശീതള്‍ തമ്പിയാണ് സിനിമയുടെ നിര്‍മാതാവായ മഞ്ജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചുകോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ അപകടകരമായ രംഗങ്ങളില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടെ ശീതളിൻ്റെ കാലിന് പരുക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതി.

തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടും ചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. എന്നാൽ നോട്ടീസിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യം ഒരുക്കിയിരുന്നുവെന്നും ഫുട്ടേജിൻ്റെ നിർമാതാക്കൾ വ്യക്തമാക്കി.

സൈജു ശ്രീധരൻ ഒരുക്കിയ ഫുട്ടേജിൻ്റെ റിലീസ് ദിനത്തിലാണ് ചിത്രത്തിലെ നടിയും നിർമാതാവുമായ മഞ്ജു വാരിയർക്ക് മറ്റൊരു നടിയായ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്. 2023 -ലായിരുന്നു ഫുട്ടേജിൻ്റെ ചിത്രീകരണം. അന്ന് ചിമ്മിനി വന മേഖലയിൽ ഒരു രംഗം ആവർത്തിച്ച് ചിത്രീകരിച്ചപ്പോൾ തനിക്ക് ഗുരുതരമായി പരിക്കേറ്റു. ലൊക്കേഷനിൽ ഉണ്ടായിരുന്നവർ ചുമന്നാണ് തന്നെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ഒരു ആംബുലൻസോ പ്രഥമ ചികിത്സക്കുള്ള സൗകര്യമോ പോലും ലൊക്കേഷനിൽ ഒരുക്കിയിരുന്നില്ല. തനിക്ക് നേരിട്ട ഗുരുതര പരിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും ഇതുകാരണം സിനിമകളിൽ അഭിനയിക്കാനോ കുറച്ച് സമയം നിൽക്കാനോ പോലും സാധിക്കുന്നില്ലെന്നും ശീതൾ തമ്പി ആരോപിക്കുന്നു.

സാധാരണ ​ഗതിയിൽ സ്റ്റണ്ട് ചിത്രീകരിക്കുമ്പോൾ ഡ്യൂപിനെയാണ് ഉപയോ​ഗിക്കുക. എന്നാൽ അവരും മനുഷ്യരല്ലേ. ശീതളിന് വീണ്ടും സ്റ്റണ്ട് ചെയ്‌തതിനാൽ പരിക്കേൽക്കുക ആയിരുന്നുവെന്ന് ശീതൾ തമ്പിയുടെ അഡ്വക്കറ്റ് രഞ്ജിത്ത് മാരാർ പ്രതികരിച്ചു. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും ഫൂട്ടേജിൻ്റെ പ്രമോഷൻ വർക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും അഡ്വക്കേറ്റ് പറയുന്നു. ഉചിതമായ നഷ്‌ടപരിഹാരം തരാമെന്ന് പറഞ്ഞ് നൽകിയില്ലെന്നും അഡ്വക്കേറ്റ് കൂട്ടിച്ചേർത്തു.

ചികിത്സക്ക് എട്ട് ലക്ഷത്തിലേറെ രൂപ ചെലവായി. പല തവണ ആവശ്യപ്പെട്ടിട്ടും തനിക്ക് ആകെ ലഭിച്ചത് ഒന്നേ മുക്കാൽ ലക്ഷം രൂപ മാത്രമാണ്. തൻ്റെ കരിയറിനെ തന്നെ ബാധിക്കുന്ന സംഭവത്തിൽ അഞ്ചുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിനിമ ഇറങ്ങുന്ന ദിനം തന്നെ പുറത്തുവന്ന വക്കീൽ നോട്ടീസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഫുട്ടേജിൻ്റെ നിർമാതാക്കൾ ആരോപിച്ചു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ശീതൾ ആരോഗ്യത്തോടെ പങ്കെടുത്തുവെന്ന് കാട്ടി ദൃശ്യങ്ങൾ നിർമാതാക്കൾ പുറത്തുവിട്ടു. നോട്ടീസിന് ഉചിതമായ മറുപടി നൽകാനാണ് ഫുട്ടേജ് നിർമാതാക്കളുടെ തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.